കൊല്ലം: ലഗേജിന് ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ട വനിതാ കണ്ടക്ടറുടെ കൈ യാത്രക്കാരൻ തിരിച്ചൊടിച്ചു.ആറ്റിങ്ങൽ ഡിപ്പോയിലെ കണ്ടക്ടർ കല്ലമ്പലം വിആർ കോട്ടേജിൽ വി.റോഷ്‌നിയാണു ബസിനുള്ളിൽ കയ്യേറ്റത്തിനിരയായത്. സംഭവത്തിൽ രാജസ്ഥാൻ സ്വദേശി പൊലീസ് പിടിയിലായി.രാജസ്ഥാൻ സ്വദേശിയും വസ്ത്രവ്യാപാരിയുമായ ഓംപ്രകാശിനെയാണ്
കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.വലതു കൈ ഒടിഞ്ഞ റോഷ്‌നിയെ ജില്ലാ ആശുപത്രിയിലും തുടർന്നു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കഴിഞ്ഞദിവസം ഉച്ചയോടെ ചിന്നക്കടയിലായിരുന്നു സംഭവം. തിരുവനന്തപുരത്തു നിന്നു കൊല്ലത്തേക്കു പോയ ഫാസ്റ്റ് പാസഞ്ചർ ബസിൽ ആറ്റിങ്ങലിൽ നിന്നു കയറിയ ഓംപ്രകാശ് മുന്നിലെ സീറ്റിലിരുന്നാണു യാത്ര ചെയ്തത്. ബസിന്റെ പിൻഭാഗത്ത് വലിയ പെട്ടി ഇരിക്കുന്നതു ശ്രദ്ധയിൽപെട്ട കണ്ടക്ടർ അത് ആരുടേതാണെന്ന് അന്വേഷിച്ചെങ്കിലും ആരും പ്രതികരിച്ചില്ല.

പിന്നീട് പെട്ടി ഓംപ്രകാശിന്റേതാണു ബോധ്യപ്പെട്ടതോടെ ടിക്കറ്റെടുക്കാൻ റോഷ്‌നി ആവശ്യപ്പെട്ടു. എന്നാൽ ലഗേജിനു ടിക്കറ്റ് എടുക്കില്ലെന്ന് ഓംപ്രകാശ് വാശി പിടിച്ചെന്നു റോഷ്‌നി പറയുന്നു. ബസ് കൊല്ലത്ത് എത്താറായപ്പോൾ റോഷ്‌നി സഹായം തേടി ഡിപ്പോയിലേക്കു വിളിച്ചു. ബസ് ചിന്നക്കടയിൽ എത്തിയപ്പോൾ ഓംപ്രകാശ് പെട്ടിയുമായി ഇറങ്ങാൻ ശ്രമിച്ചതു റോഷ്‌നി തടഞ്ഞു. ഈ സമയം ക്ഷുഭിതനായ ഓംപ്രകാശ് തന്റെ വലതു കൈ ശക്തമായി തിരിച്ചെന്നും വയറ്റിലും നെഞ്ചിലും ഇടിച്ചെന്നും റോഷ്‌നി പറഞ്ഞു. ഇടിയേറ്റു റോഷ്‌നി ബസിൽ വീണു.

ഇതോടെ യാത്രക്കാർ ഓംപ്രകാശിനെ തടഞ്ഞുവച്ച് കൊല്ലം ഡിപ്പോയിൽ എത്തിച്ചു. അവിടെയും ഇയാൾ അക്രമാസക്തനായി. കടന്നുകളയാൻ ശ്രമിച്ച ഇയാളെ സെക്യൂരിറ്റി ജീവനക്കാരും യാത്രക്കാരും ചേർന്നു പിടികൂടി ഈസ്റ്റ് പൊലീസിനു കൈമാറുകയായിരുന്നു.