പത്തനംതിട്ട: മലയോര കർഷകരുടെ പേടിസ്വപ്നമാണ് കാട്ടുപന്നികൾ. വിളകൾ നശിപ്പിക്കാനെത്തുന്ന കാട്ടുപന്നികളുടെ ആക്രമണം പലപ്പോഴും മനുഷ്യരും നേരിടേണ്ടി വരാറുണ്ട്. ഇപ്പോഴിതാ, കാട്ടുപന്നികളെ തുരത്താൻ നല്ലൊരു വാട്ടർ ​ഗൺ തയ്യാറാക്കിയിരിക്കുകയാണ് യുവ കർഷകൻ. ഐക്കാട് കരിവിലാക്കോട് ജിതിൻ ഭവനത്തിൽ ജയകുമാറിന്റെയും രമയുടെയും മകനായ ജിതിൻ (26) നിർമ്മിച്ച പിവിസി പൈപ്പുകൾ കൊണ്ട് ഉണ്ടാക്കിയ തോക്ക് ആണ് കർഷകർക്ക് പ്രയോജനകരം ആകുന്നത്. തോക്കിൽ നിന്ന് ശബ്ദം മാത്രമേ ഉണ്ടാവുകയുള്ളൂ. ഇതുമൂലം കാട്ടുപന്നികൾക്ക് ജീവഹാനിയും ഉണ്ടാകുന്നില്ല.

4, 2 ഇഞ്ച് വലുപ്പം ഉള്ള 2 പിവിസി പൈപ്പുകൾ, ഒരു ഗ്യാസ് ലൈറ്റർ, വെൽഡിങ് ഉപയോഗിക്കുന്ന കാർബൈഡ്, വെള്ളം തുടങ്ങിയവ ആണ് പൈപ്പ് തോക്കിന്റെ നിർമ്മാണത്തിന് വേണ്ടി വരുന്നത്. ഗ്യാസ് ലൈറ്റർ തെളിക്കുമ്പോൾ കാർബൈഡ് വെള്ളവുമായി പ്രവർത്തിച്ച് ഉണ്ടാകുന്ന വാതകം കത്തി വലിയ ശബ്ദം ഉണ്ടാകുന്നു. രാത്രി ഈ തോക്ക് പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വലിയ ശബ്ദം കേട്ട് കാട്ടുപന്നികൾ ഓടിപ്പോകുമെന്ന് ജിതിൻ പറഞ്ഞു. ഫയർ ആൻഡ് സേഫ്റ്റി കോഴ്സ് പാസായത് ആണ് ജിതിൻ. സ്വന്തം വീട്ടിലെയും മറ്റുള്ളവരുടെയും കാർഷിക വിളകൾ വൻതോതിൽ കാട്ടുപന്നികൾ നശിപ്പിക്കുന്നതിന് തടയിടാൻ ആണ് ജിതിൻ ഈ ഉപകരണം നിർമ്മിച്ചത്. പന്നി ശല്യം കാരണം ദുരിതം അനുഭവിക്കുന്ന കർഷകർക്ക് ജിതിൻ ഈ ഉപകരണം നിർമ്മിച്ച് നൽകുന്നുമുണ്ട്.

കാർഷിക മേഖലയിൽ കാട്ടുപന്നികളെ തുരത്താൻ കർഷകർ പല വിദ്യകളും നോക്കിയെങ്കിലും എല്ലാം പരാജയപ്പെടുകയായിരുന്നു. ജിതിൻ ഉണ്ടാക്കിയ പുതിയ പ്രതിരോധ വസ്തു പ്രയോജനകരം ആകുന്നതായി കർഷകർ പറഞ്ഞു. 1000 രൂപ മാത്രമാണ് ഇതിന് ചെലവ് വന്നത്.