കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സിപിഎം സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ എറണാകുളത്ത് പ്രതിഷേധം ശക്തം. പ്രാദേശികമായ പ്രതിഷേധമാണ് ശക്തമായിരിക്കുന്നത്. കുന്നത്തുനാട് മണ്ഡലത്തിലാണ് പരാതികൾ ഉയർന്നിട്ടുള്ളത്. കുന്നത്തുനാട് സീറ്റ് 30 കോടിക്ക് വിറ്റെന്ന് സേവ് സിപിഎം ഫോറത്തിന്റെ പേരിൽ പോസ്റ്ററുകൾ പതിച്ചു.

'കുന്നത്തുനാട് സീറ്റ് 30 കോടിക്ക് വിറ്റത് ആരാണ് ? സെക്രട്ടറിയോ സെക്രട്ടറിയേറ്റോ ? പ്രതിഷേധിക്കുക സഖാക്കളെ' എന്നാണ് പോസ്റ്റർ. സ്ഥാനാർത്ഥി നിർണയം പുനപരിധിക്കണം എന്നതടക്കമുള്ള ആവശ്യങ്ങളും പോസ്റ്ററിലൂടെ ഉന്നയിക്കപ്പെടുന്നു. മുൻ കോൺഗ്രസ് ഭാരവാഹി കൂടിയായ ശ്രീനിജൻ ഇവിടെ സ്ഥാനാർത്ഥിയായേക്കുമെന്ന് പ്രചാരണമുണ്ട്. നേരത്തെ സിപിഎമ്മിൽ പ്രവർത്തിച്ച് പരിചയമുള്ള ആളുകളിരിക്കെ, ശ്രീനിജനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ ഒരു വിഭാഗം പാർട്ടി പ്രവർത്തകരുടെ പ്രതിഷേധമാണ് പോസ്റ്ററിലൂടെ പുറത്ത് വരുന്നത്. ഈ സീറ്റ് പേമെന്റ് സീറ്റാണെന്നാണ് ഉയരുന്ന ആരോപണം.

എന്നാൽ സ്ഥാനാർത്ഥി ആരാകുമെന്ന് സിപിഎം ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും പോസ്റ്ററിനു പിന്നിൽ കോൺഗ്രസ് എംഎൽഎ ആണെന്നുമാണ് ഇക്കാര്യത്തിൽ സിപിഎം ഏരിയാ സെക്രട്ടറി സിവി ദേവദർശന്റെ പ്രതികരണം. കുന്നത്തുനാട് സീറ്റിൽ ജനകീയ കൂട്ടായ്മയായ കിഴക്കമ്പലം ട്വന്റി20 സ്ഥാനാർത്ഥിയെ നിർത്തുമെന്ന് ഉറപ്പായതോടെ ഈ മണ്ഡലത്തിൽ ഇക്കുറി ശക്തമായ ത്രികോണ മത്സരവമാകും ഉണ്ടാകുക എന്ന് ഉറപ്പായിട്ടുണ്ട്.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കുന്നത്തുനാട് മണ്ഡലത്തിലെ നാല് പഞ്ചായത്തുകളിൽ യുഡിഎഫിനെയും എൽഡിഎഫിനെയും എൻഡിഎയെയും കീഴടക്കി ട്വന്റി20 ഭരണം പിടിച്ചിരുന്നു. നാലു പഞ്ചായത്തുകളിലും കോൺഗ്രസിനു ലഭിച്ച വോട്ടിൽ കാര്യമായ കുറവുണ്ടായി. കുന്നത്തുനാട് താലൂക്കിൽ ഉൾപ്പെടുന്ന വെങ്ങോല ജില്ലാ പഞ്ചായത്ത് ഡിവിഷനിലും ട്വന്റി20 സ്ഥാനാർത്ഥിയാണു ജയിച്ചത്.

പട്ടികജാതി സംവരണ മണ്ഡലമാണു കുന്നത്തുനാട്. കോട്ടയം സ്വദേശിയായ സജീന്ദ്രൻ മുൻപു രണ്ടു തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ വൈക്കത്തു സ്ഥാനാർത്ഥിയായിട്ടുണ്ട്. എറണാകുളം ജില്ലയിൽ കുന്നത്തുനാട് ഉൾപ്പെടെ 5 സീറ്റുകളിൽ മത്സരിക്കാനാണു ട്വന്റി20യുടെ നീക്കം.