കോട്ടയം: തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെ തനിക്കെതിരെ രംഗത്തെത്തിയത് ഭീകരപ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനയാണെന്ന് ജനപക്ഷം നേതാവ് പിസി ജോർജ്. അവർ ഒരു പ്രദേശത്തെ മുഴുവൻ ആളുകളെയും മോശമായി ചിത്രീകരിക്കുതയാണെന്നും അദ്ദേഹം പറഞ്ഞു. 20 ശതമാനത്തിൽ താളെ മാത്രമുള്ള വിഭാഗമാണ് ഇവരെന്നും പി സി പറഞ്ഞതായി മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.

‘ഭീകര പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനതാണ് എന്നെ എതിർക്കുന്നത്. ഒരു പ്രദേശത്തെ മുഴുവൻ ജനത്തെയും മോശമായി ചിത്രീകരിക്കുന്നത് അവരുടെ പ്രവർത്തന ശൈലിയാണ്. 20 ശതമാനത്തിൽ താളെ മാത്രമുള്ള വിഭാഗമാണത്. അവർക്കെതിരെ പ്രതികരിക്കുന്നവരുടെ വായ അടപ്പിക്കുകയാണ് ലക്ഷ്യം', പിസി ജോർജ് പറയുന്നതിങ്ങനെ.

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ജനങ്ങൾ പറയുന്ന ഏക പരാതി താൻ തെറി പറയുന്നു എന്നതാണെന്ന് പിസി ജോർജ് നേരത്തെ ഫേസ്‌ബുക്കിൽ കുറിച്ചു. എന്നാൽ അശരണരുടെ തലയിൽ കയറാൻ വരുന്ന അധികാര വർഗത്തിന് നേരെ ഇനിയും അത്തരം പദപ്രയോഗങ്ങൾ വേണ്ടി വരുമെന്ന് പിസി ജോർജ് പറയുന്നു. ഇതുവരേയും ജനങ്ങൾ ആവശ്യപ്പെട്ടത് പ്രകാരം എല്ലാ കാര്യങ്ങളും താൻ ഒരു ദാസനെ പോലെ നിർവഹിച്ചിട്ടുണ്ടെന്നും പിസി ജോർജ് അവകാശപ്പെട്ടു.

കഴിഞ്ഞ ദിവസങ്ങളിൽ പിസി ജോർജ് പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു ജനക്കൂട്ടം കൂവിയത്. ഇതിന് പിന്നാലെ കൂക്കി വിളിച്ചവരുടെ വോട്ട് വേണ്ടെന്ന് പ്രഖ്യാപിച്ച് പിസിയും രംഗത്തെത്തിയിരുന്നു. ക്ഷുഭിതനായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.