കൊച്ചി: ബീനീഷ് കോടിയേരിയെ തനിക്ക് വ്യക്തിപരമായി അറിയാമെന്നും വേട്ടയാടേണ്ടതില്ലെന്നും ഈരാറ്റുപേട്ട മുൻ എംഎൽഎ പിസി ജോജ്ജ്. 'കുഴിയിൽ വീണ പന്നിക്ക് കല്ലും തടിയെന്ന പോലെയാണ്' ബീനിഷിനെ താറടിക്കുന്നതെന്നും പിസി ജോർജ്ജ് അഭിപ്രായപ്പെട്ടു. കണ്ണൂരുക്കാരുടെ രക്തത്തിന് ഇത്തിരി ചൂട് കൂടുതലാണെന്നും അതിന്റേതായ കുഴപ്പത്തിനപ്പുറം ബിനീഷിന് മറ്റു ദൂഷ്യങ്ങളൊന്നുമില്ലെന്നും പിസി പറഞ്ഞു. ബിനീഷ് കോടിയേരിയും ഷോൺ ജോർജ്ജും നീനു മോഹൻദാസും ചേർന്ന് എറണാകുളം ഹൈക്കോടതിയിൽ പ്രാക്ടീസ് തുടങ്ങിയ പശ്ചാത്തലത്തിലാണ് പിസിയുടെ ഗുഡ് സർട്ടിഫിക്കറ്റ്.

പിസി ജോർജിന്റെ വാക്കുകൾ:

'കോടിയേരിയുടെ മകൻ ബിനീഷ് കോടിയേരി എന്ന ചെറുക്കൻ നല്ല ചെറുക്കനാ. അവനെപറ്റി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്ക് അറിയാവുന്നത്ര ആർക്കും അറിയില്ല. കണ്ണൂരുക്കാരുടെ രക്തത്തിന് ഇത്തിരി ചൂട് കൂടുതലാ, അതിന്റേതായ കുഴപ്പത്തിനപ്പുറം കൂടുതലൊന്നുല്ല. പഠിക്കുന്ന കാലം മുതൽ അങ്ങനെയാ.

എകെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഇവരെ അറസ്റ്റ് ചെയ്യാൻ നിന്നത്. അന്ന് ഇവന്റെ അമ്മ കരഞ്ഞു. കോടിയേരി മിണ്ടാതിരുന്നു. മടുത്തപ്പോൾ ഞാൻ ഈരാറ്റുപേട്ട കൊണ്ടുപോയി മൂന്നുമാസം എന്റൊപ്പം താമസിപ്പിച്ചു. നല്ല പയ്യനാ. കഞ്ഞി വെക്കാൻ വരെ ഉഷക്ക് കൂട്ടായിരുന്നു. പാവം ചെറുക്കനാ.

അവൻ പണം ഉണ്ടാക്കാൻ പോയി. കുറ്റം പറയാൻ പറ്റുമോ. ഒരു വർഷം കർണ്ണാടകയിൽ ജയിലിൽ കിടന്നിട്ട് എന്തെങ്കിലും തെളിയിക്കാൻ കഴിഞ്ഞോ. ഷോൺ രണ്ട് വർഷമായി പാലാ കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നുണ്ട്. ഞാൻ ഉദ്ഘാടനം ചെയ്ത് അരമണിക്കൂർ കൊണ്ടുതന്നെ നാല് കേസ് കിട്ടിയിട്ടുണ്ട്. പിള്ളേരുടെ തൊഴിൽ നടക്കും. പിള്ളേരൊക്കെ നന്നായി വരട്ടെ.

അവരെല്ലാം ഒരുമിച്ച് പഠിച്ചവരാ. എംഎൽഎ ക്വാർട്ടേഴ്സിൽ മൂന്നുപേരും വരാറുണ്ട്. വ്യത്യസ്ത രാഷ്ട്രീയക്കാരായാൽ എന്താ. കോടിയേരി വരാതിരുന്നത് സമ്മേളന കാലമായതിനാലാണ്. നല്ല ചെറുപ്പക്കാരനെ കുറിച്ച് നെഗറ്റീവ് ഇമേജ് ഉണ്ടാക്കരുത്. അതുകൊണ്ട് തന്നെയാണ് ഓഫീസ് ഉദ്ഘാടനം ചെയ്തത്.'