കൊച്ചി: സ്വർണ കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനെയും എം ശിവശങ്കറിനെയും മാപ്പുസാക്ഷിയാക്കാനുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തിന് പിന്നിൽ രാഷ്ട്രീയ താൽപര്യമെന്ന് തുറന്നടിച്ച് പിസി ജോർജ്ജ് എംഎൽഎ. റിപ്പോർട്ടർ ടിവിയുടെ എഡിറ്റേഴ്‌സ് അവർ പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം കേന്ദ്ര ഏജൻസിക്കെതിരെ ആഞ്ഞടിച്ചത്. ഇഡിക്ക് യഥാർത്ഥ പ്രതികളെയല്ല ആവശ്യമെന്നും വേറെ ലക്ഷ്യം അവർക്കുണ്ട് എന്നത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

‘സ്വപ്‌ന സുരേഷ് അഞ്ചാറ് മാസമായി ഇഡിയുടെ കസ്റ്റഡിയിലാണ്. അവിടെ മടുത്തപ്പോൾ അവർ സത്യം തുറന്നുപറഞ്ഞതാണോ അതോ ആരെങ്കിലും പറയിപ്പിച്ചതാണോ എന്ന കാര്യങ്ങളാണ് അറിയേണ്ടത്. സ്വർണക്കടത്തിന് ഇത്രത്തോളം കൂട്ടുനിന്ന പ്രതിയാണ് സ്വപ്‌ന സുരേഷ്. കള്ളക്കടത്തിനും തീവ്രവാദത്തിനും ബന്ധമുള്ളയാളാണ് ശിവശങ്കർ. ഇവരെ രണ്ടുപേരെയും മാപ്പുസാക്ഷിയാക്കാൻ ഇഡി ശ്രമിക്കുന്നു എന്ന വിവരം പുറത്തുവന്നപ്പോൾ മുതൽ എനിക്ക് സംശയമുണ്ട്. അതിന്റെ ആവശ്യമെന്താണ്? പ്രധാന കുറ്റവാളികൾ അവരാണ്. അവരെ മാപ്പുസാക്ഷിയാക്കാൻ ശ്രമിക്കുകയാണ് എന്ന് പറഞ്ഞാൽ അതിന്റെ അർത്ഥം രാഷ്ട്രീയ നേതൃത്വത്തെ അപമാനിക്കുക എന്നാണ്. ഇഡിയുടെ അന്വേഷണം നിഷ്പക്ഷമാണെങ്കിൽ ഇതിന് പ്രതിയാരാണ്, പിന്നിൽ രാഷ്ട്രീയക്കാരുണ്ടോ, മുഖ്യമന്ത്രിയോ സ്പീക്കറോ പിസി ജോർജ്ജോ ആരെ വേണമെങ്കിലും പ്രതിയാക്കാം. അതിലൊന്നും പ്രശ്‌നമല്ല. ഇവിടെ അതല്ല. പ്രധാന പ്രതികളെ മാപ്പുസാക്ഷിയാക്കുക എന്ന് പറഞ്ഞാൽ ഇഡിയുടെ ഉദ്ദേശം വേറെയാണ്', പിസി ജോർജ്ജ് പറഞ്ഞു.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇത് പിണറായി വിജയന്റെ വീട്ടിലെത്തിക്കണം എന്ന ഉദ്ദേശമാണ് ഇഡിക്ക് എന്നാണ് ഞാൻ സംശയിക്കുന്നത്. കാരണം, കുറ്റക്കാരായ ശിവശങ്കരനെയും സ്വപ്‌ന സുരേഷ് എന്ന സ്ത്രീയെയും മാപ്പുസാക്ഷിയാക്കാൻ ശ്രമിക്കുന്നു എന്നതിന്റെ അർത്ഥം വേറെ എന്താണ്? യഥാർത്ഥ പ്രതികളെയല്ല അവർക്ക് വേണ്ടത്. വേറെ എന്തോ ലക്ഷ്യം അവർക്കുണ്ട് എന്നാണ് മനസിലാക്കേണ്ടത്. അരിയാഹാരം കഴിച്ചിട്ടാണ് ചിന്തിക്കുന്നത്. യാതൊരു സംശയവും വേണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ ഓഫീസ് തെറ്റുചെയ്‌തെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. എന്നാൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടോ എന്ന് എനിക്കറിയില്ല. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി എന്നയാൾ മുഖ്യമന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനാണ്. അങ്ങേര് ഇഡിയുടെ മുന്നിൽ ചോദ്യം ചെയ്യാൻ ഹാരജാരാകാതിരിക്കാൻ പാടില്ല. ഇല്ലെങ്കിൽ ജനങ്ങളുടെ സംശയം ഇരട്ടിക്കുമെന്നും പിസി ജോർജ്ജ് കൂട്ടിച്ചേർത്തു.

അതിനിടെ, ഉന്നതരുടെ പേരുകൾ പറയരുതെന്ന് ആവശ്യപ്പെട്ട് ചിലർ തന്നോട് ജയിലിലെത്തി ആവശ്യപ്പെട്ടിരുന്നതായി വ്യക്തമാക്കി സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ്. അഭിഭാഷകൻ വഴി കോടതിക്ക് നൽകിയ കത്തിലാണ് സ്വപ്ന ഇക്കാര്യം വ്യക്തമാക്കിയത്. തന്റേയും കുടുംബാംഗങ്ങളുടേയും ജീവനു ഭീഷണിയുണ്ടെന്നും തനിക്ക് കൂടുതൽ സുരക്ഷ നൽകണമെന്നും സ്വപ്ന ആവശ്യപ്പെട്ടു. തന്റെ രഹസ്യമൊഴി മാധ്യമങ്ങൾ വഴിപുറത്തുവന്നിട്ടുണ്ടെന്നും ഇത്തരമൊരു സാഹചര്യത്തിൽ ജയിലിൽ തന്റെ ജീവന് ഭീഷണി ഉണ്ടെന്നുമാണ് കത്തിൽ വ്യക്തമാക്കുന്നു. ജയിലിൽ തന്നെ കാണാനെത്തിയവർ പൊലീസുകാരാണെന്ന് കരുതുന്നതായും സ്വപ്ന പറയുന്നു. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തോട് സഹകരിക്കരുതെന്നും ഇവർ ആവശ്യപ്പെട്ടതായും അറിയിച്ചു.

അതേസമയം സ്വപ്നയുടെ മൊഴി ചോർന്ന സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടിക്ക് കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. കസ്റ്റംസ് കമ്മിഷണർ നടപടി സ്വീകരിക്കണമെന്ന് സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന എറണാകുളം എസിജെഎം കോടതിയുടേതാണ് ഉത്തരവ്. സ്വർണ്ണക്കടത്ത് കേസിന്റെ അന്വേഷണ റിപ്പോർട്ട് മൂന്ന് മാസം കൂടുമ്പോൾ സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചു.

കേസിൽ തങ്ങൾക്ക് രഹസ്യവിവരങ്ങൾ പങ്കുവയ്‌ക്കാനുണ്ടെന്ന് അറസ്റ്റിലായ സ്വപ്‌ന സുരേഷും സരിത്തും കഴിഞ്ഞദിവസം കോടതിയെ അറിയിച്ചിരുന്നു. കോടതിയോട് സ്വകാര്യമായി സംസാരിക്കാനുണ്ടെന്ന് അറിയിക്കുകയായിരുന്നു. വീഡിയോ കോൺഫറൻസിങ് വഴി ഹാജരാക്കുമ്പോൾ ചുറ്റിലും പൊലീസുകാരായതിനാൽ ഒന്നും സംസാരിക്കാനാകുന്നില്ലെന്ന് സ്വപ്‌നയും സരിത്തും കോടതിയിൽ പറഞ്ഞു. കോടതിയോട് സ്വകാര്യമായി സംസാരിക്കാൻ അവസരം ഉണ്ടാക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. ഇരുവരുടെയും ആവശ്യം കോടതി അംഗീകരിച്ചിരുന്നു.