അബുദാബി: അബുദാബിയിലേക്ക് എത്തുന്ന എല്ലാവർക്കും കോവിഡ് പരിശോധന നിർബന്ധമാക്കി. എമിറേറ്റിൽ പ്രവേശിക്കുന്ന എല്ലാവരും ആറാമത്തെ ദിവസം കോവിഡ് പി.സി.ആർ പരിശോധന നിർബന്ധമായി നടത്തണമെന്ന് എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‍സ് കമ്മിറ്റി അറിയിച്ചു. അബുദാബിയിലേക്ക് മടങ്ങിവരുന്ന പ്രവാസികൾ ഉൾപ്പെടെ എല്ലാ സ്ഥിരതാമസക്കാർക്കും ഇത് ബാധകമാണ്. ഇതിൽ വീഴ്‍ച വരുത്തുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുകയും പിഴ ഈടാക്കുകയും ചെയ്യും.

നിലവിൽ അബുദാബിയിൽ പ്രവേശിക്കാൻ 48 മണിക്കൂറിനിടെയുള്ള ലേസർ ഡി.പി.ഐ ടെസ്റ്റോ അല്ലെങ്കിൽ പി.സി.ആർ ടെസ്റ്റോ നിർബന്ധമാണ്. ഇതിലെ നെഗറ്റീവ് റിസൾട്ട് അതിർത്തിയിൽ ഹാജരാക്കി എമിറേറ്റിലേക്ക് പ്രവേശിക്കുന്നവർ, തുടർച്ചയായി ആറ് ദിവസം അവിടെ തങ്ങുകയാണെങ്കിൽ ആറാം ദിവസം പി.സി.ആർ പരിശോധനയ്ക്ക് വിധേയമാകണം. യുഎഇയുടെ കോവിഡ് വാക്സിൻ പരീക്ഷണങ്ങളിൽ പങ്കാളിയായി വാക്സിൻ സ്വീകരിച്ചവർക്ക് ഇളവുണ്ട്. ഇവർക്ക് ബുദ്ധിമുട്ടൊന്നുമില്ലാതെ എമിറേറ്റിലേക്ക് പ്രവേശിക്കാൻ അതിർത്തിയിൽ എമർജൻസി വാഹനങ്ങൾക്കുള്ള പ്രത്യേക ലേൻ ഉപയോഗിക്കുകയും ചെയ്യാം.

അതിനിടെ, യുഎഇയിൽ ഇന്ന് 1,007 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതാദ്യമായാണ് രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഇത്രയും ഉയരുന്നത്. 78,849 പേർക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ കോവിഡ് മരണസംഖ്യ 399 ആയി. 521 പേർക്ക് കൂടി പുതുതായി രോഗം ഭേദമായി. 68,983 ആണ് രാജ്യത്തെ ആകെ രോഗമുക്തരായവരുടെ എണ്ണം. നിലവിൽ 9,467 പേരാണ് ചികിത്സയിലുള്ളത്. 95,287 പുതിയ കോവിഡ് പരിശോധനകൾ കൂടി നടത്തിയിട്ടുണ്ട്.