ന്യൂഡൽഹി: ഫോൺ ചോർത്തൽ വിവാദത്തിൽ പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധം ഉയരുമ്പോഴും പെഗസ്സസ് സോഫ്റ്റ്‌വെയർ ഇന്ത്യൻ സർക്കാരിനു നൽകിയോയെന്ന ചോദ്യത്തിനു മറുപടി നൽകാതെ ഒളിച്ചുകളിച്ച് ഇസ്രയേൽ കമ്പനി എൻഎസ്ഒ. ഏതൊക്കെ രാജ്യങ്ങൾ പെഗസ്സസ് ഉപയോഗിക്കുന്നുവെന്നു പറയാനാകില്ലെന്നു വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ എൻഎസ്ഒയുടെ ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

അതേ സമയം കഴിഞ്ഞദിവസം മാധ്യമങ്ങൾ പുറത്തുവിട്ട രാജ്യങ്ങളുടെ പട്ടിക തെറ്റാണെന്നും എൻഎസ്ഒ അവകാശപ്പെട്ടു. എന്നാൽ ഏത് രാജ്യത്തിന്റെ പേരാണ് തെറ്റായി നൽകിയതെന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കിയില്ല.

ഇന്ത്യൻ സർക്കാരുമായി ഏതെങ്കിലും തരത്തിലുള്ള കരാറിൽ ഏർപ്പെട്ടിട്ടുണ്ടോ, പെഗസ്സസ് ചാര സോഫ്റ്റ്‌വെയർ ഇന്ത്യൻ സർക്കാർ വാങ്ങിയിട്ടുണ്ടോ എന്നീ ചോദ്യങ്ങൾക്ക് മറുപടി പറയാൻ എൻഎസ്ഒ തയാറായില്ല. പെഗസ്സസ് ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പേരുകൾ രഹസ്യമാണ്. അതിനാൽ ഏതെങ്കിലും രാജ്യം ഉപയോഗിക്കുന്നുണ്ടോ ഇല്ലയോ എന്ന് പറയാനാകില്ലെന്നായിരുന്നു പ്രതികരണം.

പെഗസ്സസുമായി ബന്ധമുണ്ടോയെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കണമെന്ന് ബിജെപി എംപി സുബ്രഹ്‌മണ്യൻ സ്വാമി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ വിശദീകരണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേ സമയം കേന്ദ്ര സർക്കാരിനെയും ബിജെപി നേതൃത്വത്തെയും കടന്നാക്രമിച്ച് കോൺഗ്രസ് രംഗത്തെത്തി. വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പുറത്താക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചോദ്യം ചെയ്യണണമെന്നും കോൺഗ്രസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

കേന്ദ്ര സർക്കാരിന് ഇപ്പോൾ കിടപ്പറ സംഭാഷണങ്ങൾ കേൾക്കാൻ സാധിക്കുമെന്നും കോൺഗ്രസ് പരിഹസിച്ചു. ഇസ്രയേൽ നിർമ്മിത പെഗസ്സസ് സോഫ്റ്റ് വെയറിലൂടെ ചാര റാക്കറ്റിനെ നിയോഗിച്ചതും നടപ്പാക്കിയതും മോദി സർക്കാരാണെന്നും കോൺഗ്രസ് ആരോപിച്ചു.

ഇത് വ്യക്തമായും രാജ്യദ്രോഹമാണെന്നും മോദി സർക്കാർ ദേശീയ സുരക്ഷയിൽനിന്ന് പൂർണമായി പിന്മാറിയെന്നും കോൺഗ്രസ് ആരോപിച്ചു. പെഗസ്സസ് ചാര സോഫ്റ്റ് വെയറിന്റെ പ്രവർത്തനത്തെ കുറിച്ചും അത് ഏതുവിധത്തിൽ ജനങ്ങളെ ബാധിക്കുമെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജെവാല വിശദീകരിച്ചു. നിങ്ങളുടെ മകളുടെയോ ഭാര്യയുടേയോ ഫോണിലും ഇൻസ്റ്റാൾ ചെയ്യപ്പെട്ടേക്കാമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

നിങ്ങൾ വാഷ്റൂമിൽ ആയിരുന്നാലും, കിടപ്പുമുറിയിൽ ആയിരുന്നാലും, നിങ്ങൾ നടത്തുന്ന സംഭാഷണം, നിങ്ങളുടെ ഭാര്യ-മകൾ-കുടുംബം നടത്തുന്ന സംഭാഷണം ഒക്കെ നരേന്ദ്ര മോദി സർക്കാരിന് ഒളിച്ചുകേൾക്കാൻ സാധിക്കും- സുർജെവാല ആരോപിച്ചു.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ, ഐ.ടി. മന്ത്രി അശ്വനി വൈഷ്ണവ് എന്നിവരുടെ ഫോണുകളും ചോർത്തപ്പെട്ടുവെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെ ആയിരുന്നു കോൺഗ്രസിന്റെ പ്രതികരണം.

ബിജെപി ഭാരതീയ ചാരവൃത്തി പാർട്ടിയായെന്ന് കോൺഗ്രസ് ആരോപിച്ചു. ഒരു ജഡ്ജിയുടെ നേതൃത്വത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് പാർലമെന്റിന്റെ ഐടി സമിതി ചെയർമാൻ ശശി തരൂർ ആവശ്യപ്പെട്ടു.