ന്യൂഡൽഹി: പെഗസ്സസ് ഫോൺ ചോർത്തൽ സംബന്ധിച്ച വെളിപ്പെടുത്തൽ സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷിക്കണമെന്ന് കോൺഗ്രസ് എംപി. ശശി തരൂർ. വിഷയത്തിൽ സർക്കാർ ചർച്ച നടത്തുന്നതുവരെ പ്രതിപക്ഷം സഭാ നടപടികൾ തടസ്സപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

'സ്വാർത്ഥമായ രാഷ്ട്രീയ താത്പര്യങ്ങൾക്കു' വേണ്ടി വിവരങ്ങൾ ചോർത്താൻ പൊതുജനങ്ങളുടെ പണം സർക്കാർ ഉപയോഗിച്ചുവെന്നും ശശി തരൂർ ആരോപിച്ചു. 'വിഷയത്തിൽ സർക്കാർ ചർച്ച നടത്തണമെന്നാണ് ഞങ്ങളുടെ ആവശ്യം. എന്നാൽ, സർക്കാർ ഇതിനു തയ്യാറല്ല. 'ഞങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ നിങ്ങൾ(സർക്കാർ) തയ്യാറല്ലെങ്കിൽ നിങ്ങളുടെ പ്രവർത്തനങ്ങൾ തുടരാൻ ഞങ്ങൾ എന്തിന് അനുവദിക്കണം'-പാർലമെന്റ് വളപ്പിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ അദ്ദേഹം ചോദിച്ചു.

വിലക്കയറ്റവും കാർഷിക നിയമങ്ങളും പ്രതിപക്ഷത്തിനു പ്രധാനപ്പെട്ടതാണെങ്കിലും പെഗസ്സസ് ഫോൺ ചോർത്തൽ വിഷയത്തിനാണ് പ്രതിപക്ഷം പ്രഥമ പരിഗണന നൽകുന്നത്-തരൂർ പറഞ്ഞു.

പെഗസ്സസ് വിഷയത്തിൽ ഐ.ടി. മന്ത്രി അശ്വനി വൈഷ്ണോവ് പാർലമെന്റിൽ നടത്തിയ പ്രസ്താവനയെ വിമർശിച്ച തരൂർ പ്രതിപക്ഷത്തെ കേൾക്കാതെ അദ്ദേഹം 'മൻ കി ബാത്' പങ്കുവെച്ചതായും പറഞ്ഞു. ഫോൺ ചോർത്തൽ വിവാദം രാജ്യത്തെ അപകീർത്തിപ്പെടുത്താനാണെന്നും കാര്യമാക്കേണ്ട വിഷയമൊന്നും അതിലില്ലെന്നും ഐ.ടി. മന്ത്രി പറഞ്ഞിരുന്നു.

ശശി തരൂരിന്റെ നേതൃത്വത്തിലുള്ള പാർലമെന്ററി സമിതി(ഇൻഫർമേഷൻ ടെക്നോളജി) ആഭ്യന്തര വകുപ്പിലെ ഉൾപ്പടെ മുതിർന്ന ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ട്. 32 അംഗ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി ജൂലായ് 28-ന് യോഗം ചേരും. 'പൗരന്മാരുടെ ഡേറ്റാ സുരക്ഷയും സ്വകാര്യതയും' എന്നതാണ് യോഗത്തിന്റെ അജണ്ട.