കാസർകോഡ്: എൽഡിഎഫ് സർക്കാർ ചെയ്ത നല്ല കാര്യങ്ങൾക്ക് തുടർച്ച വേണമെന്ന ചിന്തയിലാണ് കേരളത്തിലെ ജനങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫിന്റെ വികസന മുന്നേറ്റ ജാഥയുടെ വടക്കൻ മേഖലാ ജാഥ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസർക്കോട് ഉപ്പളയിൽ നിന്നാണ് വടക്കൻ മേഖലാ ജാഥയ്ക്ക് തുടക്കമാകുന്നത്.

കഴിഞ്ഞ യുഡിഎഫ് സർക്കാരിനെ ജനം ശപവാക്കുകളോടെയാണ് ഇറക്കി വിട്ടത്. നാടിന്റെ ശോച്യാവസ്ഥയ്ക്ക് മാറ്റം വരുത്തിയത് എൽഡിഎഫ് ആണ്. ഭാവി കേരളം പടുത്തുയർത്താൻ ശരിയായ ദിശാ ബോധത്തോടെ എൽഡിഎഫിന് മാത്രമേ കഴിയു എന്ന് എല്ലാവരും പറയുന്ന നിലയാണ് കാണുന്നത്. ജനങ്ങളുടെ ജീവൽ പ്രശ്നങ്ങളിലെല്ലാം സർക്കാർ ഇടപെടൽ ഉണ്ടായി.

കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളും എൽഡിഎഫ് സർക്കാർ ചെയ്ത കാര്യങ്ങൾക്ക് തുടർച്ച ആഗ്രഹിക്കുന്നു. വിവിധ മേഖലകളിലുള്ള ജനങ്ങളുമായി നടത്തിയ ചർച്ചകളോടെ ഇക്കാര്യം കൂടുതൽ ഉറപ്പായി. വലിയ ദുരന്തങ്ങളുണ്ടായപ്പോൾ ജനങ്ങളുടെ ഒരുമയ്ക്കും ഐക്യത്തിനും വേണ്ടിയാണ് സർക്കാർ നിലകൊണ്ടത്. ജനം പ്രതിസന്ധി നേരിട്ടപ്പോഴൊക്കെ സർക്കാർ കൂടെയുണ്ടായിരുന്നു. ജനാഭിലാഷം നടപ്പാക്കിയത് കടുത്ത പ്രതിസന്ധികൾ മറികടന്ന്. ജനങ്ങളുടെ പ്രതീക്ഷ എൽഡിഎഫ് സഫലമാക്കി. ജനങ്ങളിൽ ഐക്യബോധമുണ്ടാക്കി അത്ഭുതങ്ങൾ സൃഷ്ടിച്ചു. പ്രകടന പത്രികയിൽ പറഞ്ഞ വാഗ്ദാനങ്ങളെല്ലാം നിറവേറ്റി. കടുത്ത പ്രതിസന്ധികൾ മറികടന്നാണ് ജനാഭിലാഷം നടപ്പാക്കിയത്.

പ്രതിപക്ഷത്തിന് നശീകരണ വാസനയാണ്. സർക്കാരിനെ അട്ടിമറിക്കാൻ പ്രതിപക്ഷം നശീകരണ വാസനയോടെ പ്രചാരണം നടത്തി. സ്വന്തം കളങ്കങ്ങൾ സർക്കാരിൽ ആരോപിച്ച് പ്രതിപക്ഷം മുന്നിട്ടിറങ്ങി. ചില കേന്ദ്ര ഏജൻസികളും ഇതേറ്റുപിടിച്ചു. എന്നാൽ കുപ്രചാരണങ്ങളുടെ മലവെള്ളപ്പാച്ചിലിനെ ജനക്കോട്ട കെട്ടി തകർത്തു.

ഉപേക്ഷിച്ചു പോയ ഗെയ്ൽ പൈപ്പ് ലൈൻ പദ്ധതി യാഥാർഥ്യമാക്കി.കെ റെയിൽ പദ്ധതി പുരോഗമിക്കുന്നു.എല്ലാ വിഭാഗം ജനങ്ങൾക്കും ഇന്റർനെറ്റ് എന്ന സേവനം ലഭ്യമാക്കാനാണ് കെ ഫോൺ പദ്ധതി. കെ ഫോൺ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു.ക്ഷേമപെൻഷനുകൾ കുത്തനെ കൂട്ടി. യുഡിഎഫ് സർക്കാർ ഇറങ്ങുമ്പോൾ 600 രൂപയായിരുന്ന പെൻഷൻ ഇപ്പോൾ 1600 രൂപയാക്കി. 32,034 കോടി രൂപ ക്ഷേമ പെൻഷൻ നൽകി. ഇപ്പോൾ കുടിശ്ശികയില്ല.ല25 ലക്ഷം പേർക്ക് അധികമായി ക്ഷേമപെൻഷൻ നൽകി.

പാവങ്ങളുടെ വീടെന്ന സ്വപ്നത്തിനൊപ്പം നിന്നു. ലൈഫ് പദ്ധതിയിൽ രണ്ടര ലക്ഷം വീടുവച്ചു. ജനങ്ങൾ വിശ്വസിക്കുക സ്വന്തം ജീവിതാനുഭവം മാത്രം. എന്റെ വീട് എന്ന അഭിമാനബോധം ജനങ്ങൾക്കുണ്ടായി. അതേക്കുറിച്ച് അതുമിതും പറഞ്ഞാൽ ജനങ്ങൾ വിശ്വസിക്കില്ല. നിരാശയ്ക്കു പകരം പ്രത്യാശ നിറഞ്ഞ അഞ്ച് വർഷങ്ങളാണ് കടന്നുപോകുന്നത്. ആരും പട്ടിണി കിടക്കരുതെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. പാവങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് എൽഡിഎഫ് ആണ്.

ജാതിയോ മതമോ നോക്കാതെ ജനങ്ങൾ ഒറ്റക്കെട്ടായി സർക്കാരിനൊപ്പം നിന്നു.ആർദ്രം മിഷൻ നടപ്പാക്കി. ഉന്നത വിദ്യാഭ്യാസ മേഖലയെ മികവുറ്റതാക്കുക എന്നതാണ് അടുത്ത ലക്ഷ്യം. കേരളത്തെ ഒരു വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റും. 1.57 ലക്ഷം പേർക്ക് പിഎസ്‌സി വഴി നിയമനം ലഭിച്ചു.

വികസനത്തെ വർഗീയത ഇളക്കിവിട്ട് നേരിടാൻ ചിലർ ശ്രമിക്കുന്നു. എന്ത് സമ്മർദ്ദം ഉണ്ടായാലും പിന്നോട്ടില്ല. ആർഎസ്എസ് എസ്ഡിപിഐ വർഗീയത ഒരുപോലെ ആപത്കരമാണ്. വർഗീയമായി ചേരിതിരിക്കലാണ് ഇരുഭാഗത്തുമുള്ളവർ ചെയ്യുന്നത് എല്ലാ വർഗീയ ശക്തികളുടെയും പൊതു ശത്രു ഇടതുപക്ഷമാണ്.ന്യൂനപക്ഷ സംരക്ഷണം ആർഎസ്എസിനെതിരെ സ്വയം സംഘടിച്ച് ചെയ്യാവുന്നതല്ല. കേരളത്തിൽ സിഎഎ നടപ്പാക്കാൻ അനുവദിക്കില്ല.

കേരളത്തിൽ നടക്കുകയേയില്ല എന്ന് കരുതിയിരുന്ന കാര്യങ്ങൾ എൽഡിഎഫ് സർക്കാർ യാഥാർഥ്യമാക്കി. വാഗ്ദാനങ്ങൾ നിറവേറ്റി. വികസന തുടർച്ചയ്ക്കു ജനങ്ങളുടെ അഭിപ്രായം തേടി വരുന്നു. സ്വന്തം കളങ്കങ്ങൾ സർക്കാരിൽ ആരോപിച്ച് പ്രതിപക്ഷം കുപ്രചാരണങ്ങൾ നടത്തിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു