കാസർകോട്: ടിപി ചന്ദ്രശേഖരനെ കൊന്ന കുഞ്ഞനന്തനെ സിപിഎം മഹത്വവൽക്കരിച്ചു കഴിഞ്ഞു. കൊലക്കേസിൽ ശിക്ഷിച്ച കുറ്റവാളിയെ പാർട്ടി ആദരിക്കുകയാണ് മരണ ശേഷവും. പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രധാന പ്രതികൾക്കും ഇതേ പരിഗണന തന്നെയാണ് സിപിഎം നൽകുന്നത്. പെരിയാ കേസിലെ പ്രതികളുടെ ഭാര്യമാർക്ക് കാസർകോട് ജില്ലാ ആശുപത്രിയിൽ താൽക്കാലിക നിയമനം നൽകിയതും ഈ സാഹചര്യത്തിൽ ചർച്ചയാവുകയാണ്.

കണ്ണൂർ ജയിലിൽ റിമാൻഡിൽ കഴിയുന്ന കേസിലെ ഒന്നാം പ്രതിയും സിപിഎം ലോക്കൽ കമ്മിറ്റിയംഗവുമായിരുന്ന കല്യോട്ട് ഏച്ചിലടുക്കത്തെ എ.പീതാംബരന്റെ (54) ഭാര്യ മഞ്ജു, രണ്ടാം പ്രതി സി.ജെ.സജിയുടെ (51) ഭാര്യ ചിഞ്ചു ഫിലിപ്പ്, മൂന്നാം പ്രതി കെ.എം.സുരേഷിന്റെ (27) ഭാര്യ ബേബി എന്നിവരാണു കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിൽ പാർട്ട് ടൈം സ്വീപ്പർ തസ്തികയിൽ ജോലിയിൽ പ്രവേശിച്ചത്. ഭാവിയിൽ ജോലി സ്ഥിരപ്പെടാൻ സാധ്യത ഏറെയുള്ള കാറ്റഗറിയാണ് പാർട്ട് ടൈം സ്വീപ്പർ തസ്തിക. ഇതെല്ലാം മനസ്സിലാക്കിയാണ് ഈ ജോലി നൽകുന്നത്.

സിപിഎം പാർട്ടി തലത്തിലുള്ള വളരെ ആസൂത്രിതമായ ഗൂഢാലോചന പെരിയയിലെ രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വധത്തിനു പിന്നിലുണ്ടെന്ന ആരോപണം ശക്തമാണ്. സിപിഎം പ്രാദേശിക നേതാക്കൾക്ക് കല്ല്യാട്ട് കോൺഗ്രസിൽ നിന്നും മർദ്ദനമേറ്റത് മുതൽ ആക്രമത്തിന് അരങ്ങൊരുന്നതായി സൂചനകൾ നിലനിന്നിരുന്നു. വളരെ മുൻപ് തന്നെ നടത്തി തുടങ്ങിയ ആസൂത്രണം തന്നെയാണ് ഇരട്ട കൊലപാതകങ്ങളിലേക്ക് നയിച്ചത് എന്നാണു പെരിയയിൽ നിന്നും പുറത്തു വന്നത്. ഈ കേസ് ഇപ്പോൾ അന്വേഷിക്കുന്നത് സിബിഐയാണ്. അതുകൊണ്ട് തന്നെ അറസ്റ്റിലായ പ്രതികൾ ജില്ലാ നേതൃത്വത്തിലോ അതിന് മുകളിലോ വിരൽ ചൂണ്ടിയാൽ അത് സിപിഎമ്മിന് പ്രതിസന്ധിയാകും.

പാർട്ടി പറഞ്ഞാൽ എന്തും ചെയ്യുന്ന പീതാംബരൻ പാർട്ടിക്കു വേണ്ടിയാകും കൊല ചെയ്തിട്ടുണ്ടാവുകയെന്നു പീതാംബരന്റെ ഭാര്യ മഞ്ജു പറഞ്ഞതും ഏറെ വിവാദമായിരുന്നു. എങ്കിൽ ആരാണു പീതാംബരന്റെ ഭാര്യ പറയുന്ന ഈ 'പാർട്ടി'? ലോക്കൽ തലത്തിലോ, ഏരിയാ തലത്തിലോ, ഒരു പക്ഷേ അതിനു മുകളിലോ ഉള്ള ഒരു നേതാവായിരിക്കുമോ പീതാംബരനെക്കൊണ്ട് ഇരട്ടക്കൊല ചെയ്യിക്കാൻ കഴിവുള്ള പാർട്ടി? ആ വഴിക്ക് അന്വേഷിക്കാൻ സിബിഐ തീരുമാനിച്ചാൽ കൊലപാതകത്തിനു മുൻപും ശേഷവും പീതാംബരന്റെ ഫോണിലേക്കും തിരിച്ചുമുള്ള വിളികൾ നിർണായകമാകും. അതുകൊണ്ട് തന്നെ പ്രതിയുടെ മൊഴിയും നിർണ്ണായകമാകും.

കൊലയ്ക്കുശേഷം ഒളിപ്പിച്ചവർ, രക്ഷപ്പെടാൻ സഹായിച്ചവർ എന്നിവരിലേക്ക് അന്വേഷണം നീളേണ്ടതും സൈബർ മാർഗങ്ങളിലൂടെ തന്നെ. പീതാംബരൻ ഉൾപ്പെട്ട ഏഴംഗ സംഘത്തിനു മുകളിൽ ഒരു ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നറിയാൻ ഇങ്ങനെ പല വഴികളുണ്ട്. പക്ഷേ, കൊലയ്ക്കു വേണ്ടി അക്രമി സംഘം പ്രാദേശികമായി നടത്തിയ ഗൂഢാലോചനയ്ക്കു മാത്രമാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയത്. അതുകൊണ്ട് കൂടിയാണ് മഞ്ജു അടക്കമുള്ള പ്രതികളുടെ ഭാര്യമാർക്ക് ജോലി സർക്കാർ നൽകുന്നത്. ഇതിലൂടെ ഗൂഢാലോചനയിലെ വിവരങ്ങൾ പുറത്തുവരില്ലെന്നതാണ് സിപിഎം പ്രതീക്ഷയെന്ന് കോൺഗ്രസ് ആരോപിക്കുന്നു.

ഈ സാഹചര്യത്തിലാണ് പ്രതികളെ അനുനയിപ്പിക്കാൻ ഭാര്യമാർക്ക് ജോലി നൽകുന്നതെന്നാണ് ഉയരുന്ന ആരോപണം. കണ്ണൂരിൽ നിന്നെത്തിയ ക്വട്ടേഷൻ സംഘമാണ് പെരിയയിൽ ഓപ്പറേഷൻ നടത്തിയതെന്ന വാദം സജീവമാണ്. കണ്ണൂരിലെ ഉന്നതനാണ് ഈ ഓപ്പറേഷന് പിന്നിലെന്നും സംശയങ്ങളുണ്ട്. ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ അതേ മാതൃകയിലാണ് പെരിയയിലും കൊല നടന്നതെന്നാണ് ആക്ഷേപം. ഇതിനിടെയാണ് പ്രതികളുടെ കുടുംബത്തെ സംരക്ഷിക്കാൻ ഭാര്യമാർക്ക് ജോലി നൽകുന്നത്.

അതിനിടെ നിയമനത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ ആശുപത്രിയിലേക്ക് മാർച്ച് നടത്തി. പ്രതികളെ സംരക്ഷിക്കാൻ കോടതിയിൽ പോയി കോടികൾ ചെലവാക്കിയ സർക്കാർ ആ നിലപാട് തുടരുകയാണെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്റെ അച്ഛൻ പി.കെ. സത്യനാരായണൻ ആരോപിച്ചു. ജില്ലാ പഞ്ചായത്തിനു കീഴിലുള്ള ആശുപത്രിയിലെ താൽക്കാലിക നിയമനങ്ങൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷയായ ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റിയാണ് അംഗീകാരം നൽകേണ്ടത്.

സിപിഎം ഭരണത്തിലുള്ള കാസർകോട് ജില്ലാ പഞ്ചായത്തിലെ കമ്മിറ്റി മുഖേനയാണ് ഇവരുടെ നിയമനം. സിപിഎം നിർദേശപ്രകാരമാണു പ്രതികളുടെ ബന്ധുക്കളെ നിയമിച്ചതെന്നാണ് കോൺഗ്രസ് ആരോപണം. കൊലപാതകികളുമായി സിപിഎമ്മിനുള്ള ബന്ധം കൂടുതൽ വ്യക്തമായിരിക്കുകയാണെന്നു രാജ്‌മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു. അതേ സമയം നിയമനത്തിൽ സിപിഎം ഇടപെട്ടിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി എം വിബാലകൃഷ്ണൻ പറഞ്ഞു.

കാസർകോട് ജില്ലാ ആശുപത്രി മാനേജിങ് കമ്മിറ്റിയുടെ നേതൃതൃത്വത്തിൽ ഈ വർഷം ജനുവരി 20, ഫെബ്രുവരി 24 തീയതികളിലായാണ് അഭിമുഖം നടത്തിയത്. ജില്ലാ ആശുപത്രി സൂപ്രണ്ട്, റസിഡന്റ് മെഡിക്കൽ ഓഫിസർ, നഴ്‌സിങ് സൂപ്രണ്ട് എന്നിവരടങ്ങുന്ന കമ്മിറ്റി നടത്തിയ അഭുമുഖത്തിനു ശേഷം നൂറുപേരുട പട്ടിക തയാറാക്കി.ഇതിൽ നിന്നും ഒരുമാസം മുമ്പാണ് നാലുപേരെ നിയമിച്ചത്. ഇവരിൽ മൂന്നുപേരും പെരിയ ഇരട്ടക്കൊല കേസിലെ പ്രതികളുടെ ഭാര്യമാരാണ്.

യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത്‌ലാൽ എന്നിവരുടെ കൊലപാതകത്തിൽ പാർട്ടിക്കു പങ്കില്ലെന്നും പ്രതികളെ സംരക്ഷിക്കില്ലെന്നും സിപിഎം നേതൃത്വം തുടക്കത്തിൽ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ, കേസ് സിബിഐ അന്വേഷിക്കണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ സർക്കാർ അപ്പീൽ പോകുകയും ചെയ്തു. സർക്കാർ ഖജനാവിൽ നിന്ന് ഇതിനായി ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചത് വൻ വിവാദമായിരുന്നു. ഒടുവിൽ, കേസ് സിബിഐ ഏറ്റെടുത്ത് അന്വേഷണം തുടരുകയാണ്.

പ്രതികളുടെ കുടുംബത്തെ സഹായിക്കാനുള്ള ചുമതല സിപിഎം രഹസ്യമായി ഏറ്റെടുക്കുകയും ചെയ്തു. അതിന്റെ ഭാഗമായാണ് ജില്ലാ ആശുപത്രിയിൽ നടത്തിയ നിയമനമെന്ന് കോൺഗ്രസ് ആരോപിക്കുന്നു.