ഡൽഹി: കോവിഡ്-19 രണ്ടാം തരംഗത്തിൽ രാജ്യത്തെ വിവിധ ആശുപത്രികൾ ഓക്സിജൻ ക്ഷാമം രൂക്ഷമായി മരണ നിരക്ക് ഉയർന്നതോടെ പ്രശ്‌നത്തിൽ ഇടപെട്ട് കേന്ദ്രസർക്കാർ. ഓക്‌സിജൻ മറ്റുരാജ്യങ്ങളിൽ നിന്ന് വാങ്ങുന്നതിനൊപ്പം രാജ്യത്ത് അടിയന്തിരമായി 551 ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകി.പിഎം കെയറിൽ നിന്നാണ് ഓക്‌സിജൻ പ്ലാന്റിനായി തുക അനുവദിച്ചത്. ജില്ലാ ആശുപത്രികളിലാണ് പ്ലാന്റുകൾ ഒരുങ്ങുക.

പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിലുടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.'കഴിയുന്നത്ര വേഗത്തിൽ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കാൻ പ്രധാനമന്ത്രി നിർദ്ദേശം നൽകി. ജില്ലാ തലത്തിൽ ഓക്സിജൻ ദൗർലഭ്യം കുറക്കാൻ ഇത് സാധിക്കും.' പൊതുജനാരോഗ്യ സംവിധാനം മെച്ചപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയാണ് പ്ലാന്റുകൾ സ്ഥാപിക്കുന്നതെന്നും പ്രസ്താവനക്കുറിപ്പിൽ പറയുന്നു.

ഈ വർഷം ആദ്യം സർക്കാർ ആശുപത്രികളിൽ 162 ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് പിഎം-കെയർസ് ഫണ്ടിൽ നിന്നും 201.58 കോടി രൂപ അനുവദിച്ചിരുന്നു.ഇതിനു പുറമെയാണ് ഇപ്പോൾ തുക അനുവദിച്ചിരിക്കുന്നത്.

അതേസമയം നിലവിലെ ഓക്‌സിജൻ പ്രതിസന്ധി മറികടക്കാൻ ഓക്സിജൻ ടാങ്കറുകളുടെ സഞ്ചാരം ആകാശമാർഗമാക്കാനൊരുങ്ങി തെലങ്കാന സർക്കാർ. യുദ്ധ വിമാനങ്ങൾ ഉപയോഗിച്ച് ഓക്സിജൻ വിതരണം നടത്താനാണ് തെലങ്കാന സർക്കാർ തീരുമാനമെടുത്തിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം 62,929 കോവിഡ് കേസുകളാണ് നിലവിൽ സംസ്ഥാനത്തുള്ളത്.

കോവിഡ് ബാധിതരായ രോഗികൾക്കിടയിൽ ഓക്സിജൻ ആവശ്യം ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ജീവൻ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനത്തിലേക്കെത്തിയതെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു അറിയിച്ചു.ദൂര പ്രദേശങ്ങളിലേക്ക് കണ്ടെയ്നറുകൾ വഴി ഓക്സിജൻ എത്തിക്കുമ്പോഴുണ്ടാകുന്ന സമയ നഷ്ടം കണക്കിലെടുത്താണ് യുദ്ധവിമാനങ്ങൾ വഴി ഓക്സിജൻ വിതരണം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. ഇത്തരം അടിയന്തര ഘട്ടങ്ങളിൽ രാജ്യത്തിന് തന്നെ ഈ മാർഗം സ്വീകരിക്കാവുന്നതാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട സന്ദേശത്തിൽ പറയുന്നു.കഠിന സമയങ്ങളിൽ ജനങ്ങളുടെ നല്ലതിനായി അടിയന്തര തീരുമാനങ്ങളെടുക്കേണ്ടത് ഭരണാധികാരികളുടെ ചുമതലയാണെന്നും എല്ലാ നടപടികളും യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കേണ്ടതുണ്ടെന്നും സന്ദേശം വ്യക്തമാക്കുന്നു.

അതിനിടെ കടുത്ത ഓക്സിജൻ ക്ഷാമത്തെ തുടർന്ന് രാജ്യത്ത് പല ആശുപത്രികളിലും പുതുതായി രോഗികളെ പ്രവേശിപ്പിക്കുന്നില്ല. യുപി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നും ഓക്സിജനൻ സിലണ്ടറുകൾ കരിഞ്ചന്തയിൽ വിൽക്കാനുള്ള ശ്രമം നടക്കുന്നതിനിടെ പൊലീസ് പിടിയിലാവുകയുണ്ടായി. ഗസ്സിയാബാദിലെ നന്ദി ഗ്രാമിൽ നിന്നും നൂറിലധികം ഓക്‌സിജൻ സിലിണ്ടറുകളാണ് പ്രതികളിൽ നിന്ന് പൊലീസ് പിടിച്ചെടുത്തതെന്ന് എഎൻഐ റിപ്പോർട്ടു ചെയ്യുന്നു. കഴിഞ്ഞദിവസം ഡൽഹിയിലെ ഒരു വീട്ടിൽ നിന്നും 48 ഓക്‌സിജൻ സിലിണ്ടറുകൾ പൊലീസ് റെയ്ഡിൽ പിടിച്ചെടുത്തിരുന്നു. 32 വലിയ ഓക്‌സിജൻ സിലിണ്ടറുകളും, 16 ചെറിയ സിലിണ്ടറുകളുമാണ് കണ്ടെത്തിയത്.

ഓക്സിജൻ ക്ഷാമം രൂക്ഷമായ ഡൽഹിയിലേക്ക് സംസ്ഥാനങ്ങളിൽ മിച്ചം വരുന്ന ഓക്സിജൻ നൽകണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അഭ്യർത്ഥിച്ചു. ഈ ആവശ്യമുന്നയിച്ച് എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർക്ക് കെജ്രിവാൾ കത്തയച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.