തിരുവനന്തപുരം: പേരൂർക്കടയിൽ കുഞ്ഞിനെ ദത്തുകൊടുത്ത സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ സമ്മതപത്രം വാങ്ങിയത് സമ്മർദ്ദത്തിലൂടെ എന്നതിന് തെളിവായി അജിത്തിന്റെ ആദ്യഭാര്യയുടെ വെളിപ്പെടുത്തലും. ഈ വാദങ്ങൾ അനുപമയും ഭർത്താവ് അജിത്തും തള്ളുകയാണ്. അപ്പോഴും അജിത്തിന്റെ ആദ്യഭാര്യയുടെ വെളിപ്പെടുത്തലുകൾ ഗൂഢാലോചനയ്ക്ക് തെളിവാണ്.

അനുപമ സ്വന്തം താൽപര്യപ്രകാരമാണ് ഒപ്പിട്ടുനൽകിയത് എന്ന് പറഞ്ഞാണ് അജിത്തിന്റെ ആദ്യ ഭാര്യ തന്റെ വാദമുഖങ്ങൾ നിരത്തിയതെങ്കിലും താൻ അജിത്തിന് ഡിവോഴ്സ് നൽകില്ലെന്ന് അനുപമയോട് നേരിട്ട് പറഞ്ഞതിനെ തുടർന്നാണ് അനുപമ ഒപ്പിട്ടുനൽകിയതെന്ന് അവർ മാധ്യമങ്ങളോട് പറയുന്നത്. താൻ ഡിവോഴ്സ് നൽകില്ലെന്നും അതിലൂടെ അജിത്തിനും അനുപമയ്ക്ക് ഒന്നിക്കാൻ കഴിയില്ലെന്നും പറഞ്ഞ് സമ്മർദ്ദത്തിലാക്കിയാണ് സമ്മതപത്രം ഒപ്പിട്ടുവാങ്ങിയതെന്ന് പറയാതെ പറയുകയായിരുന്നു അവർ. ഈ വാദങ്ങളെല്ലാമാണ് അനുപമയുടെ അച്ഛനും ദത്തിൽ ഒപ്പിട്ടു വാങ്ങാൻ നടത്തിയതെന്നായിരുന്നു അനുപമ നേരത്തെ വെളിപ്പെടുത്തിയിരുന്നത്.

അതുകൊണ്ട് ഗൂഢാലോചന വ്യക്തമാക്കുന്നതാണ് അജിത്തിന്റെ ആദ്യ ഭാര്യയുടെ മൊഴി. മുഖം മറിച്ച് പ്രസ് ക്ലബ്ബിന് മുമ്പിലെത്തിയാണ് അവർ മാധ്യമങ്ങളെ കണ്ടത്. എന്നാൽ ആദ്യഭാര്യയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി അജിത്തും രംഗത്തെത്തി. തങ്ങളുടെ ഡിവോഴ്സിന് പിന്നിൽ അനുപമയാണെന്ന നസിയയുടെ വാദം ശരിയല്ല. കോടതിയുടെ മുന്നിൽ നസിയ സ്വമേധയാ ഡിവോഴ്സിന് സമ്മതിക്കുകയായിരുന്നു. ആരും നിർബന്ധിച്ച് പറയിച്ചതല്ല. ഡിവോഴ്സിന് തയ്യാറല്ലായിരുന്നെങ്കിൽ കോടതിയിൽ അന്നത് പറയണമായിരുന്നെന്നും അജിത്ത് മറുനാടനോട് പറഞ്ഞു.

ഡിവോഴ്സ് കേസ് നടക്കുമ്പോൾ തന്നെ ആദ്യ ഭാര്യയെ പിന്തിരിപ്പിക്കാൻ അനുപമയുടെ അച്ഛൻ ശ്രമിച്ചിരുന്നു. അതിന് വേണ്ടി നസിയയ്ക്ക് ജോലി വാഗ്ദാനം ചെയ്തു. ആ ഗൂഢാലോചനയുടെ തുടർച്ചയായാണ് ഇന്നത്തെ ആരോപണങ്ങളെന്നും അജിത്ത് പറയുന്നു. ഇന്ന് അവർ മാധ്യമപ്രവർത്തകരെ കണ്ടതിന് പിന്നിൽ ജയചന്ദ്രന്റെ ഇടപെടലുണ്ട്. കുഞ്ഞിനെ നൽകാമെന്ന് അനുപമ സമ്മതിച്ചിരുന്നു എന്ന ആരോപണത്തെ പറ്റി തനിക്കറിയില്ല. തന്റെ അറിവിൽ അങ്ങനെ ഒരു കരാറുമുണ്ടായിരുന്നില്ലെന്നും അജിത്ത് പറയുന്നു.

അനുപമ സ്വന്തം ഇഷ്ടപ്രകാരം കുട്ടിയെ ദത്തുകൊടുക്കാൻ ഒപ്പിട്ടുകൊടുത്തു എന്ന വാദവും നുണയാണ്. അനുപമയെ കൊണ്ട് ആ സമ്മതപത്രത്തിൽ ഒപ്പിടുവിക്കുമ്പോൾ അവിടെ സിപിഎം ഏര്യാ സെക്രട്ടറി രാജലാലും ജയചന്ദ്രനും അനുപമയുടെ അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളു എന്നാണ് അനുപമ പറഞ്ഞിട്ടുള്ളതെന്നും അജിത്ത് കൂട്ടിച്ചേർത്തു. കുട്ടിയെ തിരിച്ചുകിട്ടുന്നതിന് അനുപമയും അജിത്തും സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാരസമരം ആരംഭിച്ച ശേഷമാണ് അജിത്തിന്റെ ആര്യഭാര്യ വെളിപ്പെടുത്തലുകളുമായി മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്.

അനുപമ സമ്മതപത്രം ഒപ്പിട്ട് കൊടുക്കുന്നത് താൻ നേരിട്ട് കണ്ടതാണെന്നും ആ സമയത്ത് അനുപമ പൂർണ്ണമായും ബോധാവസ്ഥയിലായിരുന്നുവെന്നുമാണ് അജിത്തിന്റെ ആദ്യ ഭാര്യ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞത്. തന്റെ വിവാഹ മോചനത്തിന് പിന്നിൽ അനുപമയാണെന്നും അജിത്തിന്റെ ആദ്യ ഭാര്യ ആരോപിച്ചിരുന്നു. ഒരുപാട് സഹിച്ചു, അനുപമയുടെ വീട്ടിൽവരെ പോയി പറഞ്ഞു, വിവാഹമോചനം നൽകാൻ പറ്റില്ലെന്ന്. ഇതിനുശേഷമാണ് അനുപമ കുട്ടിയെ ദത്ത് നൽകിയത്. ദത്ത് നൽകുന്നതുമായി ബന്ധപ്പെട്ട് എഴുതി നൽകിയ കാര്യങ്ങൾ താൻ കണ്ടതാണെന്നും ആ സമയത്ത് അനുപമ പൂർണ്ണ ബോധവതിയായിരുന്നുവെന്നും ഞാൻ വായിച്ചു നോക്കിയിട്ടുണ്ടെന്നും അവർ പറഞ്ഞു.

കമ്മിറ്റിയിൽ ഒക്കെ ഒരുമിച്ച് ഇരിക്കുമ്പോൾ രണ്ടു പേരും ചേർന്നിരിക്കാറുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെയിരിക്കുന്നത് എന്ന് ചോദിച്ചിട്ടുണ്ട്. ഒരു തവണ കമ്മിറ്റി കഴിഞ്ഞ ഉടനേ താൻ ഇറങ്ങിപ്പോയെന്നും എന്നാൽ തന്റെ പേരിൽ അജിത്ത് കുറ്റം ചാർത്തുകയായിരുന്നെന്നും അവർ പറഞ്ഞു. അനുപമയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോൾ അങ്ങനെ പറയാൻ പാടില്ല, അവൾ സഹോദരിയെ പോലെയായിരുന്നു എന്നാണ് അജിത്ത് പറഞ്ഞതെന്നും അവർ പറഞ്ഞു. 2011-ൽ ആണ് കല്യാണം കഴിഞ്ഞത്, ഈ ജനുവരിയിലാണ് വിവാഹ മോചനം നേടിയത്. ഇവർ തമ്മിലുള്ള ബന്ധം കാരണം വീട്ടിൽ കിടക്കാൻ പറ്റിയില്ല. അടുത്ത വീട്ടിലായിരുന്നു കിടന്നിരുന്നത്. തന്റെ വീട്ടിൽ വിളിച്ച് തന്നെ വിളിച്ചു കൊണ്ട് പോകാൻ അജിത്ത് നിർബന്ധിച്ചുവെന്നും അവർ പറഞ്ഞു.