കൊല്ലം: സഹായം ആവശ്യപ്പെട്ട് ഫോണിൽ വിളിച്ച വിദ്യാർത്ഥിയോട് കയർത്ത് സംസാരിച്ച കൊല്ലം എംഎൽഎ മുകേഷിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വിദ്യാർത്ഥി സംഘടനയായ എം.എസ്.എഫ് മുകേഷിനെതിരെ ബാലാവകാശ കമ്മീഷന് പരാതി നൽകി. പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടി ഒന്നിലധികം തവണ ഫോൺ വിളിച്ചതിന്റെ പേരിൽ ഭീഷണിപ്പെടുത്തിയ എംഎൽഎക്കെതിരെ നടപടിയെടുക്കണമെന്നും അർഹമായ ശിക്ഷ നൽകണമെന്നുമാണ് ആവശ്യം.

പാലക്കാട് നിന്നും സഹായം അഭ്യർത്ഥിച്ച് വിളിച്ച പത്താം ക്ലാസുകാരനോടാണ് കൊല്ലം എംഎൽഎ കയർത്തു സംസാരിക്കുന്നത്. സഹായത്തിനു വിളിക്കേണ്ടത് സ്വന്തം നാട്ടിലെ എംഎൽഎയെ ആണെന്നും തന്റെ നമ്പർ തന്ന കൂട്ടുകാരന്റെ ചെവിക്കുറ്റി അടിച്ചു പൊട്ടിക്കുമെന്നും മുകേഷ് പറയുന്നതിന്റെ ഓഡിയോ ക്ലിപ്പ് നവ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മുകേഷിനെ വിളിച്ച വിദ്യാർത്ഥി ആരെന്ന് വ്യക്തമായിട്ടില്ല.

അതേസമയം വിഷയത്തിൽ പ്രതികരണവുമായി മുകേഷ് രംഗത്തെത്തി.ഓഡിയോ ക്ലിപ്പ് സൈബർ ഇടത്തിൽ വൈറലാകുകയും ഇതിന്റെ പേരിൽ മുകേഷിനെതിരെ വിമർശനം ഉയരുകയും ചെയ്തതോടെയാണ് എംഎൽഎ വിശദീകരണം നൽകിയത്.

തനിക്കെതിരായി ആസൂത്രണം ചെയ്ത് നടക്കുന്ന പദ്ധതിയുടെ ഭാഗമാണ് ഇപ്പോൾ പ്രചരിക്കുന്ന ഓഡിയോയെന്നാണ് മുകേഷ് ഫേസ്‌ബുക്ക് ലൈവിൽ വിശദീകരിച്ചു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പലരീതിയിൽ ഹരാസ് ചെയ്തുള്ള ഇത്തരം ഫോൺ വിളികൾ നേരിടുന്നുണ്ടെന്നും മുകേഷ് വ്യക്തമാക്കി. അതിന്റെ ഭാഗമായാണ് തനിക്ക് വന്നഫോൺകോളെന്നും അദ്ദേഹം വ്യക്തമാക്കി.

കുട്ടികളോട് പെരുമാറേണ്ടത് എങ്ങനെയാണ് എന്ന് തന്നോടാരും പറഞ്ഞു തരേണ്ട അവസ്ഥയില്ലെന്നും മുകേഷ് പറയുന്നു. രാഷ്ട്രീയ പ്രചാരണമാണ് നിലവിൽ നടക്കുന്നത്. ആരും ഇത് വിശ്വസിക്കരുത്. ഇതിന്റെ പേരിൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും മുകേഷ് പറയുന്നു. റിക്കോർഡ് ചെയ്യാൻ വേണ്ടി ലക്ഷ്യമിട്ടാണ് ഇത്തരം ഫോൺ വിളികൾ എന്നും ആരാണ് പിന്നിലെന്നും തനിക്ക് ഊഹിക്കാമെന്നും മുകേഷ് പറയുന്നു.