ന്യൂഡൽഹി: പെട്രോളിനും ഡീസലിനും വില കുറച്ചു. പെട്രോളിന് ലിറ്ററിന് രണ്ടു രൂപയും ഡീസലിന് 50 പൈസയുമാണ് കുറച്ചത്. പുതുക്കിയ വില ഇന്ന് അർധരാത്രി നിലവിൽ വരും.

രണ്ടാഴ്ചയായി ആഗോള വിപണിയിൽ എണ്ണ വിലയിൽ വലിയ കുറവുണ്ടായിരുന്നു. ഇതേ തുടർന്നാണ് വില കുറച്ചത്.

നേരത്തെ ഓഗസ്റ്റ് 15നാണ് പെട്രോൾ, ഡീസൽ വില കുറച്ചിരുന്നത്. പെട്രോളിന് 1.27 ഉം ഡീസലിന് 1.17 രൂപയുമാണ് കുറവ് വരുത്തിയിരുന്നത്. കഴിഞ്ഞ നവംബർ-ജനുവരികാലത്ത് നാലു തവണ എക്‌സൈസ് തീരുവ വർധിപ്പിച്ചതിലൂടെ പെട്രോൾ ലിറ്ററിന് 7.75 രൂപയും ഡീസൽ ലീറ്ററിന് 6.50 രൂപയും വില കൂടിയിരുന്നു.

രാജ്യാന്തര ക്രൂഡ് വില ബാരലിന് 30 ഡോളർ നിലവാരത്തിലെത്തിയാലേ ഇനി അത്തരമൊരു നികുതി വർധന ആലോചിക്കുന്നുള്ളൂ എന്നാണ് സർക്കാർ നിലപാട്. പെട്രോൾ, ഡീസൽ വിലകൾ മാസാവസാനമാണ് പുനർ നിർണയിക്കുന്നത്.