ന്യൂഡൽഹി: പുതുവത്സരത്തലേന്നു പെട്രോൾ-ഡീസൽ വില കുറച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങൾക്ക് ആശ്വാസം പകരുമെന്ന ധാരണയുണ്ടെങ്കിൽ അതു തിരുത്താൻ കേന്ദ്രം തന്നെ അവസരം തരുന്നു. തൊട്ടടുത്ത ദിവസം തന്നെ എക്‌സൈസ് തീരുവ കൂട്ടിയാണ് വില കുറച്ചതിന്റെ ആശ്വാസം സർക്കാർ തിരിച്ചെടുത്തത്.

വിലക്കുറവിനു പകരം ഫലത്തിൽ വിലവർധനയുടെ ഭാരം പേറേണ്ടിവന്നിരിക്കുകയാണു ജനങ്ങൾ. പെട്രോൾ ലിറ്ററിന് 37 പൈസയും ഡീസലിന് ലിറ്ററിന് രണ്ടുരൂപയുമാണ് വർധിപ്പിച്ചത്. ഡിസംബർ 16ന് പെട്രോളിന്മേലുള്ള തീരുവ ലീറ്ററിന് 30 പൈസയും ഡീസലിന്മേൽ 1.17 രൂപയും കൂട്ടിയിരുന്നു.

ബ്രാൻഡഡ് അല്ലാത്ത പെട്രോളിന്മേലുള്ള എക്‌സൈസ് തീരുവ 7.36 രൂപയിലും ഡീസലിന്റേത് 5.83 രൂപയിലുമെത്തി. ബ്രാൻഡഡിന് ഇത് യഥാക്രമം 8.54, 8.19 എന്നിങ്ങനെയാണ്. ഡിസംബർ 31ന് പെട്രോൾ ലീറ്ററിന് 63 പൈസയും ഡീസൽ ലീറ്ററിന് 1.06 രൂപയുമാണു കുറച്ചത്. നവംബർ ഏഴിന് പെട്രോളിന് 1.60 പൈസയും ഡീസലിന് 30 രൂപയും തീരുവ ഉയർത്തിയിരുന്നു.

ക്രൂഡ് ഓയിൽ വില ബാരലിന് 110 ഡോളറുണ്ടായിരുന്നപ്പോൾ ഉള്ള വില തന്നെയാണ് ക്രൂഡ് വില ബാരലിന് 37 ഡോളറായപ്പോഴും ഇന്ത്യയിൽ. അസംസ്‌കൃത എണ്ണ വിലയിൽ കുത്തനെ കുറവു വന്നിട്ടും രാജ്യത്തു പെട്രോൾഡീസൽ വില കുറയ്ക്കാൻ എണ്ണക്കമ്പനികൾ തയാറായിരുന്നില്ല. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരും ഇടപെടാതായതോടെ കടുത്ത എതിർപ്പാണു സർക്കാരിനെതിരായി ഉണ്ടായിരിക്കുന്നത്. അതിനിടയിലാണ് പേരിനു വില കുറയ്ക്കാൻ കഴിഞ്ഞ ദിവസം എണ്ണക്കമ്പനികൾ തയാറായത്. എക്‌സൈസ് തീരുവ കൂടുന്നതോടെ വില കുറച്ചതിന്റെ മെച്ചം പൂർണമായി നഷ്ടമാകുകയാണ്. മാത്രമല്ല, ഡീസലിന് വില കൂടുകയും ചെയ്യും. ഇന്നലെ 1.06 പൈസ കുറച്ചപ്പോൾ ഇന്ന് എക്‌സൈസ് തീരുവയിനത്തിൽ രണ്ടു രൂപയാണ് വർധിച്ചിരിക്കുന്നത്.