തിരുവനന്തപുരം: ക്രൂഡ് ഓയിൽ വില ആഗോള തലത്തിൽ ബാരലലിന് ഡോളർ 49 മാത്രമാണ് വില. പക്ഷേ ഇതിന്റെ യഥാർത്ഥ ഗുണം ഇന്ത്യാക്കാർക്ക് ലഭിക്കുന്നില്ല. ആഗോള വിപണിയിലെ വില മാറ്റത്തിന് അനുസരിച്ചുള്ള കുറവ് ഇന്ത്യാക്കാർക്ക് നൽകാൻ പൊതുമേഖലാ എണ്ണ കമ്പനികൾ തയ്യാറല്ല. കേന്ദ്ര സർക്കാരും കമ്പനികൾക്ക് ഒപ്പമാകുമ്പോൾ ഇന്ത്യയിൽ നാമമാത്രമായ കുറവുകളേ സംഭവിക്കുന്നുള്ളൂ. ഇതിനൊപ്പം സർക്കാരുകൾ നികുതി കൂട്ടുകയും ചെയ്യുന്നു. കേന്ദ്ര സർക്കാരിന് പിറകെ കേരളവും നികുതി കൂട്ടും

പെട്രോളിനും ഡീസലിനും രാജ്യത്ത് വിലകുറഞ്ഞെങ്കിലും കേരളത്തിൽ ഇനിയും നേരിയ തോതിൽ കൂടും. ഇവയുടെ വില്പനനികുതി കൂട്ടാൻ സംസ്ഥാന വാണിജ്യനികുതി വകുപ്പ് ശുപാർശ ചെയ്തു. ഈ ശുപാർശ അംഗീകരിച്ചാൽ പെട്രോളിന് ലിറ്ററിന് 40 പൈസയും ഡീസലിന് 25 പൈസയും കൂടും. സംസ്ഥാന ബജറ്റ് മാർച്ച് 13 ന് അവതരിപ്പിക്കാനും ധനവകുപ്പ് തീരുമാനിച്ചു. ഇന്ധനവില കുറയുമ്പോൾ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നികുതി വരുമാനം കുറയും. ഇതൊഴിവാക്കാനാണ് നികുതി നിരക്ക് ഉയർത്തുന്നത്.

നവംബറിന് ശേഷം ഇത് നാലാം തവണയാണ് കേരളം പെട്രോളിനും ഡീസലിനും നികുതി കൂട്ടുന്നത്. ഏറ്റവും ഒടുവിൽ ജനവരി രണ്ടിന് നികുതി കൂട്ടിയപ്പോൾ പെട്രോളിന് 58 പൈസയും ഡീസലിന് 44 പൈസയും വില കൂടിയിരുന്നു. വികസന പ്രവർത്തനങ്ങൾക്ക് ഇത് അനിവാര്യമാണെന്നാണ് വാദം. സംസ്ഥാനത്ത് ബജറ്റ് അവതരണം അടുത്ത സാഹചര്യം കൂടി മനസ്സിലാക്കിയാണ് വിൽപ്പന നികുതി കൂട്ടുന്നത്. ഫലത്തിൽ ആഗോളവില കുറയുമ്പോഴും അതിന് അപവാദമായി ഇന്ത്യ മാറുന്നു.

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ബജറ്റാവും ഇത്തവണ അവതരിപ്പിക്കുക. ഈ സാഹചര്യത്തിലാണ് ഇന്ധനത്തിലൂടെ നികുതി കൂട്ടാനുള്ള തീരുമാനം. വേഗത്തിൽ വരുമാനം ഉറപ്പാക്കാൻ പറ്റിയ മാർഗ്ഗം പെട്രോൾ-ഡീസൽ നികുതി വർദ്ധനയാണെന്ന് സർക്കാർ വിലയിരുത്തുന്നു. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാൻ കഴിഞ്ഞ സാമ്പത്തികവർഷം ബജറ്റിന് പുറമെ ഏതാണ്ട് 2500 കോടിയുടെ നികുതി നിർദ്ദേശങ്ങൾ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇന്ധന വില ഇടിയുന്ന സാഹചര്യവും ഇതിലേക്ക് ഗുണകരമാക്കാനാണ് നീക്കം.

കഴിഞ്ഞ ബജറ്റിൽ ആഭ്യന്തര ഉത്പാദനത്തിന്റെ ഒന്നര ശതമാനമാണ് റവന്യൂകമ്മി പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത് രണ്ടരയോ മൂന്നോ ശതമാനമായി ഉയരുമെന്നാണ് കരുതുന്നത്. ബജറ്റിൽ പ്രതീക്ഷിച്ചതിനെക്കാൾ 9,000 കോടിമുതൽ 16000 കോടിവരെ കമ്മി ഉയരാമെന്നാണ് നേരത്തേ കണക്കാക്കിയിരുന്നത്. വാണിജ്യ നികുതിയിനത്തിൽ ഏതാണ്ട് നാലായിരം കോടിവരെ കുറയാമെന്നും കണക്കാക്കുന്നു. ഇതെല്ലാം പരിഗണിച്ചാണ് തീരുമാനം.

ബജറ്റിന് മുന്നോടിയായി വാണിജ്യ, വ്യവസായ, അക്കാദമിക രംഗങ്ങളിലെ പ്രമുഖരുമായി മന്ത്രി കെ.എം.മാണി 23 ന് തിരുവനന്തപുരത്ത് ചർച്ച നടത്തും. ബജറ്റ് തീയതി തീരുമാനിച്ചെങ്കിലും അതിനായി എന്നുമുതൽ നിയമസഭാ സമ്മേളനം ചേരണമെന്ന് തീരുമാനിച്ചിട്ടില്ല.