തിരുവനന്തപുരം: കേരളവും കുറച്ചു, ആനുപാതിക നികുതിവർധന വേണ്ടെന്നുവച്ചു, പെട്രോൾ 1.56, ഡീസൽ 2.30 രൂപ എന്ന തലക്കെട്ടോടെ ദേശാഭിമാനി ദിനപത്രത്തിൽ നൽകിയ വാർത്തയുടെ സത്യാവസ്ഥ തിരക്കി ഫോൺ വിളിച്ച ഒരു വായനക്കാരന് കണ്ണൂർ ബ്യൂറോയിൽ നിന്നും ലഭിച്ചത് രസകരമായ മറുപടി.

കേന്ദ്രം ഇന്ധനവില കുറച്ചതിന് ആനുപാതികമായി സംസ്ഥാന സർക്കാരും കുറവ് വരുത്തി. ഡീസലിന് 2.30 രൂപയും പെട്രോളിന് 1.56 രൂപയും സംസ്ഥാനവിഹിതം കുറഞ്ഞു. വിൽപ്പന നികുതിയിലെ ഈ കുറവുവഴി കുറഞ്ഞത് 500 കോടിയിലധികം രൂപയുടെ നഷ്ടം ഈവർഷം സംസ്ഥാനത്തിനുണ്ടാകും. അടുത്തവർഷം 1000 കോടിയിലധികമാകും എന്നായിരുന്നു വാർത്തയിൽ പറഞ്ഞിരുന്നത്.

ഇക്കാര്യത്തിന്റെ വസ്തുത തേടിയാണ് കണ്ണൂർ ബ്യൂറോയിലേക്ക് ഒരു വായനക്കാരൻ ഫോണിൽ വിളിച്ചത്. കേരളം എവിടെയാണ് സാർ ഇന്ധന നികുതി കുറച്ചത് എന്നായിരുന്നു പ്രേക്ഷകന്റെ ചോദ്യം. കേരളം കൂട്ടിയിട്ടില്ലല്ലോ, അതായത് ഓട്ടോമാറ്റിക്കായിട്ട് കുറയുന്നത് എന്നായിരുന്നു ഫോണിൽ മറുപടി നൽകിയ ദേശാഭിമാനി കണ്ണൂർ ബ്യൂറോയിലെ ജീവനക്കാരൻ മറുപടി നൽകിയത്. കൂട്ടാതെയും കൂട്ടിയെന്ന് പറഞ്ഞു, വില കൂടുമ്പോൾ. കേന്ദ്രം കൂട്ടയപ്പോൾ അങ്ങനെയല്ലെ പറഞ്ഞത്. അതുകൊണ്ടാണ് ഇത്തരത്തിൽ പത്രം റിപ്പോർട്ട് ചെയ്തത് എന്നാണ് മറുപടി ലഭിച്ചത്.

ഫോൺ സംഭാഷണത്തിലുടനീളം പ്രേക്ഷകന്റെ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകാനാകാതെ ഒരേ കാര്യം തന്നെയാണ് ജീവനക്കാരൻ വിശദീകരിച്ചുകൊണ്ടിരുന്നത്.

ഫോൺ  സംഭാഷണത്തിന്റെ പൂർണ രൂപം.
ഹലോ ദേശാഭിമാനി പത്രമല്ലെ?

അതെ.

ഇന്നത്തെ പത്രത്തിൽ കേരളം ഇന്ധന നികുതി കുറച്ചെന്ന വാർത്തയുണ്ടല്ലോ. സംഭവം എന്താണ് യഥാർത്ഥത്തിൽ?

അത് സംഭവം പിന്നെ...പെട്രോളിന് കേന്ദ്രം അഞ്ച് രൂപ കുറച്ചപ്പോൾ 6.50 കുറയുമല്ലോ. ആതാണ്.

അല്ല സാർ കേരളം എവിടെയാണ് സാർ കുറച്ചത്?

കേരളം കൂട്ടിയിട്ടില്ലല്ലോ, അതായത് ഓട്ടോമാറ്റിക്കായിട്ട് കുറയുന്നത്.

ശരിയാണ്, മറ്റുള്ള പത്രങ്ങളിൽ ഒന്നും ഇല്ലാത്തത്?

നമ്മൾ അത് തന്നെയാണ് പറഞ്ഞിട്ടുള്ളത്.

നമ്മുടെ സംസ്ഥാനം എവിടെയാണ് സാർ കുറച്ചത്?

കേരളം എവിടെയാണ് കൂട്ടിയത്. വില കൂടിയപ്പോൾ കേരളം കൂട്ടിയെന്ന് പറഞ്ഞില്ലെ, അതുകൊണ്ടാണ് കുറച്ചെന്ന് പറഞ്ഞത്.

കൂട്ടിയതുകൊണ്ട് കുറച്ചു എന്നാണോ?

അല്ല കൂട്ടാതെയും കൂട്ടിയെന്ന് പറഞ്ഞു, വില കൂടുമ്പോൾ. കേന്ദ്രം കൂട്ടയപ്പോൾ അങ്ങനെയല്ലെ പറഞ്ഞത്.

എന്റെ സംശയം.....?

ഒരു നമ്പർ താരം 0471.....

അല്ല ഇതേതാ നമ്പർ?

ഇത് കണ്ണൂരാണ്..

ആയിക്കോട്ടെ, കണ്ണൂരിലും വാർത്തയുണ്ടല്ലോ?

അതല്ല വാർത്ത കൊടുത്ത സ്ഥലമല്ലെ നിങ്ങൾക്ക് കിട്ടേണ്ടത്. അവർ പറഞ്ഞുതരും.

നിങ്ങൾക്ക് അറിയാമല്ലോ. കണ്ണൂർ എഡിഷൻ എന്ന് അടിച്ചു കൊടുക്കുമ്പോൾ നിങ്ങൾക്കും അറിയാമല്ലോ?

അതെ.....

സാറെ എന്തിനാണ് സാറഎ മനുഷ്യനെ ഇങ്ങനെ പറ്റിക്കുന്നത്?

ഇതിന് മറുപടി ഇത്രയെ ഉള്ളു.

എന്ത് മറുപടി, മനുഷ്യന്മാരെ വിഢികളാക്കുന്നതിന് ഒരു പരിധിയില്ലെ സാറെ?

സാധാരണക്കാരെ, പാവപ്പെട്ടവരെ പറ്റിക്കുന്നത്. അവരുടെ കൂടെ നിൽക്കേണ്ടതല്ലെ സാർ?

സാറെ നിങ്ങൾ പാവപ്പെട്ടവരുടെ കൂടെ നിൽക്കു, സാധാരണക്കാരുടെ കൂടെ നിൽക്കു. എന്നാൽ നിങ്ങളെയും സപ്പോർട്ട് ചെയ്യും. കൈരളിയേയും സപ്പോർട്ട് ചെയ്യും. നമ്മുടെ കൂടെയല്ലെ നിങ്ങൾ നിൽക്കേണ്ടത് സാർ. പക്ഷേ നിങ്ങൾ ഈ കാട്ടിക്കൂട്ടുന്ന വിവരക്കേടുകൾക്ക്?

നിങ്ങൾ മാത്രം പറഞ്ഞാൽ പോരല്ലോ, ഞാൻ പറയട്ടെ, അതിനല്ലെ നിങ്ങൾക്ക് ഒരു നമ്പർ ഞാൻ തരുന്നത് അതിൽ വിളിച്ച് ചോദിക്കു.....

എന്ത് ഉഡായിപ്പാണിത്. നമ്മുടെ കൂടെയല്ലെ നിങ്ങൾ നിൽക്കേണ്ടത്. നമ്മുടെ കൂടെയല്ലെ നിങ്ങൾ നിൽക്കേണ്ടത്?

ദേശാഭിമാനി പത്രത്തിൽ നൽകുന്ന വിശദീകരണം ഇങ്ങനെ
ലിറ്റർ പെട്രോളിന് 32.9 രൂപയും ഡീസലിന് 31.8 രൂപയുമാണ് കേന്ദ്ര നികുതി. ശതമാന അടിസ്ഥാനത്തിലാണ് കേരളത്തിന്റെ നികുതി. പെട്രോളിന് 30.08 ശതമാനവും ഡീസലിന്റേത് 22.76 ശതമാനവും. വിലകൂടുമ്പോൾ നികുതി കൂടുകയും കുറയുമ്പോൾ കുറയുകയും ചെയ്യും. ഇപ്പോഴത്തെ വിലക്കുറവിന് ആനുപാതികമായി സംസ്ഥാന നികുതിയും കുറഞ്ഞു. ഈ നഷ്ടം നികത്താൻ നികുതി വർധിപ്പിക്കേണ്ടെന്ന നിലപാടിലൂടെയാണ് ജനങ്ങൾക്ക് ആശ്വാസം നൽകുന്നത്.

ജനങ്ങൾക്ക് ആശ്വാസം ഉറപ്പാക്കാനാണ് നികുതിവർധന വേണ്ടെന്നുവച്ചതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞുവെന്നും ദേശാഭിമാനി റിപ്പോർട്ടിൽ പറയുന്നു. ഉമ്മൻ ചാണ്ടി സർക്കാർ ഇന്ധനവില കുറഞ്ഞപ്പോഴെല്ലാം നികുതി വർധിപ്പിച്ച് വരുമാനം നിലനിർത്തുകയായിരുന്നു. എൽഡിഎഫ് സർക്കാരിന്റെ ആറുവർഷത്തിൽ നികുതി ഉയർത്തിയിട്ടില്ല. ഒരുതവണ കുറച്ചതിലൂടെ 1500 കോടിയിലേറെ രൂപയുടെ ആശ്വാസവും നൽകി. കോവിഡിന്റെ ഭാഗമായി മിക്ക സംസ്ഥാനങ്ങളും പെട്രോളിനും ഡീസലിനും അഞ്ചുരൂപവരെ പ്രത്യേക തീരുവ ഏർപ്പെടുത്തിയിരുന്നു. കേരളം അങ്ങനെ ചെയ്തിട്ടില്ല. ചില സംസ്ഥാനങ്ങൾ ഈ സെസ് ഇപ്പോൾ പിൻവലിക്കുന്നുണ്ട്. ഇങ്ങനെ പോകുന്നു പത്ര റിപ്പോർട്ടിലെ ന്യായികരണങ്ങൾ.