തിരുവനന്തപുരം: പേട്ടയിൽ മകളെ കാണാനെത്തിയ ആൺസുഹൃത്തിനെ അച്ഛൻ കുത്തിക്കൊന്ന സംഭവത്തിൽ വൻ ദുരൂഹത. പുലർച്ചെ വീട്ടിൽ കണ്ട അനീഷ് ജോർജിനെ(19) കള്ളനാണെന്ന് കരുതി കുത്തിയതെന്നാണ് പ്രതി സൈമൺ ലാലയുടെ മൊഴി. ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു. അതിനിടെ പെൺകുട്ടിയുടെ ആൺസുഹൃത്തിനെ ബോധപൂർവ്വം കുത്തിയതാണെന്ന സംശയമാണ് സജീവമാകുന്നത്.

പുലർച്ചെ ആകാറായതോടെ മകളുടെ മുറിയിൽ അസാധാരണ ശബ്ദം അച്ഛൻ കേട്ടുവെന്നും ഉടൻ കത്തിയുമായി എത്തി മുറി ചവിട്ടി തുറന്ന് അനീഷിനെ കുത്തിയെന്നുമാണ് സൂചന. അനീഷിനെ സൈമണും നേരിട്ട് അറിയാം. അതുകൊണ്ട് തന്നെ ആളറിയാതെ കള്ളനെന്ന് കരുതി കുത്തിയെന്ന വാദവും നിലനിൽക്കില്ല. എന്നാൽ ഇത് പൊലീസ് സ്ഥിരീകരിക്കുന്നതുമില്ല.

അനീഷിനെ കുത്തിയിട്ട ശേഷം സൈമൺ നേരെ എത്തിയത് പൊലീസ് സ്‌റ്റേഷനിലാണ്. വീട്ടിൽ നിന്ന് ഒന്നര കിലോമീറ്റർ ചുറ്റളവിലാണ് സ്‌റ്റേഷൻ. ആളുമാറി കുത്തിയതാണെങ്കിൽ അനീഷിനെ രക്ഷിക്കാനുള്ള ശ്രമം സൈമൺ കാട്ടുമായിരുന്നു. പൊലീസ് സ്‌റ്റേഷനിൽ എത്തി അറിയിച്ച് പൊലീസ് എത്തിയാണ് അനീഷിനെ ആശുപത്രിയിലേക്ക് മാറ്റിയത്. അപ്പോഴേക്കും ചോര വാർന്നു പോയി അതീവ ഗുരുതരാവസ്ഥയിലായി അനീഷ്. കുത്തിയപ്പോൾ തന്നെ ആശുപത്രിയിലേക്ക് എത്തിച്ചിരുന്നുവെങ്കിൽ അനീഷ് രക്ഷപ്പെടുമായിരുന്നു. ആതായത് സൈമണിന്റെ മനസ്സിൽ അനീഷിനോട് പകയുണ്ടായിരുന്നുവെന്ന് വ്യക്തം.

കൊല്ലപ്പെട്ട അനീഷും പ്രതി സൈമണിന്റെ മകളും പള്ളിയിലെ ക്വയർ സംഘത്തിൽ ഒരുമിച്ചായിരുന്നു. ഈ പരിചയമാണ് സൗഹൃദത്തിലേക്കെത്തിയത്. ഇരുവരും തമ്മിൽ സൗഹൃദത്തിലായിരുന്ന കാര്യം അധികമാർക്കും അറിയുമായിരുന്നില്ല. പുലർച്ചെ മൂന്ന് മണിയോടെയാകാം അനീഷ് സ്വന്തം വീട്ടിൽനിന്ന് പുറത്തിറങ്ങിയതെന്നാണ് പൊലീസിന്റെ നിഗമനം. നാല് മണിയോടെയാണ് സൈമണിന്റെ വീട്ടിൽവെച്ച് അനീഷിന് കുത്തേറ്റത്.

ഏറെക്കാലം പ്രവാസിയായിരുന്ന സൈമൺ വീടിന്റെ ഒരുഭാഗം വാടകയ്ക്ക് നൽകിയിരുന്നു. എന്നാൽ സംഭവസമയത്ത് വാടകയ്ക്ക് താമസിക്കുന്നവർ ഇവിടെയുണ്ടായിരുന്നില്ല. അനീഷിന്റെ വീട്ടിൽനിന്ന് 800 മീറ്ററോളം അകലെയാണ് സൈമണിന്റെ വീട്. പൊലീസെത്തി വിവരം അറിയിച്ചപ്പോഴാണ് അനീഷ് വീട്ടിലില്ലെന്ന കാര്യം മാതാപിതാക്കളും അറിയുന്നത്. തലേദിവസം രാത്രി വരെ വീട്ടിലുണ്ടായിരുന്ന മകൻ പുലർച്ചെയോടെ കുത്തേറ്റ് മരിച്ചെന്ന വിവരമറിഞ്ഞ് അവര് അക്ഷരാർത്ഥത്തിൽ ഞെട്ടി.

പുലർച്ചെയാണ് മകളുടെ സുഹൃത്തായ അനീഷ് ജോർജിനെ സൈമൺ ലാല വീട്ടിൽവെച്ച് കുത്തിക്കൊന്നത്. പുലർച്ചെ വീടിന്റെ രണ്ടാംനിലയിൽ കണ്ട യുവാവിനെ കള്ളനാണെന്ന് കരുതി ആക്രമിച്ചെന്നായിരുന്നു സൈമണിന്റെ മൊഴി. സംഭവത്തിന് ശേഷം ഇയാൾ തന്നെയാണ് പേട്ട പൊലീസ് സ്റ്റേഷനിലെത്തി വിവരമറിയിച്ചത്. വീട്ടിൽ ഒരാൾ കുത്തേറ്റ് കിടക്കുന്നുണ്ടെന്നും ആശുപത്രിയിൽ എത്തിക്കണമെന്നുമായിരുന്നു സൈമൺ പൊലീസിനോട് പറഞ്ഞത്.

തുടർന്ന് പൊലീസെത്തി അനീഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ബഥനി കോളേജിലെ രണ്ടാംവർഷ ബി.കോം വിദ്യാർത്ഥിയാണ് കൊല്ലപ്പട്ട അനീഷ് ജോർജ്. സൈമണിന്റെ വീട്ടിലുള്ളവരിൽ നിന്നാണ് കൊല്ലപ്പെട്ടത് അനീഷാണെന്ന് പൊലീസ് മനസ്സിലാക്കിയത്.