കൊച്ചി: റിമാൻഡിലുള്ള വാറണ്ട് പ്രതിയെ തേടിയെത്തിയ പൊലീസ് വളർത്തുനായയെ തലക്കടിച്ചു കൊന്നു. ചെങ്ങമനാട് വേണാട്ടു പറമ്പിൽ മേരി തങ്കച്ചന്റെ വീട്ടിൽ വളർത്തുന്ന പഗ് ഇനത്തിൽപെട്ട 'പിക്സി' എന്നു പേരുള്ള നായയെയാണ് ചെങ്ങമനാട് പൊലീസ് ഇൻസ്പെക്ടർ അടിച്ചു കൊന്നത്. ശനിയാഴ്ച വൈകിട്ട് 6 മണിയോടെയാണ് സംഭവം.

പൊലീസ് ഇൻസ്പെക്ടർ നായയെ മരത്തടികൊണ്ട് തലയ്ക്ക് അടിച്ചു കൊന്നെന്നാണ് മേരി എസ്‌പിക്കു നൽകിയ പരാതിയിൽ പറയുന്നത്. അടിയുടെ ശക്തിയിൽ മരക്കഷ്ണം രണ്ടായി ഒടിഞ്ഞു പോകുകയും ചെയ്തു. നായയെ പോസ്റ്റുമോർട്ടം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വീട്ടിലെ ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുകയാണ് കുടുംബം.

പൊലീസ് കേസിലെ പ്രതിയും മേരിയുടെ മകനുമായ ജസ്റ്റിനെ പിടികൂടുന്നതിനായാണ് ഇൻസ്പെക്ടർ വീട്ടിലെത്തുന്നത്. പിൻവാതിലിലൂടെ അകത്തേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെ പുറത്തേക്കു വന്ന നായയെ ഇൻസ്പെക്ടർ മരത്തടികൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. ഈ സമയം മേരി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. നായയെ അടിച്ച മരത്തടി രണ്ടായി മുറിഞ്ഞു. അപ്പോൾ തന്നെ പിടഞ്ഞുവീണ നായ കൺമുന്നിൽ മരിച്ചു. ഇൻസ്പെക്ടർ ഉൾപ്പെടെ മൂന്നു പേരാണ് പ്രതിയെ തേടി ചെങ്ങമനാടുള്ള ഇവരുടെ വീട്ടിലെത്തിയത്.

രണ്ടുപേരെ വീടിന്റെ മുൻവശത്തു നിർത്തി ഇൻസ്പെക്ടർ പിന്നിലൂടെ വീട്ടിനകത്തു കടക്കാൻ ശ്രമിക്കുകയായിരുന്നു. ഈ സമയമാണ് നായ പുറത്തേക്കു ചെന്നതും അടിച്ചു കൊന്നതും. നായയെ അടിച്ചു കൊന്നത് ചോദ്യം ചെയ്തപ്പോൾ ഒന്നും മിണ്ടാതെ പൊലീസ് വീട്ടിൽനിന്ന് ഇറങ്ങിപ്പോയി വാഹനത്തിൽ കയറി.

ഇതോടെ ഓടിച്ചെന്ന മേരി പൊലീസ് വാഹനത്തിന്റെ മുന്നിൽ കയറിനിന്നു. ഡ്രൈവർ വാഹനം മുന്നോട്ടെടുക്കുകയും വണ്ടിയുടെ മുന്നിൽ നിന്നു മാറടീ, അല്ലെങ്കിൽ ദേഹത്ത് കൂടി കയറ്റുമെന്ന് ആക്രോശിക്കുകയും ചെയ്തു. പേടിച്ചു പോയ മേരി പിന്മാറി. താൻ മാത്രം വീട്ടിലുള്ളപ്പോൾ വീട്ടിൽ അതിക്രമിച്ചു കയറി നായയെ കൺമുന്നിൽ അടിച്ചു കൊല്ലുകയും വാഹനം കയറ്റുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നാണ് ഇവർ നൽകിയ പരാതിയിൽ പറയുന്നത്.

ചെങ്ങമനാട് ഉൾപ്പെടെ പല സ്റ്റേഷനുകളിൽ ജസ്റ്റിനെതിരെ കേസുകളുണ്ട്. പൊലീസ് അന്വേഷിച്ചു ചെല്ലുമ്പോൾ ഇയാളെ മറ്റൊരു കേസിൽ നെടുമ്പാശേരി പൊലീസ് കസ്റ്റഡിയിലെടുത്തു റിമാണ്ടു ചെയ്തിരിക്കുകയായിരുന്നു. ഇത് അറിയാതെയാണ് പൊലീസ് ജസ്റ്റിന്റെ വീട്ടിലെത്തുന്നത്. കഴിഞ്ഞ ദിവസം ഒരു ഹോട്ടലിൽ തല്ലുണ്ടാക്കിയതിന്റെ പേരിലാണ് ഇയാൾ പിടിയിലായത്. നായയെ അടിച്ചു കൊന്ന ഇൻസ്പെക്ടർക്കെതിരെ പരാതിയുമായി സ്റ്റേഷനിൽ ചെന്ന മേരിയുടെ മകൻ ജിജോയെ പൊലീസ് മടക്കി അയച്ചെന്നും പറയുന്നു.

സംഭവത്തെക്കുറിച്ച് അറിയില്ലെന്ന നിലപാടിലാണ് ചെങ്ങമനാട് പൊലീസ്. എന്തെങ്കിലുമുണ്ടെങ്കിൽ ഇൻസ്പെക്ടറോടു ചോദിക്കണമെന്നും അവർ പ്രതികരിച്ചു. ഇതുസംബന്ധിച്ച് സംസാരിക്കാൻ ഇൻസ്പെക്ടറും തയാറായിട്ടില്ല. പരാതിയുമായി സ്റ്റേഷനിൽ എത്തിയ ജിജോയോട് ജിഡി ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ മനഃപൂർവം ചെയ്തതല്ലല്ലോ എന്നു സമ്മതിക്കുന്ന വിഡിയോ പുറത്തുവന്നിട്ടുണ്ട്. കേസു കൊടുക്കണമെങ്കിൽ കേസു കൊടുത്തോ, അത് എസ്ഐ അല്ല സിഐ ആണ് എന്നും വിഡിയോയിൽ ഉദ്യോഗസ്ഥൻ പറയുന്നുണ്ട്.

നായയെ അടിച്ചു കൊന്ന സംഭവത്തിൽ നായപ്രേമി സംഘടനകളും പരാതി നൽകാനൊരങ്ങുകയാണ്. ഇൻസ്പെക്ടർക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ പൊലീസ് സ്റ്റേഷൻ മാർച്ചടക്കമുള്ള പ്രതിഷേധപരിപാടികൾ നടത്തുമെന്നും അവർ അറിയിച്ചു.