ഷാർജ: യുഎഇയിൽ അശ്ലീല സി.ഡികളുടെ വൻശേഖരം പിടിച്ചെടുത്തു. ഷാർജയിൽ നടത്തിയ റെയ്‍ഡുകളിലാണ് ഇത്രയധികം സി.ഡികൾ കണ്ടെടുത്തതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. സി.ഡികളുടെ നിരവധി കോപ്പികൾ തയ്യാറാക്കിയ സംഘവും അറസ്റ്റിലായിട്ടുണ്ട്. ഒരു ഏഷ്യൻ രാജ്യത്താണ് ഇവ നിർമ്മിച്ചതെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

അശ്ലീല സി.ഡികളുടെ കോപ്പികൾ തയ്യാറാക്കി ഇൻഡസ്‍ട്രിയൽ ഏരിയകളിലും മറ്റും വിൽപന നടത്തിയിരുന്ന സംഘമാണ് പിടിയിലായത്. വ്യവസായ മേഖലകളിലെ ലേബർ ക്യാമ്പുകളിലെ ആയിരക്കണക്കിന് തൊഴിലാളികളായിരുന്നു സംഘത്തിന്റെ വിപണി. ഓൺലൈൻ വഴി അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന സംഘത്തെയും ഉദ്യഗസ്ഥർ കഴിഞ്ഞ ദിവസങ്ങളിൽ പിടികൂടിയിട്ടുണ്ട്. ദീർഘനേരം ഓൺലൈനിൽ ചിലവഴിക്കുന്ന കുട്ടികളുടെ കാര്യത്തിൽ ശ്രദ്ധവേണമെന്ന് മാതാപിതാക്കളെയും അധികൃതർ ഓർമിപ്പിച്ചു.

കുട്ടികൾക്ക് അശ്ലീല ദൃശ്യങ്ങൾ എത്തിച്ചുകൊടുക്കുന്ന സൈബർ ക്രിമനലുകളെ സൂക്ഷിക്കണം. കുട്ടികളുടെ ഓൺലൈൻ ഇടപെടലുകളും ഓൺലൈൻ പർച്ചേസുകളും നിരീക്ഷിച്ച് ഇത്തരം വസ്‍തുക്കൾ അവർക്ക് ലഭിക്കുന്നില്ലെന്ന് രക്ഷിതാക്കൾ ഉറപ്പാക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.