പെഷവാർ: വടക്കു പടിഞ്ഞാറൻ പാക്കിസ്ഥാനിൽ തകർക്കപ്പെട്ട 100 വർഷം പഴക്കമുള്ള മഹാരാജ പരമഹൻസ് ജി ക്ഷേത്രം പുനർനിർമ്മിച്ചതിന് പിന്നാലെ തീർത്ഥാടക പ്രവാഹം. കനത്ത സുരക്ഷയിൽ ക്ഷേത്ര സന്ദർശനത്തിൽ ഇന്ത്യ, യു.എസ്, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള തീർത്ഥാടകരാണ് ശനിയാഴ്ച പ്രാർത്ഥന നടത്തിയത്.

ക്ഷേത്രം തകർത്ത് ഒരു വർഷത്തിന് ശേഷം നടന്ന തീർത്ഥാടനത്തിൽ ഇന്ത്യയിൽ നിന്ന് 200 പേർ എത്തി. വാഗ അതിർത്തിയിലൂടെ പാക്കിസ്ഥാനിൽ പ്രവേശിച്ച ഇന്ത്യയിലെ തീർത്ഥാടകർ സൈന്യത്തിന്റെ സംരക്ഷണത്തോടെയാണ് ക്ഷേത്രത്തിൽ പ്രവേശിച്ചത്. പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസും പാക് - ഹിന്ദു കൗൺസിലും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.

ഖൈബർ പഖ്തൂൺഖ്വയിലെ കരക് ജില്ലയിൽ തേരി ഗ്രാമത്തിലുള്ള പരമഹൻസ് ജിയുടെ ക്ഷേത്രവും സമാധിയും തീവ്രവാദ സംഘടനകൾ കഴിഞ്ഞ വർഷമാണ് തകർത്തത്. സംഭവം ആഗോള തലത്തിൽ അപലപിക്കപ്പെട്ടിരുന്നു. തുടർന്ന് ക്ഷേത്രത്തിൽ വിപുലമായ അറ്റകുറ്റപ്പണി നടത്തി നവീകരിക്കുകയായിരുന്നു.

പാക്കിസ്ഥാനി ഹിന്ദു കൗൺസിലും പാക്കിസ്ഥാൻ അന്താരാഷ്ട്ര എയർലൈൻസും സംയുക്തമായാണ് പുതുവത്സരാഘോഷത്തിന്റെ ഭാഗമായി പരിപാടി സംഘടിപ്പിച്ചത്. തീർത്ഥാടകർക്ക് താമസിക്കാൻ പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു. ശനിയാഴ്ച ആരംഭിച്ച ആഘോഷം ഞായറാഴ്ച ഉച്ചവരെ നീണ്ടുനിന്നു.

ക്ഷേത്ര പരിസരത്തും തേരി വില്ലേജിലുമായി റേഞ്ചേഴ്‌സ്, ഇന്റലിജൻസ്, എയർപോർട്ട് സുരക്ഷ സേന വിഭാഗങ്ങളിൽ നിന്നുള്ള 600 ഉദ്യോഗസ്ഥരെ സുരക്ഷക്കായി നിയമിച്ചിട്ടുണ്ട്. ഹുജറാസിലും, ഓപ്പൺ എയർ റിസപ്ഷനിലുമാണ് അഭയാർത്ഥികൾക്കുള്ള താമസസൗകര്യം ഒരുക്കിയിട്ടുള്ളത്.

ഖൈബർ പഖ്തൂൺഖ്വയിലെ കരക് ജില്ലയിലെ തേരി ഗ്രാമത്തിലുള്ള പരമഹൻസ് ജിയുടെ ക്ഷേത്രവും സമാധിയും 2020 ലാണ് തീവ്രവാദികൾ ആക്രമിച്ച് തകർത്തത്. ഇത് അന്താരാഷ്ട്രതലത്തിൽ വൻ വിവാദങ്ങൾക്ക് വഴിവെച്ചു. ഇന്ത്യ വിഷയത്തിൽ ഇടപെട്ടതോടെയാണ് ക്ഷേത്രം നവീകരിക്കാൻ പാക് ഭരണകൂടം നിർബന്ധിതരായത്.