ന്യൂഡൽഹി: വിദ്വേഷ പ്രസംഗം പ്രചരിപ്പിച്ച എംഎൽഎ രാജ സിംഗിനെ ഒടുവിൽ ഫേസ്‌ബുക്ക് വിലക്കുമ്പോൾ വീണ്ടും ചർച്ചകളിൽ നിറയുന്നത് വി​ദ്വേഷ പ്രസം​ഗത്തിലൂടെ കുപ്രസിദ്ധിയാർജ്ജിച്ച ബിജെപി നേതാവിന്റെ കഥകൾ. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ മുതൽ റോഹിങ്ക്യൻ അഭയാർത്ഥികൾ വരെ രാജ സിം​ഗിന്റെ വിദ്വേഷ പ്രചാരണങ്ങൾക്ക് ഇരയായി. പിണറായി വിജയനെ ഹിന്ദുക്കളുടെ കൊലയാളി എന്ന് വിളിച്ച ബിജെപി നേതാവ് റോഹിങ്ക്യൻ അഭയാർത്ഥികളെ വെടിവെച്ച് കൊല്ലുമെന്നാണ് ഭീഷണി മുഴക്കിയത്.

ടി. രാജാ സിംഗിന്റെ വിദ്വേഷ പോസ്റ്റിനെതിരായ നടപടി ഒഴിവാക്കിയത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് കേന്ദ്ര സർക്കാരിനു വേണ്ടി ഫേസ്‌ബുക്ക് തങ്ങളുടെ മാനദണ്ഡങ്ങൾ തിരുത്തുന്നതായി കണ്ടെത്തിയത്. റോഹിങ്ക്യകളും ബംഗ്ലാദേശികളുമായ അനധികൃത കുടിയേറ്റക്കാർ രാജ്യം വിട്ട് പോയില്ലെങ്കിൽ അവരെ വെടിവെച്ച് കൊല്ലണമെന്ന് ഫേസ്‌ബുക്കിലൂടെ പറഞ്ഞ ടി. രാജാസിങ്ങിനെതിരെ ഫേസ്‌ബുക്ക് നടപടിയെടുക്കാത്തത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് കേന്ദ്ര സർക്കാരിനു വേണ്ടി ഫേസ്‌ബുക്ക് തങ്ങളുടെ മാനദണ്ഡങ്ങൾ തിരുത്തുന്നതായി കണ്ടെത്തിയത്. അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അവസാന കരട് പുറപ്പെടുവിച്ചതിന്റെ അടുത്ത ദിവസമായിരുന്നു രാജാസിംഗിന്റെ ഇത്തരമൊരു പ്രസ്താവന. വാൾസ്ട്രീറ്റ് ജേർണലാണ് വിദ്വേഷ പ്രചരണ പോസ്റ്റുകളിൽ നടപടിയെടുക്കാനുള്ള മാനദണ്ഡങ്ങൾ ബിജെപി നേതാക്കൾക്കു വേണ്ടി ഫേസ്‌ബുക്ക് ഇന്ത്യ മാറ്റുന്നെന്ന് റിപ്പോർട്ട് പുറത്തു വിട്ടത്.

പ്രകോപനപരമായതും വിദ്വേഷം നിറഞ്ഞതുമായ പ്രസംഗങ്ങൾ നടത്തിയതിന്റെ പേരിൽ 60 ൽ ഏറെ കേസുകളാണ് രാജാസിങ്ങിന് എതിരെയുള്ളത്. എന്നാൽ ഒരുകേസിൽ പോലും ഇദ്ദേഹം ശിക്ഷിക്കപ്പെട്ടിട്ടില്ല. 2017 മാർച്ചിൽ സിപിഐ.എം ഹൈദരാബാദിൽ സംഘടിപ്പിച്ച യോഗം തടസ്സപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയും രാജാ സിങ് രംഗത്തെത്തിയിരുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ഇദ്ദേഹം ഭീഷണി മുഴക്കിയിരുന്നു. കേരളത്തിൽ ഹിന്ദു സമൂഹം സുരക്ഷിതരല്ലെന്ന് പറഞ്ഞ രാജാസിങ് പിണറായിയെ ‘ഹിന്ദുക്കളുടെ ഘാതകൻ' എന്നായിരുന്നു അന്ന് വിശേഷിപ്പിച്ചത്.

വിദ്വേഷവും അക്രമവും പ്രോത്സഹിപ്പിക്കുന്ന ഉള്ളടക്കം സംബന്ധിച്ച നയം ലംഘിച്ചതിനാണു രാജ സിംഗിന് വിലക്കെന്നു ഫേസ്‌ബുക്ക് വക്താവ് അറിയിച്ചു. ഫേസ്‌ബുക്കിന്റെ നയങ്ങൾ ലംഘിക്കുന്നവർക്കെതിരേ പരിശോധന സമഗ്രമായി നടക്കുകയാണെന്നും അതാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്താൻ കാരണമെന്നും കമ്പനി അറിയിച്ചു. ബിജെപിക്കുവേണ്ടി വിദ്വേഷ ഉള്ളടക്കം സംബന്ധിച്ച നയത്തിൽ ഫേസ്‌ബുക്ക് വിട്ടുവീഴ്ച ചെയ്‌തെന്ന ആരോപണത്തിന്റെ കേന്ദ്ര ബിന്ദുവായിരുന്നു തെലങ്കാനയിലെ ബിജെപി എംഎൽഎയായ രാജ സിങ്. ഫേസ്‌ബുക്കിന്റെ എല്ലാ പ്ലാറ്റ് ഫോമുകളിൽനിന്നും അദ്ദേഹത്തെ വിലക്കാൻ നേരത്തെ തീരുമാനിച്ചിരുന്നുവെങ്കിലും ഇന്ത്യയിലെ കന്പനിയുടെ നടത്തിപ്പുകാർ തീരുമാനം നടപ്പിലാക്കിയില്ലെന്ന ആക്ഷേപം വലിയ രാഷ്ട്രീയ വിവാദങ്ങൾ സൃഷ്ടിച്ചു.