തിരുവനന്തപുരം: കോവിഡു കാലത്ത് പ്രതിനിധികളുടെ എണ്ണം കുറച്ച് സിപിഎം സംഘടനാ സമ്മേളനങ്ങൾ. ജില്ലാ സമ്മേളനങ്ങൾക്ക് പ്രതിനിധികൾ കുറയും. ഏരിയ, ജില്ലാ സമ്മേളന പ്രതിനിധികളുടെ എണ്ണവും സമ്മേളന നടത്തിപ്പും ചർച്ച ചെയ്യാനായി എല്ലാ ജില്ലാ കമ്മിറ്റികളുടെയും യോഗം ഓണത്തിനു ശേഷം ചേരും. ജില്ലാ സമ്മേളന പ്രതിനിധികളുടെ എണ്ണം നിശ്ചയിച്ചു.

കേരളത്തിലെ പാർട്ടിയിൽ വിഭാഗീയതയും പാർലമെന്ററി വ്യാമോഹവും ഉണ്ടെന്ന കേന്ദ്ര കമ്മിറ്റി വിലയിരുത്തൽ തള്ളിയാണ് സംസ്ഥാന നേതൃത്വം സമ്മേളനത്തിന് ഒരുങ്ങുന്നത്. 'അതെല്ലാം പഴയ രേഖ അല്ലേ?' ചോദ്യത്തോടെ വിമർശനങ്ങളെ തള്ളിക്കളയും. സമ്പൂർണ്ണ പിണറായി അധിപത്യം സമ്മേളനത്തിന് ശേഷം സിപിഎമ്മിൽ ഉണ്ടാകും. പോളിറ്റ് ബ്യൂറോയിലും പിടിമുറുക്കും. കണ്ണൂരിൽ പാർട്ടി കോൺഗ്രസ് നടക്കുന്ന സാഹചര്യം പരമാവധി മുതലാക്കാനാണ് തീരുമാനം.

ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് സീതാറാം യെച്ചൂരിയെ മാറ്റുന്നതിനുള്ള സാധ്യതയും തേടും. എംഎ ബേബിയെ കൊണ്ടു വരാനാണ് നീക്കം. കോടിയേരി ബാലകൃഷ്ണൻ താമസിയാതെ സിപിഎം സെക്രട്ടറി പദത്തിൽ മടങ്ങി എത്തുമെന്നും സൂചനയുണ്ട്. കണ്ണൂരിൽ പി ജയരാജന്റെ സ്വാധീനം കുറയ്ക്കാനും നടപടിയുണ്ടാകും. അർജുൻ ആയങ്കി വിഷയത്തിലെ ശാസന ഇതിന് തെളിവാണ്.

ജില്ലാ സമ്മേളനങ്ങളിൽ അംഗസംഖ്യയുടെ അനുപാത രീതി പുനർനിശ്ചയിക്കും. ഉദാഹരണത്തിന് 100 അംഗങ്ങൾക്ക് ഒരു പ്രതിനിധി എന്ന മാനദണ്ഡം 150 അംഗത്തിന് ഒരാൾ എന്നാക്കും. സംസ്ഥാന സമ്മേളന പ്രതിനിധികളുടെ എണ്ണം അന്നത്തെ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് തീരുമാനിക്കും. അങ്ങനെ കോവിഡ് കാലത്ത് സമ്മേളനം നടത്താനാണ് സിപിഎം ഒരുങ്ങുന്നത്.

സെപ്റ്റംബർ രണ്ടാം വാരം ബ്രാഞ്ച് സമ്മേളനങ്ങൾ ആരംഭിക്കും. ഡിസംബർ, ജനുവരി മാസങ്ങളിൽ ജില്ലാ സമ്മേളനവും ഫെബ്രുവരിയിൽ എറണാകുളത്തു സംസ്ഥാന സമ്മേളനവും നടത്തും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാവും സമ്മേളന നടത്തിപ്പ്. ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങളിൽ പ്രതിനിധികൾ അൻപതിൽ താഴെ ആയതിനാൽ അതു മുൻകാലങ്ങളിലേതു പോലെ നടത്തും. ഏരിയ, ജില്ലാ സമ്മേളനങ്ങളിൽ പ്രതിനിധികളെ നിയന്ത്രിക്കും.

പാർട്ടി കോൺഗ്രസിനു കണ്ണൂരിലെ നായനാർ അക്കാദമി വേദിയാകും. സംസ്ഥാന കമ്മിറ്റി യോഗത്തോടനുബന്ധിച്ച് ഇക്കാര്യം തീരുമാനിച്ചതിനെത്തുടർന്നു പ്രാഥമിക ഒരുക്കം അവലോകനം ചെയ്തു.