തിരുവനന്തപുരം: സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മൊഴി അതീവ രഹസ്യമായി രേഖപ്പെടുത്താൻ കേന്ദ്ര ഏജൻസികളിൽ ധാരണ. കേസിൽ പല ഏജൻസികൾക്കും മുഖ്യമന്ത്രിയുടെ ഓഫീസുമായും ബന്ധപ്പെട്ടുള്ള നിരവധി മൊഴികൾ കിട്ടിയിരുന്നു. ഇതിൽ വ്യക്തത വരുത്താനാണ് മൊഴി എടുക്കുന്നത്. അതീവ രഹസ്യമായി മുഖ്യമന്ത്രിയുടെ അടുത്തെത്തി നടപടി ക്രമങ്ങൾ പൂർത്തിയാക്കാനാണ് നീക്കം. അതിന് ശേഷം മുഖ്യമന്ത്രിയെ കുറ്റവിമുക്തനാക്കി റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുകയും ചെയ്യും.

സ്വർണ്ണ കടത്ത് കേസിലെ പ്രതികളുടെ മൊഴിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണങ്ങളും വെളിപ്പെടുത്തലുമുണ്ട്. എന്നാൽ പിണറായിയെ വ്യക്തിപരമായി പ്രതിചേർക്കാൻ പോന്നതൊന്നും ഇല്ലെന്നതാണ് കസ്റ്റംസിന്റേയും ഇഡിയുടേയും വിലയിരുത്തൽ. എങ്കിലും പേര് ചർച്ചയായതു കൊണ്ട് നടപടി ക്രമങ്ങളുടെ പേരിൽ മൊഴി എടുക്കണം. അത് അതീവ രഹസ്യമായി ചെയ്യാനാണ് പദ്ധതി. നേരത്തെ മുൻ സ്പീക്കർ ശ്രീരാമകൃഷ്ണനോടും ഇത്തരത്തിൽ കേന്ദ്ര ഏജൻസികൾ നിയമസഭാ മന്ദിരത്തിൽ എത്തി ആശയ വിനിമയം നടത്തിയിരുന്നു. ഭരണ ഘടനാ പദവിയിൽ ഇരിക്കെ ശ്രീരാമകൃഷ്ണന് നൽകിയ ആനുകൂല്യം മുഖ്യമന്ത്രിക്കും നൽകും.

മൊഴി എടുക്കാനായി പിണറായിയെ ഓഫീസിലേക്ക് കേന്ദ്ര ഏജൻസി വിളിച്ചു വരുത്തില്ല. ഇത്തരത്തിലുള്ള വാർത്താ പ്രാധാന്യം പിണറായിയുടെ മൊഴി എടുക്കലിന് കൊടുക്കേണ്ടതില്ലെന്നാണ് തീരുമാനം. മുഖ്യമന്ത്രിയുടെ സമ്മതവും സമയവും വാങ്ങി ചോദ്യങ്ങളിൽ ഉത്തരം തേടും. അത് കോടതിയിൽ ഹാജരാക്കാനാണ് തീരുമാനം. മുഖ്യമന്ത്രിക്കെതിരെ ഇഡി ഗൂഢാലോചന നടത്തുന്നുവെന്ന് സ്വപ്‌നാ സുരേഷും കൂട്ടു പ്രതികളും ആരോപിച്ചിരുന്നു. ഇക്കാര്യത്തിൽ കോടതിയുടെ പരിശോധനകളും നടക്കുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് ഇത്തരത്തിൽ അന്വേഷണം അവസാനിപ്പിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെയുള്ള മൊഴികളിൽ തെളിവൊന്നും കേന്ദ്ര ഏജൻസികൾക്ക് ഇനിയും കിട്ടിയിട്ടില്ല. അതീവ രഹസ്യമായി തെളിവ് ശേഖരണത്തിനുള്ള ശ്രമം കേന്ദ്ര ഏജൻസികൾ നടത്തിയിരുന്നു. അതിന് ശേഷമാണ് മൊഴി എടുത്ത് ആരോപണം തള്ളിക്കളയാനുള്ള തീരുമാനം.

ഏതാണ്ട് സ്വർണ്ണ കടത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം അവസാന ഘട്ടത്തിലാണ്. കോഫേപോസ തടവിന്റെ കാലാവധി കഴിഞ്ഞാൽ സ്വപ്‌നയും സന്ദീപും സരിത്തും അടക്കമുള്ളവർക്ക് പുറത്തിറങ്ങാനും കഴിയും. എൻഐഎ കേസിലും ഇവർക്ക് ജാമ്യം കിട്ടാനാണ് സാധ്യത. സ്വർണ്ണ കടത്തിലെ ഭീകര വാദത്തിൽ അന്വേഷണം എൻഐഎയ്ക്ക് കൃത്യമായി പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ദുബായിലുള്ള പല പ്രതികളേയും കസ്റ്റഡിയിൽ എടുക്കാൻ പോലും കഴിഞ്ഞല്ല. നയതന്ത്ര പരിരക്ഷയുള്ളവരെ ചോദ്യം ചെയ്യാനും കഴിഞ്ഞില്ല. ഈ സാഹചര്യത്തിൽ ഇനി അന്വേഷണത്തിന് വലിയ പ്രസക്തിയും ഉണ്ടാകില്ല.

ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിക്കും മുൻ സ്പീക്കർക്കും പങ്കുണ്ടെന്ന് കസ്റ്റംസ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. ജയിലിൽ വച്ച് സ്വപ്നയെ ചോദ്യം ചെയ്യുന്നതിനെ ചൊല്ലി ജയിൽ വകുപ്പും കസ്റ്റംസ് തമ്മിൽ തർക്കം നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നിലനിൽക്കുന്നുണ്ട്. ഈ ഹർജിയുടെ ഭാഗമായിട്ടാണ് കസ്റ്റംസ് നിർണായക വെളിപ്പെടുത്തൽ നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണനും ഡോളർ കടത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് 164-ാം വകുപ്പ് പ്രകാരമുള്ള സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയിൽ പറയുന്നു.

സ്വർണക്കടത്തിൽ അന്വേഷണം നേരിടുന്ന യുഎഇ കോൺസുലർ ജനറലുമായി അടുത്ത ബന്ധമാണ് മുഖ്യമന്ത്രിക്കുണ്ടായിരുന്നത്. അറബി അറിയാവുന്നവരായിരുന്നില്ല മുഖ്യമന്ത്രിയും മുൻ സ്പീക്കറും. അതിനാൽ ഇവർക്കും കോൺസുലർ ജനറലിനുമിടയിൽ മധ്യസ്ഥത വഹിച്ച് സംസാരിച്ചത് താനായിരുന്നുവെന്നും മുഖ്യമന്ത്രിയെ കൂടാതെ ആദ്യ പിണറായി മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാരും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിരുന്നുവെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്. എന്നാൽ ഇതെല്ലാം വെറും ആരോപണം മാത്രമാണെന്ന നിലപാടിലാണ് കേന്ദ്ര ഏജൻസികൾ ഇപ്പോൾ എത്തുന്നത്.

കോൺസുലർ ജനറലിന്റെ സഹായത്തോടെ മുഖ്യമന്ത്രിയും മുൻ സ്പീക്കറും ഡോളർ കടത്തിയെന്ന് സ്വപ്നയുടെ മൊഴിയിൽ പറയുന്നു. അനധികൃത പണമിടപാടുകളാണ് കോൺസുലർ ജനറലുമായി ഇവർ നടത്തിയത്. വിവിധ ഇടപാടുകളിൽ ഉന്നതർ കോടിക്കണക്കിന് രൂപ കമ്മിഷൻ കൈപ്പറ്റിയെന്നതടക്കമുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് സ്വപ്ന സുരേഷ് കോടതിയിൽ നടത്തിയതെന്നും കസ്റ്റംസ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വിശദീകരിച്ചിരുന്നു. ഇതിൽ കഴമ്പില്ലെന്നാണ് ഇപ്പോഴത്തെ അന്വേഷണ സംഘത്തിന്റെ നിലപാട്.

ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ മൊഴി എടുത്ത് അദ്ദേഹത്തെ കേസിൽ നിന്നും പൂർണ്ണമായും ഒഴിവാക്കാനുള്ള നീക്കം. ശ്രീരാമകൃഷ്ണനും കേസിൽ ഇനി നടപടികളെ നേരിടേണ്ടി വരില്ലെന്നാണ് സൂചന.