കൊച്ചി: തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പരമാവധി ആളെ കുറയ്ക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം. ഗവർണ്ണറും മന്ത്രിമാരും അവശ്യത്തിന് ഉദ്യോഗസ്ഥരും മാത്രം സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്താൽ മതിയെന്നാണ് ഹൈക്കോടതി ഉത്തരവ്. സെൻട്രൽ സ്റ്റേഡിയത്തിൽ നിയമം ലംഘിച്ച് ആഘോഷമായി സത്യപ്രതിജ്ഞ നടത്താനുള്ള പിണറായിയുടെ നീക്കത്തിന് തടയിട്ട് ഹൈക്കോടതി ഇടപെടൽ ഉണ്ടാകുന്നു. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിലാണ്. വിളിച്ച പല അതിഥികൾക്കും പങ്കെടുക്കാനാകില്ല.

എംഎൽഎമാരുടെ ഭാര്യമാരും ബന്ധുക്കളും എത്തുന്നത് പരമാവധി ഒഴിവാക്കണം. ഓൺലൈനിലൂടെ ചടങ്ങ് വീക്ഷിക്കാം. നിലവിൽ നിശ്ചയിച്ച സംഖ്യ കുറച്ചുകൊണ്ടാകണം ചടങ്ങ് നടത്തേണ്ടതെന്നും കോടതി നിർദ്ദേശിച്ചു. നിർബന്ധമായും പങ്കെടുക്കേണ്ടവർ തന്നെയാണോ ചടങ്ങിനെത്തുന്നതെന്ന് ഉറപ്പുവരുത്തണം. നിലവിലെ കോവിഡ് സാഹചര്യം മറക്കരുതെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേസമയം സെൻട്രൽ സ്റ്റേഡിയത്തിൽ ചടങ്ങ് നടത്തുന്നതിന് കോടതി തടസ്സം പറഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്. കോവിഡ് പശ്ചാത്തലത്തിൽ അഞ്ഞൂറുപേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിക്കുന്നതിനെതിരെ ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. പക്ഷേ കോവിഡ് പ്രോട്ടോകോളുമായി ബന്ധപ്പെട്ട ഉത്തരവുകൾ പാലിക്കണമെന്നും പറയുന്നു. അങ്ങനെ വന്നാൽ ആൾക്കൂട്ടത്തെ പൂർണ്ണമായും ഒഴിവാക്കേണ്ടി വരും.

ഇപ്പോഴത്തെ സാഹചര്യത്തിൽ ആളെണ്ണം കൂടുതലുള്ള ചടങ്ങ് സംഘടിപ്പിക്കാൻ ആരെയും അനുവദിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി. തൃശൂരിലെ ചികിത്സാനീതി എന്ന സംഘടന നൽകിയ ഹർജിയാണു ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശങ്ങൾ നൽകി തീർപ്പാക്കിയത്. വീട്ടിലിരുന്നു വീക്ഷിച്ചാലും സത്യപ്രതിജ്ഞാ ചടങ്ങിന്റെ അന്തസ്സ് കെടില്ലെന്നു ഹൈക്കോടതി. ആവശ്യമില്ലാത്തവർ വന്നില്ലെങ്കിലും ഇത്തരം ചടങ്ങുകൾ പ്രൗഢിയോടെ നടത്താനാകും. ബംഗാളിൽ 100 ൽ താഴെയും തമിഴ്‌നാട്ടിൽ 200ൽ താഴെയും പുതുച്ചേരിയിൽ 50ൽ താഴെയും ആളുകളാണു സത്യപ്രതിജ്ഞയ്ക്കു പങ്കെടുത്തതെന്നു ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഇതിനെ കുറിച്ചും കോടതി ഉത്തരവിൽ പരാമർശിക്കുന്നുണ്ട്.

വിവാഹ, മരണാനന്തര ചടങ്ങുകളിൽ ആൾക്കൂട്ടം അനുവദിക്കുന്നില്ലെങ്കിൽ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്കു വേണ്ടി നിയന്ത്രണങ്ങളിൽ വെള്ളം ചേർക്കുന്നത് എങ്ങനെയാണെന്നു കോടതി ചോദിച്ചു. സർക്കാർ ചടങ്ങുകൾ പൊതുചടങ്ങോ രാഷ്ട്രീയ ചടങ്ങോ ആയി മാറ്റേണ്ടതില്ലെന്നും നിർദ്ദേശിച്ചു. കോവിഡ് പരിശോധനയും തുറസ്സായ സ്ഥലവും വലിയ ഹാളും ഉണ്ടെങ്കിൽ വിവാഹ ചടങ്ങിൽ 500 പേരെ അനുവദിക്കുമോ? സമാനമായി മരണാനന്തരച്ചടങ്ങിലും ആളെ കൂട്ടാൻ അനുവദിക്കുമോ? സർക്കാരിന്റെ ഭരണഘടനാച്ചടങ്ങും കുടുംബച്ചടങ്ങും ഒരുപോലെയല്ലെന്ന സർക്കാർ വാദം അംഗീകരിക്കാനാവില്ല. മെയ്‌ 6നും 14നും സർക്കാർ പുറപ്പെടുവിച്ച നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഭരണഘടനാച്ചടങ്ങ് ആയാലും ആൾക്കൂട്ടം വേണ്ട-അതീവ ഗൗരവമുള്ളതാണ് കോടതി ഉത്തരവിലെ ഈ ഭാഗം.

അഞ്ഞൂറു പേരെയാണ് സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചത്. എന്നാൽ പ്രതിപക്ഷ എംഎ‍ൽഎമാർ അടക്കം ഉണ്ടാവില്ലെന്ന് അറിയിച്ചതിനാൽ 350 പേരെ മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ എന്നാണ് സർക്കാർ കോടതിയിൽ വിശദീകരണം നൽകിയത്. ജുഡീഷ്യൽ ഓഫീസർമാരും ചടങ്ങിൽ പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചതായും സർക്കാർ കോടതിയെ അറിയിച്ചു. വലിയ തുറസ്സായ സ്ഥലത്ത് എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് പരിപാടി നടക്കുകയെന്നും സർക്കാർ പറഞ്ഞു. കോവിഡ് പ്രതിരോധത്തിനുള്ള നടപടികളെല്ലാം സ്വീകരിച്ചാണ് സത്യപ്രതിജ്ഞച്ചടങ്ങ് സംഘടിപ്പിക്കുന്നതെന്ന വാദം അംഗീകരിച്ചാൽ 500 പേരെ പങ്കെടുപ്പിച്ച് വലിയ ഹാളുകളിലും മറ്റും വിവാഹവും നടത്താമല്ലോ എന്ന് ഹൈക്കോടതി ചോദിച്ചിരുന്നു.

വലിയ സ്റ്റേഡിയത്തിൽ സാമൂഹിക അകലവും ആർ.ടി.പി.സി.ആർ. പരിശോധനയുമൊക്കെ നടത്തിയാണ് ചടങ്ങ് നടത്തുന്നതെന്ന സർക്കാർ വാദം തള്ളിയാണ് ഈ വിലയിരുത്തൽ. കുടുംബച്ചടങ്ങും മരണാനന്തരച്ചടങ്ങും പോലെയല്ല സർക്കാർ ചടങ്ങ് എന്ന വാദം അംഗീകരിക്കാനാകില്ല. ലോക്ഡൗൺ നിർദ്ദേശങ്ങൾ നിലനിൽക്കെ ഭരണഘടനാ ചടങ്ങിന്റെ പേരിൽ 500 പേരെ പങ്കെടുപ്പിക്കുന്നത് അംഗീകരിക്കാനാകില്ല. വിദഗ്ധരുമായി ആലോചിച്ചാണ് സത്യപ്രതിജ്ഞച്ചടങ്ങ് നടത്താൻ മെയ്‌ 17-ന് ഉത്തരവിറക്കിയതെന്നു പറയുന്നുണ്ടെങ്കിലും ഉത്തരവിൽ അത് വ്യക്തമല്ല.

ഭരണഘടനാപരമായ ചടങ്ങാണെന്നും അതിനാൽ അന്തസ്സോടെ നടത്താൻ അനുവദിക്കണമെന്നും സർക്കാർ വാദിച്ചു. ഗവർണറും അദ്ദേഹത്തിന്റെ ഓഫീസിലെ ഉദ്യോഗസ്ഥരും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യേണ്ടവരും ആവശ്യമുള്ള ഉദ്യോഗസ്ഥരുമൊഴിച്ച് ആരെയും സത്യപ്രതിജ്ഞച്ചടങ്ങിൽ പങ്കെടുക്കാൻ അനുവദിക്കേണ്ടതില്ലെന്നാണ് കോടതിയുടെ അഭിപ്രായമെന്നും ഉത്തരവിലുണ്ട്. സത്യപ്രതിജ്ഞച്ചടങ്ങ് വീട്ടിലിരുന്നാണ് കണ്ടതെന്നതിന്റെപേരിൽ ചടങ്ങിന്റെ അന്തസ്സ് നഷ്ടമാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

സർക്കാർ ചടങ്ങുകൾ പൊതുചടങ്ങായോ രാഷ്ട്രീയച്ചടങ്ങായോ മാറ്റാനാകില്ല. സത്യപ്രതിജ്ഞച്ചടങ്ങിനായി മാത്രം നിയന്ത്രണങ്ങളിൽ ഇളവുവരുത്താനാകില്ലെന്നും ഉത്തരവിലുണ്ട്.