തിരുവനന്തപുരം: ധനമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സ്വയം നിരീക്ഷണത്തിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്. ധനമന്ത്രി തോമസ് ഐസക്കിന് കഴിഞ്ഞ ഞായറാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് എകെജി സെന്ററിൽ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഉൾപ്പെടെ പങ്കെടുത്ത സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ തോമസ് ഐസക് പങ്കെടുത്തിരുന്നു. ഇതേതുടർന്നാണ് മുഖ്യമന്ത്രിയടക്കം സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചത്.

രണ്ടാം തവണയാണ് മുഖ്യമന്ത്രിയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവാകുന്നത്. നേരത്തെ കരിപ്പൂർ വിമാനാപകട സ്ഥലം സന്ദർശിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി കോവിഡ് പരിശോധന നടത്തുകയും ഫലം നെഗറ്റീവാകുകയും ചെയ്തിരുന്നു. വിമാനത്താവള സന്ദർശന സമയത്ത് സമ്പർക്കത്തിലൂണ്ടായിരുന്ന മലപ്പുറം ജില്ലാ കളക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നായിരുന്നു ഇത്.