തിരുവനന്തപുരം: സുധാകരന്റെ മകന് എവിടെയൊക്കെ ഷെയർ ഉണ്ടെന്ന് തനിക്ക് അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്റെ മകന് ജനം ടിവിയിൽ ഷെയർ ഉണ്ടെന്ന വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. അതിനകത്ത് ആർക്കൊക്കെ ഷെയർ ഉണ്ടെന്ന് എനിക്ക് അറിയില്ല. പറയുന്ന കാര്യങ്ങളിൽ വസ്തുത വേണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിന് പിന്നാലെ സൈബർ ഇടങ്ങളിലും ഇത് ചർച്ചയായി. സുധാകരന്റെ ചിത്രം പങ്കുവച്ച് ‘സംഘ്യൂണിസ്റ്റ്' എന്ന് പരിഹസിച്ച് എൽദോസ് കുന്നപ്പിള്ളി എംഎൽഎയും രംഗത്തെത്തി. ഫേസ്‌ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പരിഹാസം.

മന്ത്രി ജി.സുധാകരന്റെ മകൻ ജനം ടി വി യുടെ ഷെയർ ഹോൾഡറാണെന്ന് വെളിപ്പെടുത്തി ചാനൽ മാനേജ്മെൻറ് തന്നെ രം​ഗത്ത് വന്നിരുന്നു. ജനം. ടി.വിയുടെ തന്നെ ചർച്ചയ്ക്കിടയിൽ ചീഫ് എഡിറ്റർ ജി.കെ സുരേഷ് ബാബുവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മന്ത്രിയുടെ മകന് പുറമേ നിരവധി സിപിഎമ്മുകാരും ചാനലിന്റെ ഷെയർ ഹോൾഡേഴ്സാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഓട്ടോ തൊഴിലാളി മുതൽ പിണറായി മന്ത്രിസഭയിലെ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ മകൻ വരെ അടങ്ങിയ അയ്യായിരത്തിൽ അധികം പേരാണ് ജനംടിവിയുടെ ഓഹരി ഉടമകൾ എന്ന് ജനം ടിവി ചാനൽ എംഡി പി വിശ്വരൂപൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.