തിരുവനന്തപുരം: വി ഡി സവർക്കർ മാപ്പ് അപേക്ഷ എഴുതിയത് മഹാത്മാ ഗാന്ധി ആവശ്യപ്പെട്ടത് പ്രകാരമെന്ന പ്രസ്താവനകളെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വി ഡി സവർക്കർ സാമൂഹിക പരിഷ്‌കർത്താവായിരുന്നു എന്ന പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ പരാമർശത്തിനുള്ള മറുപടിയായിരുന്നു മുഖ്യമന്ത്രി പ്രസ്താവന.

ചരിത്രം നിഷേധിക്കുന്നവർക്കും ചരിത്രം സ്വയം സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കും നുണകൾ പടച്ചുവിടാൻ ഒരു മടിയുമില്ല. ജയിലിൽ കിടക്കാൻ പ്രയാസമുള്ളതുകൊണ്ടാണ് മാപ്പ് എഴുതിക്കൊടുക്കാൻ തയ്യാറായത്. കേരളത്തിൽ പൗരത്വ നിയമം നടപ്പിലാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മഹാത്മാ ഗാന്ധി പറഞ്ഞിട്ടാണ് സവർക്കർ മാപ്പ് പറഞ്ഞത്. സവർക്കറെ മോചിപ്പിക്കണമെന്ന് മഹാത്മാഗാന്ധി ആവശ്യപ്പെട്ടിരുന്നുവെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. മോചിപ്പിക്കപ്പെട്ടാൽ സമാധാനപരമായി സവർക്കർ പ്രക്ഷോഭം നടത്തുമെന്നും ഗാന്ധി പറഞ്ഞിരുന്നതായി രാജ്നാഥ് സിങ് അവകാശപ്പെട്ടു. മഹാത്മാ ഗാന്ധിയും സവർക്കറും പരസ്പര ബഹുമാനമുള്ളവരായിരുന്നെന്ന് ആർ എസ് എസ് മേധാവി മോഹൻ ഭഗവത് പറഞ്ഞു.

മുൻ മന്ത്രി പി എം അബൂബക്കർ അനുസ്മരണം ഓൺലൈനായി ഉദ്ഘാടനം ചെയ്യവ്വേ ആയിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശം.