തിരുവനന്തപുരം: ഓരോ ഫയിലും ഓരോ ജീവനുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ. സെക്രട്ടറിയേറ്റിലെ ജീവനക്കാർ ഓരോ ഉത്തരവിലും കരുതൽ വേണമെന്ന് പറയുകയായിരുന്നു അന്ന് പിണറായി. എന്നാൽ മുഖ്യമന്ത്രിയുടെ ആവശ്യത്തിന് ഇറക്കുന്ന ഉത്തരവിൽ പോലും സെക്രട്ടറിയേറ്റിലെ ജീവനക്കാർക്ക് കരുതൽ ഇല്ല. അങ്ങനെ മുഖ്യമന്ത്രിയുടെ അമേരിക്കൻ ചികിൽസക്ക് 29 . 82 ലക്ഷം അനുവദിച്ച ഉത്തരവ് റദ്ദ് ചെയ്ത് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. ഇത് സെക്രട്ടറിയേറ്റിൽ പുതിയ ചർച്ചയായി മാറുകയാണ്.

30.3-22 ൽ ചികിൽസക്ക് ചെലവായ 29.82 ലക്ഷം രൂപ അനുവദിച്ചു തരാൻ മുഖ്യമന്ത്രി പൊതുഭരണ വകുപ്പിന് അപേക്ഷ നൽകിയിരുന്നു. ഈ മാസം 13 ന് 29.82 ലക്ഷം രൂപ മുഖ്യമന്ത്രിക്ക് അനുവദിച്ച് പൊതുഭരണ അക്കൗണ്ട്‌സ് വിഭാഗം ഉത്തരവിറക്കി. മുഖ്യമന്ത്രിക്ക് തുക അനുവദിച്ച ഉത്തരവ് കഴിഞ്ഞ ദിവസമാണ് വാർത്തയായത്. ഇതിന് പിന്നാലെയാണ് ഉത്തരവിലെ പ്രശ്‌നങ്ങൾ പിണറായി വിജയന്റെ ശ്രദ്ധയിൽ പെട്ടത്. ഇതോടെ പഴയ ഉത്തരവ് റദ്ദാക്കി. ഈ നടപടിയിൽ മുഖ്യമന്ത്രി ക്ഷുഭിതനാണ്.

ഇറങ്ങിയ ഉത്തരവിൽ വസ്തുത പരമായ പിശക് സംഭവിച്ചെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പൊതുഭരണ അക്കൗണ്ട്‌സ് വിഭാഗം ഉത്തരവ് റദ്ദ് ചെയ്തത്. ഇന്നലെ (16-4-22 ) യാണ് പൊതുഭരണ അകൗണ്ട്‌സ് വിഭാഗത്തിൽ നിന്ന് ഉത്തരവ് റദ്ദ് ചെയ്ത ഓർഡർ ഇറങ്ങിയത്. ഇതു മൂലം അമേരിക്കൻ ചികിൽസയുടെ പണം മുഖ്യമന്ത്രിക്ക് കിട്ടാൻ ഇനിയും കാത്തിരിക്കേണ്ടിവരും. പരിഷ്‌കരിച്ച ഉത്തരവ് ഇതിനുവേണ്ടി ഇറക്കേണ്ടിവരും. ചികിൽസാ തുക അനുവദിക്കാനുള്ള സ്ഥിരം ഫോർമാറ്റിൽ തുക അനുവദിച്ചതാണ് വിനയായത്. സാധാരണ ഉദ്യോഗസ്ഥർക്ക് പണം നൽകുമ്പോൾ ഉത്തരവിലുണ്ടാകുന്ന വാചകങ്ങൾ മുഖ്യമന്ത്രിക്ക് പണം അനുവദിക്കുന്നതിലും എത്തിയതാണ് റദ്ദാക്കാനുള്ള കാരണം.

ജനുവരി 11 മുതൽ 26 വരെയുള്ള മുഖ്യമന്ത്രിയുടെ ചികിൽസക്ക് അമേരിക്കയിലെ മയോ ക്ലിനിക്കിൽ ചെലവായത് 29, 82, 032 രൂപയാണ്. പൊതു ഭരണ അക്കൗണ്ട്‌സ് വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ പിടിപ്പുകേട് കൊണ്ട് ഉത്തരവ് റദ്ദ് ചെയ്തതിൽ മുഖ്യമന്ത്രി ക്ഷുഭിതനാണ്. തുടർ പരിശോധനയിൽ ക്രമപ്രകാരമല്ലാതെയോ അധികമായോ തുക മാറി നൽകിയതായി കാണുന്ന പക്ഷം മുഖ്യമന്ത്രി പ്രസ്തുത തുക തിരിച്ച് അടക്കണം എന്ന് ആദ്യം ഇറക്കിയ ഉത്തരവിൽ നിഷ്‌കർഷിക്കുന്നു. ഇത് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചിട്ടുണ്ട്. ക്രമപ്രകാരം അല്ലാതെയും മുഖ്യമന്ത്രി പണം വാങ്ങാമെന്ന ദുസൂചന ഉത്തരവിലുണ്ടെന്ന വിലയിരുത്തലാണ് ഇത് സജീവമാക്കിയത്.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ് സാധാരണ ഗതിയിൽ മുഖ്യമന്ത്രിക്ക് വേണ്ടി അപേക്ഷ സമർപ്പിക്കുന്നത്. ഇവിടെ മുഖ്യമന്ത്രി നേരിട്ടാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. തനിക്ക് ചെലവായ തുക തരണമെന്ന് തന്റെ കീഴിലുള്ള പൊതുഭരണ വകുപ്പിൽ മുഖ്യമന്ത്രി അപേക്ഷ സമർപ്പിക്കുന്നത് ഔചിത്യമല്ല. തുടർ പരിശോധനയിൽ ക്രമപ്രകാരമല്ലാത്ത തുക തിരിച്ചടയ്ക്കണമെന്ന് മുഖ്യമന്ത്രിയോട് സ്വന്തം വകുപ്പ് ഇറക്കിയ ഉത്തരവിൽ ചൂണ്ടികാണിച്ചിരിക്കുന്നതും ഉചിതമല്ലെന്നാണ് വിലയിരുത്തൽ.

വസ്തുത പരമായ ഇത്തരം പിശകുകൾ ഉത്തരവിൽ കടന്ന് കൂടിയതുകൊണ്ടാവാം ഉത്തരവ് റദ്ദ് ചെയ്യാൻ തീരുമാനിച്ചത്. വിമാന യാത്ര, മറ്റ് അനുബന്ധ ചെലവുകൾ എന്നിവക്ക് ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കുന്ന മുറക്ക് പൊതുഭരണ വകുപ്പ് തുക അനുവദിക്കും. ഭാര്യ കമല , പേഴ്‌സണൽ അസിസ്റ്റന്റ് സുനിഷ് എന്നിവർ അമേരിക്കൻ യാത്രയിൽ മുഖ്യമന്ത്രിയെ അനുഗമിച്ചിരുന്നു.

ഇവരുടെ ചെലവും സർക്കാർ ഖജനാവിൽ നിന്നാണ് വഹിക്കുന്നത്. അമേരിക്കൻ യാത്ര കഴിഞ്ഞ് മുഖ്യമന്ത്രി ദുബായിലേക്കാണ് പോയത്. ഒരാഴ്ചത്തെ പരിപാടിക്ക് ശേഷമാണ് മുഖ്യമന്ത്രി ദുബായിൽ നിന്ന് സംസ്ഥാനത്ത് എത്തിയത്. ഇക്കാലയളവിൽ കാബിനറ്റ് മീറ്റിംഗിൽ മുഖ്യമന്ത്രി ഓൺലൈനായി ആണ് പങ്കെടുത്തത്.