തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന് ജന്മദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 'നിസ്വ വർഗ്ഗത്തിന്റെ പോരാട്ട ചരിത്രത്തിലെ നേതൃസ്തംഭമായ പ്രിയ സഖാവ് വി എസിന് ജന്മദിന ആശംസകൾ'. മുഖ്യമന്ത്രി ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.

കേരളത്തിന്റെ ജനകീയ നായകൻ വി എസ് അച്യുതാനന്ദന് ഇന്ന് 98 വയസ്സ് പൂർത്തിയായി. 99 -ാം വയസ്സിലേക്ക് കടക്കുന്നു. പിറന്നാൾ പ്രമാണിച്ച് പ്രത്യേക ആഘോഷങ്ങളില്ല. ഭാര്യ വസുമതിക്കും മക്കൾക്കും കൊച്ചു മക്കൾക്കുമൊപ്പം പായസം സഹിതം ഊണ് മാത്രമാണ് ഇന്നത്തെ പ്രത്യേകത.

പക്ഷാഘാതത്തിൽനിന്ന് മുക്തനായെങ്കിലും വി എസ് പൂർണ ആരോഗ്യം വീണ്ടെടുത്തിട്ടില്ല. വിശ്രമത്തിലും പരിചരണത്തിലുമാണ് അദ്ദേഹമിപ്പോൾ. കോവിഡ് വാക്‌സിനെടുത്തെങ്കിലും ഡോക്ടർമാരുടെ നിർദേശ പ്രകാരം സന്ദർശകരെ അനുവദിക്കില്ല.ജനുവരി 30ന് ഭരണപരിഷ്‌കാര കമ്മിക്ഷൻ അധ്യക്ഷസ്ഥാനം രാജിവച്ചതോടെ ഔദ്യോഗിക വസതിയായ കവടിയാർ ഹൗസിൽ നിന്ന് തിരുവനന്തപുരം ഗവ. ലോ കോളജിനടുത്തുള്ള വേലിക്കകത്തെ വീട്ടിലേക്ക് മാറുകയായിരുന്നു.

രാവിലെയുള്ള പത്രപാരായണം അൽപസമയം ടി വി, ഇങ്ങനെ ഒതുങ്ങിയിരിക്കുകയാണ് വി എസിന്റെ ദിനചര്യകൾ. നടക്കാൻ പരസഹായം ആവശ്യമാണ്. എൽഡിഎഫ് പിടിച്ചെടുത്ത വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ പ്രസംഗിച്ചതായിരുന്നു ഒടുവിലത്തെ തെരഞ്ഞെടുപ്പ് പ്രവർത്തനം. ആലപ്പുഴ നോർത്ത് പുന്നപ്ര വേലിക്കകത്ത് വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും നാലു മക്കളിൽ നാലാമനായി 1923 ഒക്ടോബർ 20നാണ് വി എസ് അച്യുതാനന്ദൻ ജനിച്ചത്. 2006 മുതൽ 2011 വരെ കേരള മുഖ്യമന്ത്രിയായിരുന്നു.