തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി 'കഠിനാധ്വാനിയായ സ്ഥിരോത്സാഹി'യാണെന്ന് മുഖ്യമന്തര്ി പിണറായി വിജയൻ. നിയമസഭയിൽ അഞ്ച് പതിറ്റാണ്ടിന്റെ രാഷ്ട്രീയ ജീവിതം തികയ്ക്കുന്ന ഉമ്മൻ ചാണ്ടിക്ക് ആശംസകൾ അറിയിച്ചു കൊണ്ട് മാതൃഭൂമിയിൽ എഴുതിയ ലേഖനത്തിലാണ് പിണറായി കഠിനാധ്വാനിയായ സ്ഥിരോത്സാഹി എന്ന് വിശേഷിപ്പിച്ചത്.

നിയമസഭാ സാമാജികത്വത്തിന്റെ സുദീർഘമായ ചരിത്രമുള്ളവർക്കാർക്കും വിജയത്തിന്റേത് മാത്രമായ ചരിത്രം അവകാശപ്പെടാനില്ലെന്നും ആദ്യമായി ജയിച്ചതുമുതൽ എല്ലാ സഭകളിലും ഉണ്ടാകുക എന്ന ചരിത്രവും ആർക്കുമില്ലെന്നും പിണറായി വിജയൻ പറഞ്ഞു. നിയമസഭയിൽ അഞ്ച് പതിറ്റാണ്ട് പൂർത്തിയാക്കുക, അതും ഒരേ മണ്ഡലത്തിൽ നിന്ന് തന്നെ ആവർത്തിച്ച് തെരഞ്ഞെടുക്കപ്പെട്ട് നിയമസഭയിലെത്തുക. തെരഞ്ഞെടുപ്പിനെ നേരിട്ട ഒരു ഘട്ടത്തിൽ പോലും പരാജയമെന്തെന്നത് അറിയാനിടവരാതിരിക്കുക, ഇതൊക്കെ ലോക പാർലമെന്ററി ചരിത്രത്തിൽ തന്നെ അത്യപൂർവം പേർക്ക് മാത്രം സാധ്യമായിട്ടുള്ള കാര്യങ്ങളാണ്. ആ അത്യപൂർവം നിയമസഭാ സാമാജികരുടെ നിരയിലാണ് ഉമ്മൻ ചാണ്ടിയുടെ സ്ഥാനം.

എഴുതുപതുകളുടെ തുടക്കം നിരവധി യുവാക്കൾ കേരള നിയമസഭയിൽ എത്തി എന്ന പ്രത്യേകത കൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു. അവരിൽ മറ്റൊരാൾക്കും സാധ്യമാവാത്ത നേട്ടം ഉമ്മൻ ചാണ്ടിക്കുണ്ടായി. മൂന്ന് വട്ടം മന്ത്രിയായി. നാലാം വട്ടം മുഖ്യമന്ത്രിയായി. ധനം ആഭ്യന്തരം തൊഴിൽ തുടങ്ങി സുപ്രധാന വകുപ്പുകൾ അദ്ദേഹത്തിന് കൈകാര്യം ചെയ്യാൻ സാധിച്ചു. ജീവിതം രാഷ്ട്രീയത്തിന് വേണ്ടി സമർപ്പിച്ച വ്യക്തിയാണ് അദ്ദേഹമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കഠിനാധ്വാനവും സ്ഥിരോത്സാഹവും എന്നും ഉമ്മൻ ചാണ്ടിയെ നയിച്ചു. ദേശീയ രാഷ്ട്രീയത്തിൽ വലിയ ആഭിമുഖ്യം കാട്ടാതിരുന്ന ഉമ്മൻ ചാണ്ടി സംസ്ഥാന കോൺഗ്രസിനുള്ളിലെ പല നിർണായക ഘട്ടങ്ങളിലും സ്വന്തമായ നിലപാടുകൊണ്ട് ശ്രദ്ധേയനായി. ഊണിനും ഉറക്കത്തിനുമൊന്നും പ്രാധാന്യം കൽപിക്കാതെ ആരോഗ്യം പോലും നോക്കാതെ കോൺഗ്രസ് രാഷ്ട്രീയത്തിൽ വ്യാപരിക്കുന്ന പ്രകൃതക്കാരനായി അദ്ദേഹം മാറിയെന്നും മുഖ്യമന്ത്രി ലേഖനത്തിൽ പറഞ്ഞു.

ജീവിതം രാഷ്ട്രീയത്തിനുവേണ്ടി സമർപ്പിച്ച വ്യക്തിയാണദ്ദേഹം. 1970 മുതൽ എന്നും കേരളത്തിന്റെ രാഷ്ട്രീയ മുഖ്യധാരയിൽ സജീവ സാന്നിധ്യമായി ഉമ്മൻ ചാണ്ടിയുണ്ട്. കോൺഗ്രസ് രാഷ്ട്രീയത്തിന്റെ അരനൂറ്റാണ്ടിലെ ചരിത്രത്തിന്റെ ഗതിവിഗതികൾ നിയന്ത്രിക്കുന്ന കാര്യത്തിൽ എന്നും ഉമ്മൻ ചാണ്ടിയുടെ പങ്ക് ശ്രദ്ധേയമായിരുന്നു. കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും മന്ത്രിസഭയുടെയും നേതൃനിർണയ കാര്യങ്ങളിലടക്കം നിർണായകമാംവിധം ഇടപെട്ടിട്ടുള്ള ഉമ്മൻ ചാണ്ടി, കെ. കരുണാകരനും എ.കെ. ആന്റണിയും ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിച്ച ഘട്ടങ്ങളിൽ കേരളത്തിലെ കോൺഗ്രസിൽ പ്രധാനിയായി നിന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഊണിനും ഉറക്കത്തിനുമൊന്നും പ്രാധാന്യം കല്പിക്കാതെ ആരോഗ്യംപോലും നോക്കാതെ കോൺഗ്രസ് രാഷ്ട്രീയത്തിൽ വ്യാപരിക്കുന്ന പ്രകൃതക്കാരനായി അദ്ദേഹം മാറി. ഉമ്മൻ ചാണ്ടി നിയമസഭാ ജീവിതത്തിന്റെ അരനൂറ്റാണ്ട് ആഘോഷിക്കുന്ന വേളയിൽ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും ഞാൻ അർപ്പിക്കുന്നു. ഉമ്മൻ ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ അമ്പതാം വാർഷികം നാളെ കോട്ടയത്ത് വച്ചാണ് നടക്കുന്നത്. കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന സുകൃതം സുവർണ്ണം പരിപാടി കോൺഗ്രസ് ദേശീയ അദ്ധ്യക്ഷ സോണിയാ ഗാന്ധി ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖർ ഉൾപ്പെടെ 16 ലക്ഷം പേർ ഓൺലൈനിലൂടെ പരിപാടിയിൽ പങ്കെടുക്കും.