കണ്ണുർ: ക്യാപ്റ്റൻ വിവാദത്തിൽ സിപിഎം നേതാവ് പി.ജയരാജന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പി.ജയരാജന്റെ പിന്നാലെ മാധ്യമങ്ങൾ കൂടിയിരിക്കുകയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി അതുകൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കണ്ണുർ പ്രസ് ക്‌ളബ്ബ് 2020 പോർമുഖം തെരഞ്ഞെടുപ്പ് സംവാദപരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം 'ജയരാജന്റെ ഫെയ്‌സ് ബുക്ക് കുറിപ്പ് ഞാൻ വായിച്ചിട്ടില്ല. എങ്കിലും അതു ചില പത്രങ്ങളിൽ വന്നത് ശ്രദ്ധിച്ചു. ജയരാജൻ പറഞ്ഞത് പാർട്ടിയെ ഡിഫൻഡ് ചെയ്യാനാണ് നിങ്ങളെന്തിനാണ് വെറുതെ വളച്ചൊടിക്കുന്നത്.ജയരാജനെ നിങ്ങളിനിയും വെറുതെ വിടുന്നില്ലേ. അദ്ദേഹം എന്തു പറയുന്നതും മാധ്യമങ്ങളിൽ ഒരേ പോലെ വാർത്തയാകുകയാണ് കമ്യുണിസ്റ്റുകാരുടെ ക്യാപ്റ്റൻ എന്നും പാർട്ടി തന്നെയാണ് അതിലാർക്കും അഭിപ്രായ വ്യത്യാസമുണ്ടാവില്ല.

ഇതൊക്കെ പാർട്ടിക്ക് എൽ.ഡി.എഫിനും കിട്ടുന്ന സ്‌നേഹവും ആവേശവുമാണ് അതിനെ അങ്ങനെ തന്നെ കണ്ടാൽ മതി.പാർട്ടിയോടുള്ള സ്‌നേഹപ്രകടനമാണ് ജനങ്ങൾ കാണിക്കുന്നത്. അതു സ്വന്തം കേമത്തം കൊണ്ടാണെന്ന് മേനി നടിച്ച് തലക്കനമുണ്ടായാൽ കുഴപ്പമാകും. അപ്പോൾ അത്തരമാളുകളെ തിരുത്താൻ പാർട്ടി തയ്യാറാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഞാൻ ഈ പണിയെടുക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. നവകേരളയാത്ര നടത്തുമ്പോൾ ജനങ്ങളുടെ സ്‌നേഹപ്രകടനം കുറെ കണ്ടിട്ടുണ്ട്. 'എവിടെയെങ്കിലും പോകുമ്പോൾ ചെറിയ കുഞ്ഞുങ്ങൾ പോലും സ്നേഹം പ്രകടിപ്പിക്കുകയാണ്. അതൊക്കെ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. പ്രത്യേകതരത്തിലുള്ള അഭിനിവേശം എൽഡിഎഫിനോട് ഉണ്ടാകുന്നുവെന്നാണ് ഇതെല്ലാം കാണിക്കുന്നത്.പാട്ടെഴുതി എനിക്കൊരു വീട്ടമ്മ കൊണ്ട് തന്നിരുന്നു.

കമ്മ്യൂണിസ്റ്റുകാർ വ്യക്തിപൂജയിൽ അഭിരമിക്കുന്നവരല്ല. ജയരാജൻ പറഞ്ഞ ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഒരു പരിപാടിയുടെ ഭാഗമായി നമ്മൾ ചെല്ലുമ്പോൾ അവിടെയുള്ളവർ ആവേശപ്രകടനങ്ങളും മറ്റും കാണിക്കും.

സ്നേഹപ്രകടനങ്ങളും ആവേശപ്രകടനങ്ങളും കാണുമ്പോൾ ഇതൊക്കെ എന്റെ വ്യക്തിപരമായ കേമത്തരത്തിന്റെ ഭാഗമാണെന്ന് തോന്നി തലക്ക് വല്ലാതെ കനം കൂടിയാൽ അതൊരു പ്രശ്നമായി തീരും. അത് കമ്മ്യൂണിസ്റ്റുകാർക്ക് സാധാരണ ഉണ്ടാകാറില്ല. ഉണ്ടായാൽ പാർട്ടി തിരുത്തും. അതൊന്നും മറച്ച് വെക്കേണ്ടതില്ല. എന്റെ അനുഭവത്തിൽ ഇത്തരത്തിൽ ധാരാളം ആവേശപ്രകടനം കണ്ടിട്ടുണ്ട്. അതുകൊണ്ടൊന്നും എന്റെ രീതിയിൽ വ്യത്യാസം വരാൻ പോകുന്നില്ല. ഒരു കമ്മ്യൂണിസ്റ്റുകാരൻ കാത്ത് സൂക്ഷിക്കേണ്ട ജാഗ്രത പാലിച്ച് തന്നെ മുന്നോട്ടുപോകും' പിണറായി പറഞ്ഞു.

പാർട്ടിയാണ് ക്യാപ്റ്റനെന്ന് കോടിയേരിയും പറഞ്ഞു. അത് തന്നെയാണ് ശരി. പാർട്ടിക്ക് അതീതനായി എന്ന് ഒരാൾക്ക് തോന്നുമ്പോൾ അതിൽ തിരുത്തൽ വരുത്തും. ജയരാജൻ പാർട്ടിക്കെതിരേ ഒന്നും പറഞ്ഞിട്ടില്ല. പാർട്ടിയെ നല്ലരീതിയിലാണ് അദ്ദേഹം പ്രതിരോധിച്ചത്. അതിനകത്ത് ഒരു തെറ്റുമില്ല. എന്നാൽ അത് വക്രീകരിച്ചാണ് മാധ്യമങ്ങൾ ചിത്രീകരിച്ചതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി

ഈ തെരഞ്ഞെടുപ്പ് കാലത്ത് മുന്നുവയസുള്ള കുട്ടികളുടെ സ്‌നേഹം ഒരു പാട് കണ്ടിട്ടുണ്ട്. ഒരിടത്ത് പ്രസംഗിച്ചുകൊണ്ടിരിക്കെ പിണറായി അച്ഛാച്ചയെന്നു സദസിൽ നിന്നും ഒരു കുട്ടി വിളിച്ച് കൈ. വീശി കാണിച്ചു നീയവിടെയിരിക്ക് ഞാനങ്ങോട്ടു വരാമെന്നാണ് ഞാൻ തിരിച്ചു കൈ വീശി കാണിച്ചു പറഞ്ഞത്.ഇതേ പോലെ കാറിൽ സഞ്ചരിക്കവേ മറ്റൊരു കുട്ടി ചില്ലുതാഴ്‌ത്തി കൈവീശി കാണിച്ചു. ഞാൻ പ്രസംഗിച്ചുകൊണ്ടിരിക്കെയാണിത്.

ഞാനും തിരിച്ചങ്ങോട്ടും കൈ വീശി കാണിച്ചു തെരഞ്ഞെടുപ്പിനിടെയിൽ ഒരു വീട്ടമ്മ എന്നെ കുറിച്ച് ഗാനമെഴുതി ഫെയിം ചെയ്ത ചിത്രവുമായി വന്നു സമ്മാനിച്ചു. ഇതൊക്കെ ജനങ്ങൾ വ്യക്തികളോട് കാണിക്കുന്ന സ്‌നേഹമല്ല. പാർട്ടിയോടും എൽ.ഡി.എഫിനോടും കാണിക്കുന്ന ആവേശവും സ്‌നേഹവുമാണ് അതിനെയൊക്കെ അങ്ങനെ കണ്ടാൽ മതി.എന്നാൽ പണ്ടുകാലത്തെ അനുഭവങ്ങളിൽ നിന്നും ഇപ്പോഴുള്ളത് വ്യത്യസ്തമാണ്. താൻ പാർട്ടി വളൻഡിയറായിരിക്കെ ഇത്തരം അമിതാവേശത്തിന്റെ മറുവശവും കണ്ടിരുന്നു.

നേരം പുലരുമ്പോൾ പ്രതിപക്ഷ നേതാവ് കുറേ ആരോപണങ്ങൾ വായിക്കും. അതിന് മറുപടി ലഭിക്കുമ്പോൾ അടുത്തത് വായിക്കും. അതാണ് പ്രതിപക്ഷ ധർമമെന്നാണ് പ്രതിപക്ഷ നേതാവ് ധരിച്ചുവെച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പരിഹസിച്ചു.