കോഴിക്കോട്: ബിനീഷ് കോടിയേരിക്കെതിരെ താൻ ഉന്നയിച്ച ആരോപണങ്ങൾ എല്ലാം ശരിയെന്ന് തെളിഞ്ഞതായി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ.ഫിറോസ്. 'ഞാൻ ഈ ആരോപണം ഉന്നയിച്ചപ്പോൾ ചാനലുകളിൽ വന്ന് പരിഹസിച്ചു. എല്ലാ ആരോപണങ്ങളും നിഷേധിച്ചു. ഇന്ന് അതെല്ലാം ശരിയാണെന്ന് തെളിയുന്നു.' ഫിറോസ് പറഞ്ഞു.

പാർട്ടിയുമായി ബന്ധമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും സർക്കാർ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫിറോസ് ആണ് ആദ്യമായി ലഹരിമരുന്ന് സംഘവുമായുള്ള ബിനീഷിന്റെ ബന്ധം പത്രസമ്മേളനം നടത്തി പുറംലോകത്തെത്തിച്ചത്. ബിനീഷിന്റെ അറസ്റ്റിന് പിന്നാലെ ഫേസ്‌ബുക്കിൽ കോടിയേരിയുടെ മകനെ ട്രോളുകയും ചെയ്തു. ഒകെ ഗുഡ്‌നൈറ്റ് എന്ന രണ്ട് വാക്ക് മാത്രമാണ് പി.കെ.ഫിറോസ് ഫേസ്‌ബുക്കിൽ എഴുതിയത്. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷും പ്രതിയായ കൊച്ചി സ്വദേശി അനൂപ് മുഹമ്മദും തമ്മിലുള്ള ഇടപാട് സെപ്റ്റംബർ 2 നാണ് പി.കെ ഫിറോസ് വാർത്തസമ്മേളനത്തിൽ ഉന്നയിച്ചത്.

പി.കെ ഫിറോസ് വാർത്താസമ്മേളനം ആരംഭിച്ചപ്പോൾ തന്നെ ബിനീഷ് കോടിയേരി ഫേസ്‌ബുക്കിൽ 'ഓക്കെ, ഗുഡ്‌നൈറ്റ്' എന്നാണ് പ്രതികരിച്ചത്. സോഷ്യൽമീഡിയയിൽ അടക്കം ഏറെ ചർച്ചയാകുകയും ചെയ്തിരുന്നു. ഇതിനുള്ള മറുപടിയായാണ് ബിനീഷ് അറസ്റ്റിലായതിന് പിന്നാലെ പി.കെ ഫിറോസ് അതേ വാചകങ്ങൾ ഫേസ്‌ബുക്കിൽ കുറിച്ചത്.

ബിനീഷ് കോടിയേരി അറസ്റ്റിലായത് മയക്കു മരുന്ന് ലോബിക്കെതിരെയുള്ള പോരാട്ടത്തിന്റെ വിജയമാണെന്ന് ഫിറോസ് പറഞ്ഞു. ബിനീഷ് കോടിയേരിയുടെ പിന്തുണയോടെയാണ് മയക്കു മരുന്ന് ഇടപാട് നടത്താൻ അനൂപ് മുഹമ്മദ് ബാംഗ്ലൂരിൽ റസ്റ്റോറന്റ് തുടങ്ങിയതെന്നും അതേ വർഷം ബിനീഷ് കോടിയേരി ബാംഗ്ലൂരിൽ മണി എക്‌സ്‌ചേഞ്ച് സ്ഥാപനവും ഫിനാൻസ് കമ്പനിയും തുടങ്ങിയതിന്റെ തെളിവുകൾ യൂത്ത് ലീഗ് പുറത്ത് വിട്ടിരുന്നു. എന്നാൽ പണം നൽകിയത് കടമായിട്ടാണെന്നും തന്റെ പേരിൽ കമ്പനികൾ ഇല്ലെന്നുമായിരുന്നു ബിനീഷ് പ്രതികരിച്ചത്. ഇതെല്ലാം കളവാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ്.

പാർട്ടി സെക്രട്ടറിയുടെ മകനെ അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ സിപിഎമ്മിന് ഇനി ഒഴിഞ്ഞു മാറാനാവില്ല. സിപിഎമ്മിന്റെ രാഷ്ട്രീയ സംരക്ഷണത്തിലാണ് ബിനീഷ് ഈ സാമ്രാജ്യം മുഴുവൻ കെട്ടിപ്പടുത്തത്. മയക്കു മരുന്ന് ഇടപാടുകാരുമായി ചേർന്ന് ലോക്ക് ഡൗൺ കാലത്ത് കുമരകത്ത് നിശാപാർട്ടി നടത്തിയതിന്റെ തെളിവുകൾ നൽകിയിട്ടും അന്വേഷണം പോലും പ്രഖ്യാപിക്കാത്തതിന് സിപിഎം കേരളത്തോട് മാപ്പു പറയണം.