ദുബൈ: ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന സർവീസുകൾ ജൂലൈ ഏഴ് മുതൽ പുനഃരാരംഭിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി എമിറേറ്റ്‌സ് എയർലൈൻസ് അറിയിച്ചു. ട്വിറ്ററിലൂടെ യാത്രക്കാർ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് നൽകിയ മറുപടിയിലാണ് എമിറേറ്റ്‌സ് അധികൃതർ ഇക്കാര്യം അറിയിച്ചത്.

രണ്ട് ഡോസ് വാക്‌സിനെടുത്തവർക്ക് ഇന്ത്യയിൽ നിന്നുള്ള യാത്രാ വിലക്കിൽ യുഎഇ അധികൃതർ ഇളവ് പ്രഖ്യാപിച്ചെങ്കിലും വിമാന സർവീസുകൾ തുടങ്ങുന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും ഇത് സംബന്ധിച്ച് നിരവധി അന്വേഷണങ്ങളാണ് വിമാനക്കമ്പനികൾക്ക് ദിവസവും ലഭിച്ചുകൊണ്ടിരിക്കുന്നത്. കൃത്യമായ യാത്രാ നിബന്ധനകളും അനുമതികളും സംബന്ധിച്ചുള്ള വിവരങ്ങളും സർക്കാറിൽ നിന്ന് കാത്തിരിക്കുകയാണെന്നും ഉടൻ തന്നെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എമിറേറ്റ്‌സ് അധികൃതർ മറുപടി നൽകിയിട്ടുണ്ട്. യാത്രാ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് തങ്ങളുടെ വെബ്‌സൈറ്റ് പരിശോധിക്കാനാണ് കമ്പനി ഉപഭോക്താക്കളോട് നിർദേശിക്കുന്നത്