മലപ്പുറം: കടകളിൽനിന്ന് നിത്യോപയോഗ സാധനങ്ങൾക്കൊപ്പം വീട്ടിലെത്തി കുന്നുകൂടുന്ന പ്ലാസ്റ്റിക് കവറുകൾക്ക് പരിഹാരമാവുകയാണ് മലപ്പുറത്തെ ഖനി എന്ന കൂട്ടായ്മ. ഇത്തരത്തിൽ മണ്ണിനും മനുഷ്യനും ദുരിതമാകുന്ന പ്ലാസ്റ്റിക്കുകൾ പൊടിച്ച് ടാറുണ്ടാക്കുന്നതിന് ഉപയോഗിക്കാൻ പാകപ്പെടുത്തുകയാണ് മലപ്പുറം നഗരസഭാവളപ്പിലെ 'ഖനി'യെന്ന് പേരിട്ട പ്ലാസ്റ്റിക് ഖരവിഭവ ശേഖരണ പാലന കേന്ദ്രത്തിൽ.

വളരെ വിപുലമാണ് ഖനിയുടെ പ്രവർത്തനരീതി.നഗരസഭയിലെ 40 വാർഡുകളിലെ വീടുകളിൽനിന്നും കച്ചവടസ്ഥാപനങ്ങളിൽനിന്നും പ്രതിദിനം പ്ലാസ്റ്റിക് കവറുകൾ, പ്ലാസ്റ്റിക്കുപ്പികൾ, പേപ്പറുകൾ, ചട്ടകൾ എന്നിവ 19 ഹരിതകർമ സേനാംഗങ്ങൾ ശേഖരിക്കും.30, 50 രൂപ വീതം ഈടാക്കിയാണ് ഓരോതവണയും വീടുകളിൽനിന്നും കടകളിൽനിന്നും ഇവ ശേഖരിക്കുന്നത്.പിന്നീട് 'ഖനി'യിലെത്തിച്ച് വേർതിരിക്കും. പ്ലാസ്റ്റിക്കവറുകൾ മെഷീനിലിട്ട് പൊടിച്ച് ചാക്കുകളിലാക്കും. ഇത് ടാർ ഉണ്ടാക്കുന്നതിനായി കിലോയ്ക്ക് 18 രൂപ നിരക്കിൽ വിൽപ്പന നടത്തും.പ്ലാസ്റ്റിക് കുപ്പികളും പേപ്പറും ചട്ടയും മെഷീനിൽ ഉപയോഗിച്ച് അമർത്തി ആക്രിക്കടകളിലേക്കും നൽകും.

രാവിലെ ഏഴുമുതൽ പകൽ ഒന്നുവരെയുള്ള സമയത്താണ് 'ഖനി'യുടെ പ്രവർത്തനം.ക്ലീൻ കേരള മിഷന്റെ സഹകരണത്തോടെ സജ്ജീകരിച്ച 15 എച്ച്.പിയുടെ മെഷീനിലാണ് പ്ലാസ്റ്റിക് കവറുകൾ പൊടിക്കുന്നത്. പ്ലാസ്റ്റിക് കുപ്പികളും പേപ്പറും ചട്ടയും അമർത്തിക്കെട്ടാൻ ഏഴര എച്ച്.പിയുടെ ഉപകരണവുമുണ്ട്.നഗരസഭാധ്യക്ഷൻ മുജീബ് കാടേരി, ഹെൽത്ത് ഇൻസ്‌പെക്ടർ സി.എ. ഷംസുദ്ദീൻ, ഹരിത കർമസേന സെക്രട്ടറി ഒ. വിനീത, പ്രസിഡന്റ് വി. സാവിത്രി എന്നിവരുടെ മേൽനോട്ടത്തിലാണ് 'ഖനി'യുടെ പ്രവർത്തനം.

പ്ലാസ്റ്റിക്ക് മാലിന്യത്തിൽ നിന്ന് മുക്തിക്ക് പുറമെ നിരവധി വനിതകൾക്ക് ഉപജീവനമാർഗ്ഗം കൂടിയാകുന്നുണ്ട് ഖനി.ഹരിത കർമസേനാംഗങ്ങളായ 19 വനിതകൾക്ക് ക്ലീൻ കേരള മിഷന്റെ പിന്തുണയോടെ പ്രതിദിനം 300 രൂപ വരുമാനമുള്ള തൊഴിൽ ഇവിടെ നിന്നും ലഭിക്കുന്നുണ്ട്.2018 മാർച്ചിൽ മന്ത്രി കെ.ടി. ജലീലാണ് കേന്ദ്രം ഉദ്ഘാടനംചെയ്തത്. ഇതുവരെയുള്ള കാലയളവിൽ 16,000 ടൺ പ്ലാസ്റ്റിക് കവറുകളാണ് ടാർ ഉണ്ടാക്കുന്നതിനായി ഇവിടെനിന്ന് പൊടിച്ച് നൽകിയതെന്ന് സാനിറ്റേഷൻ വർക്കർ ഗ്ലാഡ്വിൻ ജോസഫ് പറഞ്ഞു.