തിരുവനന്തപുരം: അടുത്ത മാസം ആറിന് തുടങ്ങുന്ന പ്ലസ് വൺ പരീക്ഷയ്ക്കും അധികചോദ്യങ്ങൾ ഉൾപ്പെടുത്തും. ഇതുവഴി വിദ്യാർത്ഥികൾക്ക് ചോദ്യങ്ങൾ തെരഞ്ഞെടുത്ത് ഉത്തരം എഴുതാൻ അവസരം ലഭിക്കും. 80 മാർക്കിന്റെ പരീക്ഷയ്ക്ക് 160 മാർക്കിനുള്ള ചോദ്യങ്ങളും 60 മാർക്കുള്ളതിന് 120 മാർക്കിനുള്ള ചോദ്യങ്ങളുമാണ് ഉണ്ടാവുക. 40 മാർക്കിന്റെ പരീക്ഷയ്ക്ക് 80 മാർക്കിനുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തും. നിശ്ചിത എണ്ണം ചോദ്യങ്ങളിൽ നിന്ന് വിദ്യാർത്ഥികൾക്ക് ഇഷ്ടാനുസരണം തെരഞ്ഞെടുത്ത് ഉത്തരമെഴുതാം.

പരീക്ഷയുടെ വിശദാംശങ്ങൾ സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലനസമിതി (എസ് സി ഇ ആർ ടി) കഴിഞ്ഞദിവസം പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറി. അധികചോദ്യങ്ങൾ ഉള്ളതിനാൽ വിദ്യാർത്ഥികൾക്ക് എല്ലാചോദ്യങ്ങളും വായിച്ച് മനസ്സിലാക്കാൻ 20 മിനിറ്റ് സമാശ്വാസ സമയമായി (കൂൾ ഓഫ് ടൈം) അനുവദിക്കും. മുഴുവൻ മാർക്കും നേടാൻ ആവശ്യമായ ചോദ്യങ്ങൾ എസ് സി ഇ ആർ ടി നിശ്ചയിച്ച ഫോക്കസ് ഏരിയയിലെ പാഠഭാഗത്തുനിന്നുതന്നെ ഉണ്ടാകും. കൂടുതൽ ചോദ്യങ്ങൾക്ക് ഉത്തരം എഴുതിയാൽ അവയിൽനിന്നും മികച്ച സ്‌കോർലഭിച്ച നിശ്ചിത ഉത്തരങ്ങൾ മാത്രമേ പരിഗണിക്കു. നേരത്തെ പ്ലസ്ടു പരീക്ഷയ്ക്കും അധികചോദ്യങ്ങൾ നൽകിയിരുന്നു.

പരീക്ഷയ്ക്ക് 20 കുട്ടികളെയാണ് ഒരുമുറിയിൽ അനുവദിക്കുക. ക്ലാസ്മുറികളിൽ പേന, കാൽക്കുലേറ്റർ മുതലായവയുടെ കൈമാറ്റം അനുവദിക്കില്ല. വിദ്യാർത്ഥികൾക്ക് പ്രധാന കവാടത്തിലൂടെ മാത്രമേ പ്രവേശനം അനുവദിക്കാവൂ.കോവിഡ് പോസിറ്റിവായവർ പ്ലസ് വൺ പരീക്ഷക്ക് ഹാജരാകുന്നെങ്കിൽ ആരോഗ്യ പ്രവർത്തകരെ മുൻകൂട്ടി വിവരമറിയിക്കണം. വിദ്യാർത്ഥിക്കും ഇൻവിജിലേറ്റർക്കും പിപിഇ കിറ്റ് നൽകി പ്രത്യേകമുറിയിൽ പരീക്ഷ നടത്താനാണ് നിർദ്ദേശം. കോവിഡ് ചികിത്സ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന സ്‌കൂളുകളിൽ പരീക്ഷ നടത്താൻ കഴിയില്ലെങ്കിൽ അടുത്തുള്ള മറ്റ് സ്‌കൂളുകൾ ഉപയോഗിച്ച് പരീക്ഷ നടത്തുന്നതിനുള്ള ക്രമീകരണം നടത്തണമെന്നും പരീക്ഷ സെക്രട്ടറി നിർദ്ദേശം നൽകിയിട്ടുണ്ട്.