ന്യൂഡൽഹി: കോവിഡ് ഏറ്റവുമധികം ബാധിച്ച 10 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശാസന. യോഗത്തിൽ കെജ്രിവാൾ സംസാരിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓഫീസ്, ചർച്ച തത്സമയം ടെലിവിഷനിൽ കാട്ടിയതാണ് മോദിയെ ചൊടിപ്പിച്ചത്. 'കോവിഡിനെ നേരിടാൻ ദേശീയതലത്തിൽ ഒരുപ്ലാൻ ഉണ്ടെങ്കിൽ, കേന്ദ്രവും, സംസ്ഥാന സർക്കാരുകളും ആദിശയിൽ ഒന്നിച്ചുപ്രവർത്തിക്കണം. നമ്മുടെ മരിച്ചുപോയ ആളുകൾ...'-കെജ്രിവാൾ ഇത്രയും പറഞ്ഞപ്പോഴേക്കും പ്രധാനമന്ത്രി ഇടപെട്ടു. ' എന്താണ് സംഭവിക്കുന്നത്....ഇത് നമ്മുടെ പ്രോട്ടോക്കോളിനും പതിവിനും എതിരാണ്...ഒരുമുഖ്യമന്ത്രി ഇൻ ഹൗസ് മീറ്റിങ് ലൈവായി സംപ്രേഷണം ചെയ്യുകയോ, മോദി ചോദിച്ചു. ഇത് ഉചിതമല്ല. നമ്മൾ എപ്പോഴും നിയന്ത്രണം പാലിക്കണം, മോദി കെജ്രിവാളിനെ ശാസിച്ചു. ഇതോടെ മുഖ്യമന്ത്രി ഉടൻ തന്നെ മാപ്പ് പറഞ്ഞു. ഓകെ സർ....ഇനി ഞങ്ങൾ ഇക്കാര്യത്തിൽ ശ്രദ്ധിച്ചുകൊള്ളാം.

ഇതാദ്യമായാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും തമ്മിലുള്ള കൂടിക്കാഴ്ചയിലെ സ്വകാര്യസംഭാഷണങ്ങൾ ലൈവായി കാണിക്കുന്നത്. കെജ്രിവാൾ രാഷ്ട്രീയം കളിക്കുകയാണെന്നും ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ വിമർശിച്ചു. എന്നാൽ, പിന്നീട് കെജ്രിവാളിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത് ഇങ്ങനെ: 'പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച തത്സമയം കാണികാണിക്കരുതെന്ന് കേന്ദ്രസർക്കാരിന്റെ വാക്കാലോ, രേഖാമൂലമോ ഉള്ള ഒരുനിർദ്ദേശവും ഉണ്ടായിരുന്നില്ല. പൊതുജനപ്രാധാന്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾ മുമ്പും ഇങ്ങനെ ലൈവായി കാട്ടിയിരുന്നു. എന്നിരുന്നാലും എന്തെങ്കിലും അസൗകര്യം ഉണ്ടായിട്ടുണ്ടെങ്കിൽ ഖേദിക്കുന്നു'

ഓക്‌സിജൻ ക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടി വേണം

ഡൽഹിയിലുടനീളം ഓക്സിജൻ ക്ഷാമം രൂക്ഷമാണെന്നും അടിയന്തര നടപടി സ്വീകരിച്ചില്ലങ്കിൽ വലിയ ദുരന്തമുണ്ടാകുമെന്നും കെജ്രിവാൾ യോഗത്തിൽ പറഞ്ഞു. കോവിഡ് രോഗികൾക്കുള്ള ഓക്സിജൻ വിതരണം തടസ്സപ്പെടാതിരിക്കാൻ ഡൽഹിയിലെ നിരവധി സ്വകാര്യ ആശുപത്രികൾ ബുദ്ധിമുട്ടുകയാണ്. നിരവധിപ്പേർ ഓക്‌സിജൻ കിട്ടാതെ മരിക്കുന്ന സാഹചര്യവുമുണ്ടായി.

'ഡൽഹിയിൽ വലിയ തോതിലുള്ള ഓക്സിജൻ ക്ഷാമമുണ്ട്. ഡൽഹിയിൽ ഓക്സിജൻ ഉത്പാദിപ്പിക്കുന്ന പ്ലാന്റില്ലെങ്കിൽ ഇവിടുള്ളവർക്ക് ഓക്സിജൻ ലഭിക്കില്ലേ',് കെജ്രിവാൾ ചോദിച്ചു.'ഓക്‌സിജന്റെ അഭാവം മൂലം ഡൽഹിയിലെ ആശുപത്രിയിലെ ഒരു രോഗി മരിക്കാൻ കിടക്കുമ്പോൾ ഞാൻ ആരോടാണ് സംസാരിക്കേണ്ടതെന്ന് ദയവായി നിർദ്ദേശിക്കുക? ആളുകളെ ഇങ്ങനെ മരണത്തിന് വിട്ടുകൊടുക്കാൻ ഞങ്ങൾക്കാവില്ല. കർശന നടപടിയെടുക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു, അല്ലാത്തപക്ഷം വലിയ ദുരന്തമാണ് ഡൽഹിയിൽ ഉണ്ടാവാൻ പോകുന്നത്', അരവിന്ദ് കെജ്രിവാൾ പറഞ്ഞു.

ഡൽഹിക്ക് അനുവദിച്ച ഓക്സിജൻ ക്വാട്ട 378 മെട്രിക് ടണ്ണിൽ നിന്ന് 480 മെട്രിക് ടണ്ണായി കേന്ദ്രം അടുത്തിടെ ഉയർത്തിയിരുന്നു. എന്നാൽ 380 മെട്രിക് ടൺ ഓക്സിജൻ മാത്രമാണ് നഗരത്തിന് ലഭിച്ചതെന്ന് കെജ്രിവാൾ വെള്ളിയാഴ്ച പറഞ്ഞു. മറ്റ് സംസ്ഥാനങ്ങൾ ഡൽഹിയിലേക്കുള്ള ഓക്സിജൻ വിതരണം തടഞ്ഞതായും കെജ്രിവാൾ ആരോപിച്ചു. ട്രക്കുകൾ തടയുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ വിളിച്ച് സംസാരിക്കണമെന്നും അദ്ദേഹം പ്രധാനമന്ത്രി മോദിയോട് ആവശ്യപ്പെട്ടു.

'ഓക്സിജൻ കിട്ടാൻ ഞങ്ങളെ സഹായിക്കണം. മുഖ്യമന്ത്രിയായിരുന്നിട്ടും എനിക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല. രാത്രി ഉറങ്ങാനാവുന്നില്ല. എന്തെങ്കിലും അത്യാഹിതമുണ്ടായാൽ ദയവായി ക്ഷമിക്കുക,'' അരവിന്ദ് കെജ് രിവാൾ പറഞ്ഞു.ഒഡീഷയിൽ നിന്നും പശ്ചിമ ബംഗാളിൽ നിന്നും ഡൽഹിയിലേക്ക് വരാനിരിക്കുന്ന ഓക്സിജൻ ടാങ്കറുകൾ വിമാനത്തിൽ കയറ്റിയോ ഓക്സിജൻ എക്സ്പ്രസ് വഴിയോ എത്തിക്കണമെന്നും കെജ് രിവാൾ ആവശ്യപ്പെട്ടു.ഇതിനുപുറമെ കോവിഡ് വാക്സിന്റെ കാര്യത്തിൽ സംസ്ഥാനത്തിനും കേന്ദ്ര സർക്കാരിനും ഒരേ വില നിശ്ചയിക്കണമെന്നും അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെട്ടു.