ന്യൂഡൽഹി: രാജ്യത്ത് കോവിഡ് സാഹചര്യം രൂക്ഷമായി തുടരുന്നതിനിടെ നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തി. ഉത്തർപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഢ്, പുതുച്ചേരി മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രി ടെലിഫോണിണിൽ സംസാരിച്ചത്.

പല സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരെ വിളിച്ച് പ്രധാനമന്ത്രി കോവിഡ് -19 സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. കോവിഡ് സാഹചര്യത്തെക്കുറിച്ചം വാക്സിനേഷനെക്കുറിച്ചും പ്രധാനമന്ത്രി മോദിയുമായി വിശദമായ ചർച്ച നടത്തിയതായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്വിറ്ററിലൂടെ പറഞ്ഞു.

കിടക്കകളുടെ ലഭ്യത, ഓക്സിജൻ വിതരണം, സൗജന്യ പ്രതിരോധ കുത്തിവയ്‌പ്പ്, മെച്ചപ്പെട്ട ചികിത്സ എന്നിവയെക്കുറിച്ച് പ്രധാനമന്ത്രിയുമായി സംസാരിച്ചു. വാക്സിൻ പാഴാക്കൽ എങ്ങനെ തടയാം എന്നതിനെക്കുറിച്ചും പ്രധാനമന്ത്രി നിർദ്ദേശങ്ങൾ നൽകിയെന്നും ആദിത്യനാഥിന്റെ ഓഫീസ് ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.

സംസ്ഥാനത്ത് പരിശോധന വർധിപ്പിച്ചിട്ടുണ്ടെന്നും പോസിറ്റിവിറ്റി നിരക്ക് ക്രമമായി കുറയുന്നുണ്ടെന്നും സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളിൽ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും പ്രധാനമന്ത്രിയുമായുള്ള ആശയവിനിമയത്തിനിടെ ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ അറിയിച്ചു. കേസുകൾ വർധിച്ചുകൊണ്ടിരിക്കുന്ന പ്രദേശങ്ങളിൽ അധിക ടീമുകളെ വിന്യസിച്ചിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം സംസ്ഥാനത്തിന് ആവശ്യമായ വാക്സിനുകൾ നൽകണമെന്നും പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു.