ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി ശക്തിപ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിങ്കളാഴ്ച രാവിലെയോടെ യാസ് ചുഴലിക്കാറ്റായി മാറും. യാസ് ചുഴലിക്കാറ്റ് നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി വിലയിരുത്തി.

യാസ് ചുഴലിക്കാറ്റ് തീരം തൊടാനിടയുള്ള ഒഡിഷ, പശ്ചിമ ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ സ്ഥിതിഗതികളാണ് ഉന്നതതല യോഗത്തിൽ പ്രധാനമന്ത്രി വിലയിരുത്തിയത്. കിഴക്കൻ തീരങ്ങളിലെ സംസ്ഥാനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം കേന്ദ്രം നൽകി.

ചുഴലിക്കാറ്റ് വീശാനിടയുള്ള പ്രദേശങ്ങളിൽനിന്ന് ജനങ്ങളെ മുൻകൂട്ടി ഒഴിപ്പിക്കുന്ന കാര്യം ഉറപ്പുവരുത്തണമെന്ന് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിൽ മോദി പറഞ്ഞു.

അപകട സാധ്യതയുള്ള സ്ഥലങ്ങളിൽനിന്ന് ജനങ്ങൾ മാറ്റിത്താമസിപ്പിക്കുന്നതിന് സംസ്ഥാന സർക്കാരുകളുമായി ചേർന്ന് വേണ്ട കാര്യങ്ങൾ ചെയ്യാൻ മുതിർന്ന ഉദ്യോഗസ്ഥരോട് പ്രധാനമന്ത്രി നിർദേശിച്ചതായി പ്രധനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. വൈദ്യുതിയും ടെലഫോൺ സംവിധാനവും തകരാറിലായാൽ താമസം കൂടാതെ പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളണമെന്നും അദ്ദേഹം നിർദ്ദേശം നൽകി.

പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, ദേശീയ ദുരന്തനിവാരണ അഥോറിറ്റി, ടെലികോം, വൈദ്യുതി, സിവിൽ ഏവിയേഷൻ, ഭൗമശാസ്ത്രം എന്നീ വിഭാഗങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ആഭ്യന്തര മന്ത്രി അമിത് ഷായും മറ്റു മന്ത്രിമാരും യോഗത്തിൽ പങ്കെടുത്തു.

ടെലികോം, ഊർജ്ജം, റെയിൽവേ , ഭൗമശാസ്ത്ര മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരും ദുരന്തനിവാരണ സേന ഡിജിയും യോഗത്തിൽ പങ്കെടുത്തു.

കോവിഡ് ചികിത്സയ്ക്കും വാക്സിനേഷനും ഒരു തടസവും ഉണ്ടാവില്ലെന്ന് സംസ്ഥാന സർക്കാരുകൾ ഉറപ്പുവരുത്തണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

മെയ് 26 ന് വൈകുന്നേരം വടക്കൻ ഒഡിഷ- പശ്ചിമ ബംഗാൾ തീരത്ത് എത്തി പാരദ്വീപിനും സാഗർ ദ്വീപിനും ഇടയിൽ ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കാനാണ് സാധ്യത.

ചുഴലിക്കാറ്റ് തീരം തൊടുന്ന ഇടങ്ങളിലേക്ക് സൈന്യം കൂടുതൽ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതടക്കം നടപടികൾ പുരോഗമിക്കുകയാണ്. ദുരന്തനിവാരണ സേനയുടെ 75 സംഘങ്ങളെ പലയിടങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. നാവിക സേനയുടെ നാല് കപ്പലുകൾക്ക് രക്ഷപ്രവർത്തനത്തിന് തയ്യാറായിരിക്കാൻ നിർദ്ദേശം നൽകി. കോസ്റ്റ് ഗാർഡിന്റെ നേത്യത്വത്തിലും പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

ചുഴലിക്കാറ്റ് മുന്നറിയിപ്പ് കണക്കിലെടുത്ത് ബാംഗാൾ ഉൾക്കടലിൽ മീൻപിടുത്തം നിരോധിച്ചു. അതിനിടെ ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി വ്യാഴാഴ്ച വരെ കേരളത്തിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. തെക്കൻ കേരളത്തിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടലിൽ മെയ്‌ 22ന് രൂപപ്പെട്ട ന്യൂനമർദ്ദം മെയ് 23 രാവിലെയോടെ തീവ്ര ന്യൂനമർദ്ദമാകുമെന്നും ഇത് വടക്ക്-വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് മെയ് 24-ഓടെ ശക്തി പ്രാപിച്ച് ചുഴലിക്കാറ്റാകുമെന്നുമാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തുടർന്ന് അടുത്ത 24 മണിക്കൂറിൽ വീണ്ടും ശക്തി പ്രാപിച്ച് അതിശക്തമായ ചുഴലിക്കാറ്റായി മാറും.

തുടർന്നും വടക്ക്-വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് മെയ് 26 ന് രാവിലെ പശ്ചിമ ബംഗാളിനും വടക്കൻ ഒഡിഷ തീരത്തിനുമിടയിൽ എത്തിച്ചേർന്ന് മെയ് 26 ന് വൈകുന്നേരത്തോടെ പശ്ചിമ ബംഗാളിനും ഒഡിഷയുടെ വടക്കൻ തീരത്തിനുമിടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഒഡീഷയിലും പശ്ചിമ ബംഗാളിലും ചുഴലിക്കാറ്റിന്റെ ആഘാതം കൂടാതെ, ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും കിഴക്കൻ തീരത്തെ ജില്ലകളിലും വ്യാപകമായ മഴയുണ്ടാകാം, ഇത് ചില ഉൾനാടൻ മേഖലകളിൽ വെള്ളപ്പൊക്കത്തിന് കാരണമായേക്കാമെന്നും മുന്നറിയിപ്പുണ്ട്. ദേശീയ ദുരന്ത നിവാരണ സേന ബന്ധപ്പെട്ട സംസ്ഥാനങ്ങളിലേക്ക് വേണ്ട മുന്നൊരുക്കങ്ങൾ നടത്തി വരികയാണ്.

ഒഡീഷയിലെ 30 ജില്ലകളിലെ 14 എണ്ണത്തിലും അതീവജാഗ്രതാ നിർദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ത്യൻ നാവിക സേനയുടേയും തീര സംരക്ഷണ സേനയുടേയും സഹായം ഒഡീഷ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

ഒഡീഷ, പശ്ചിമ ബംഗാൾ, ആന്ധ്രപ്രദേശ് എന്നിവടങ്ങളിലൂടെ അടുത്ത ആഴ്ചയിൽ കടന്നുപോകുന്ന 22 ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.