ന്യൂഡൽഹി: ടോക്കിയോ ഒളിംപിക്സിൽ പങ്കെടുത്ത കായികതാരങ്ങളെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിലേക്ക് അതിഥികളായി ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയിൽ നടക്കുന്ന ചടങ്ങുകളിലേക്ക് വിശിഷ്ട അതിഥികളായാണ് ക്ഷണം. ആഘോഷ സമയത്ത് പ്രധാനമന്ത്രി എല്ലാവരേയും നേരിട്ട് കാണുകയും അഭിനന്ദനം അറിയിക്കുയും ചെയ്യും.

ചെങ്കോട്ടയിലെ പരിപാടിക്ക് പിന്നാലെ പ്രത്യേക വിരുന്നിനായി പ്രധാനമന്ത്രിയുടെ വസതിയിലേക്കും സംഘത്തിന് ക്ഷണമുണ്ട്. 2020 ടോക്കിയോ ഒളിമ്പിക്സിൽ 18 കായിക ഇനങ്ങളിൽ പങ്കെടുക്കാൻ ഇന്ത്യ 228 അംഗ ശക്തമായ സംഘത്തെയാണ് അയച്ചത്. 

ചരിത്രത്തിലെ ഏറ്റവും വലിയ സംഘമാണ് ഇന്ത്യയിൽ നിന്ന് ഇക്കുറി ഒളിംപിക്സിൽ പങ്കെടുത്തത്. ടോക്കിയോ ഒളിംപിക്സിൽ മൂന്ന് മെഡൽ ഇതുവരെ ഇന്ത്യ ഉറപ്പാക്കി. ഭാരോദ്വഹനത്തിൽ മീരബായ് ചനു വെള്ളി നേടിയപ്പോൾ ബാഡ്മിന്റണിൽ പി വി സിന്ധു വെങ്കലം നേടി. ബോക്സിംഗിൽ മെഡലുറപ്പിച്ച ലൊവ്ലിന ബോർഗോഹെയ്നാണ് മറ്റൊരു താരം. ഹോക്കിയിൽ അടക്കം മെഡൽ പ്രതീക്ഷ നിലനിൽക്കുകയാണ്.