ന്യൂഡൽഹി: ടോക്യോ ഒളിംപിക്സിൽ പങ്കെടുത്ത് തിരിച്ചെത്തിയ കായികതാരങ്ങളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി . താരങ്ങളോട് കുശലം പറഞ്ഞും ഉപദേശങ്ങൾ നൽകിയുമായിരുന്നു കൂടിക്കാഴ്ച. മറ്റെന്തിനെക്കാളും സ്പോർട്സിനെയും സ്പോർട്സ് താരങ്ങളെയും സ്നേഹിക്കണമെന്നും താരങ്ങളെയും അവരുടെ നേട്ടങ്ങളെയും ബഹുമാനിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

സ്പോർട്സ് ഒരു രാജ്യത്തെ ഉയർത്തിക്കൊണ്ടുവരുമെന്ന് മനസ്സിലാക്കണം. 2016ൽ തന്നെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി പദ്ധതി ആവിഷ്‌കരിച്ചു. അതിന്റെ ഫലമാണ് എല്ലാവരിലും കണ്ടത്. ഉന്നത കായികതാരങ്ങൾ കടന്നുപോകുന്ന മനഃശാസ്ത്രപരമായ പ്രശ്നങ്ങൾ മനസ്സിലാക്കണം. മെഡൽ ഇല്ലെങ്കിലും അവർ മികച്ചവരാണെന്ന് ബോധ്യപ്പെടുത്തണം. പലരും ഇത് മനസ്സിലാക്കുന്നില്ല.

ഒരു താരം വിജയിക്കുമ്പോൾ മാത്രമേ എല്ലാവരും പുകഴ്‌ത്തൂ. അവർ വിജയിക്കാൻ നടത്തുന്ന കഠിനാധ്വാനത്തെ ആരും വിലമതിക്കുന്നില്ല. അവരുടെ കഠിനാധ്വാനത്തെയും അർപ്പണബോധത്തെയും അഭിനന്ദിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

സ്വന്തം വസതിയിലൊരുക്കിയ വിരുന്നിനിടെ താരങ്ങളുമായി സൗഹൃദ സംഭാഷണം നടത്തി. വിരുന്നിനിടെ ഇന്ത്യൻ ഹോക്കി സംഘത്തിനടുത്തെത്തിയ മോദി ടീമിനെ അഭിനന്ദിച്ചു. ഇന്ത്യൻ ഹോക്കി ടീം ഗോൾകീപ്പറും മലയാളിയുമായ പി.ആർ ശ്രീജേഷുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കുശലം പങ്കിട്ടു.

നിങ്ങൾ ഇപ്പോൾ പഞ്ചാബി പഠിച്ചുകാണുമല്ലോ എന്നായിരുന്നു മോദി ശ്രീജേഷിനോട് ചോദിച്ചത്. ഇല്ല, ഇപ്പോൾ താനിവരെ മലയാളം പഠിപ്പിക്കുകയാണെന്നായിരുന്നു ശ്രീജേഷിന്റെ മറുപടി.

ജർമനിക്കെതിരേ ജയിച്ച ശേഷം എങ്ങനെ ഗോൾപോസ്റ്റിന് മുകളിൽ കയറി എന്നായിരുന്നു മോദിയുടെ അടുത്ത ചോദ്യം. ''അതെന്റെ വീടാണ്. 21 വർഷത്തോളമായി ഞാൻ അതിനടുത്താണ്. ആ ഒരു എക്സൈറ്റ്മെന്റിൽ മുകളിൽ കയറിപ്പോയതാണ്.'' എന്നായിരുന്നു ഇതിന് ശ്രീജേഷിന്റെ മറുപടി.

ഒളിമ്പിക് സെമിയിൽ ബെൽജിയത്തോട് തോറ്റ ശേഷം തങ്ങളെ ഫോൺ വിളിച്ച് ആശ്വസിപ്പിച്ചതിന് പ്രധാനമന്ത്രിയോട് ശ്രീജേഷ് നന്ദിയറിയിക്കുകയും ചെയ്തു. വെങ്കല മെഡൽ പോരാട്ടത്തിൽ ജർമനിയെ 5-4ന് തോൽപ്പിച്ചാണ് ഒളിമ്പിക്സിൽ 41 വർഷത്തിനു ശേഷം ഇന്ത്യ ഒരു മെഡൽ സ്വന്തമാക്കിയത്.

 

വിജയം ഒരിക്കലും തലയ്ക്കു പിടിക്കരുതെന്നും പരാജയം മനസിൽ കൊണ്ടുനടക്കരുതെന്നും ടോക്യോ ഒളിംപിക്സിലെ ഇന്ത്യയുടെ സ്വർണമെഡൽ ജേതാവായ നീരജ് ചോപ്രയോട് പ്രധാനമന്ത്രി പറഞ്ഞു. ഒളിംപിക്സ് ജാവലിൻ ത്രോയിൽ രണ്ടാമത്തെ ത്രോ കഴിഞ്ഞപ്പോൾ താങ്കൾ ഒരുപാട് ആത്മവിശ്വാസത്തിലായിരുന്നുവല്ലോ എന്നും എന്താണ് ഇത്രയും ആത്മവിശ്വാസം തോന്നാൻ കാരണമെന്നും പ്രധാനമന്ത്രി ചോദിച്ചു.

 

ആത്മവിശ്വാസം വരുന്നത് പരീശീലനത്തിൽ നിന്നാണെന്നും തന്റെ പരിശീലനം മികച്ചതായിരുന്നുവെന്നും നീരജ് മറുപടി നൽകി. അതുകൊണ്ടാണ് രണ്ടാമത്തെ ത്രോ കഴിഞ്ഞപ്പോൾ തന്നെ അത്രത്തോളം ആത്മവിശ്വാസമുണ്ടായത്. നമ്മുടെ പ്രകടനം എതിരാളകളുടെ പ്രകടനത്തെക്കൂടി ആശ്രയിച്ചാണിരിക്കുന്നത്. അപ്പോഴും നമ്മുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ നമുക്ക് കഴിയണം-നീരജ് പറഞ്ഞു.


വിജയം തലയ്ക്കു പിടിക്കരുതെന്നും പരാജയങ്ങൾ ഒരിക്കലും മനസിൽ കൊണ്ടുനടക്കരുതെന്നും പ്രധാനമന്ത്രി നീരജിനോട് പറഞ്ഞു. ഒളിംപിക്സ് ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ട്രാക്ക് ആൻഡ് ഫീൽഡ് ഇനത്തിൽ സ്വർണം നേടുന്നത്. ടോക്യോ ഒളിംപിക്സിലെ ഇന്ത്യയുടെ ഏക സ്വർണമെഡലുമായിരുന്നു നീരജ് നേടിയത്. നീരജിന്റെ സ്വർണനേട്ടം ടോക്യോ ഒളിംപിക്സിലെ ഏറ്റവും മികച്ച 10 സുവർണ നിമിഷങ്ങളിലൊന്നായി വേൾഡ് അത്ലറ്റിക്സ് തെരഞ്ഞെടുത്തിരുന്നു.



വിനയ് ഫോഗട്ടുമായി പ്രധാനമന്ത്രി നടത്തിയ സംഭാഷണം മാതൃകാപരമായിരുന്നു. രാഷ്ട്രീയത്തിനും ഫെഡറേഷന്റെ താൽപര്യങ്ങൾക്കും അതീതമായി കായികതാരങ്ങളെ പരിഗണിക്കണമെന്ന സന്ദേശമാണ് അദ്ദേഹം നൽകിയത്. ബജ്രംഗിന്റെ കാൽമുട്ട്, ലവ്ലിനയുടെ അമ്മ, ശ്രീജേഷ് പോസ്റ്റിൽ ഇരുന്നത്, രണ്ടാമത്തെ ഏറിന് ശേഷം നീരജ് ആഘോഷിച്ചത്, സെമി തോൽവിയിൽ ദഹിയ സഹതാരങ്ങളെ ആശ്വസിപ്പിച്ചത്...തുടങ്ങി എല്ലാ കാര്യങ്ങളും പ്രധാനമന്ത്രി എടുത്തെടുത്ത് പറഞ്ഞു. ഒരു കടുത്ത കായിക പ്രേമി മാത്രം ശ്രദ്ധിക്കുന്ന കാര്യങ്ങൾ പോലും പ്രധാനമന്ത്രിയുടെ കഴിവ് എല്ലാവരെയും അത്ഭുതപ്പെടുത്തി. താരങ്ങളോട് കുശലം പറഞ്ഞും ഉപദേശങ്ങൾ നൽകിയും പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ച രസകരമായാണ് അവസാനിച്ചത്.