ന്യൂഡൽഹി: യു എസ് സന്ദർശനം പൂർത്തിയാക്കി രാജ്യത്ത് മടങ്ങിയെത്തിയതിന് പിന്നാലെ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാത്രി 8.45ഓടെയാണ് പ്രധാനമന്ത്രി സെൻട്രൽ വിസ്ത സൈറ്റിൽ എത്തിയത്. മുൻകൂട്ടി അറിയിപ്പും സുരക്ഷാ ക്രമീകരണങ്ങളും ഇല്ലാതെയാണ് പ്രധാനമന്ത്രി എത്തിയത്. ഒരു മണിക്കൂറോളം അദ്ദേഹം സൈറ്റിൽ ചെലവഴിക്കുകയും നിർമ്മാണ പുരോഗതി വിലയിരുത്തുകയും ചെയ്തു.

കെട്ടിട നിർമ്മാണ തൊഴിലാളികളോടും പ്രധാനമന്ത്രി കാര്യങ്ങൾ ചോദിച്ചറിഞ്ഞു.പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണ പുരോഗതിയും അദ്ദേഹം നേരിട്ട് പരിശോധിച്ചു. കോവിഡ് ഉയർത്തിയ പ്രതിസന്ധികൾക്കിടയിലും സെൻട്രൽ വിസ്ത പദ്ധതി ദ്രുതഗതിയിൽ മുന്നോട്ട് പോവുകയാണ്.

ഡൽഹിയിൽ പ്രതിരോധ ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടന വേളയിൽ സെൻട്രൽ വിസ്റ്റ പദ്ധതിയെ വിമർശിക്കുന്നവർക്കെതിരെ മോദി സംസാരിച്ചിരുന്നു. സെൻട്രൽ വിസ്റ്റ പദ്ധതിയെ എതിർക്കുന്നവർ പ്രതിരോധ കോംപ്ലക്‌സ് പദ്ധതിയും അതിന്റെ ഭാഗമാണെന്ന് അവഗണിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. പദ്ധതികളെ സംബന്ധിച്ച് ചിലർ നുണ പ്രചരിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.



പാർലമെന്റ് മന്ദിര നിർമ്മാണം നിശ്ചയിച്ച സമയത്ത് തന്നെ പൂർത്തിയാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. നേരത്തെ, സെൻട്രൽ വിസ്ത പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്ന ഹർജി സുപ്രീംകോടതിയും തള്ളിയിരുന്നു. രണ്ടാം കോവിഡ് തരംഗത്തിനിടയിൽ നിയന്ത്രണങ്ങൾ ലംഘിച്ച് നിർമ്മാണം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരക്കുപിടിച്ച ഔദ്യോഗിക ജീവിതത്തെക്കുറിച്ച് നിരവധി ചർച്ചകൾ നേരത്തെ തന്നെ നടന്നിട്ടുണ്ട്. വിമാന യാത്രയിലും വിശ്രമമില്ലാതെ രാജ്യത്തിനായുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതനാണ് അദ്ദേഹം. അമേരിക്കൻ യാത്രയ്ക്കിടെ നിർണായകമായ ഇരുപത്തിനാല് നിർണായക യോഗങ്ങളിലാണ് അദ്ദേഹം പങ്കെടുത്തത്. ഇതിൽ നാലെണ്ണം വിമാനത്തിൽ വച്ചായിരുന്നു. ഇതെല്ലാം കഴിഞ്ഞ് തിരിച്ചെത്തിയാണ് അദ്ദേഹം പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണം പരിശോധിക്കാനെത്തിയത്.



ശനിയാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 6.30 മണിക്ക് പ്രധാനമന്ത്രി ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ പ്രസംഗിക്കുകയായിരുന്നു. ഐക്യരാഷ്ട്ര സഭാ സമ്മേളനത്തിന് ശേഷം ഇന്നലെ രാത്രി തന്നെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് തിരിക്കുകയും ചെയ്തു. 

ഡൽഹിയിലെത്തിയ അദ്ദേഹം  രാവിലെ ഓൾ ഇന്ത്യാ റേഡിയോയുടെ പ്രതിമാസ സംവാദ പരിപാടിയായ മൻ കി ബാത്തിലും പങ്കെടുത്തു. പിന്നീട് ഒഡീഷ മുഖ്യമന്ത്രി നവീൻ പാട്‌നായ്ക്കിനെയും ആന്ധ്രാ മുഖ്യൻ ജഗൻ മോഹൻ റെഡ്ഢിയെയും വിളിച്ചു ഗുലാബ് ചുഴലിക്കാറ്റിനെ നേരിടാനുള്ള തയ്യാറാടുപ്പിനെ പറ്റി ചർച്ച ചെയ്തു .