പട്ന: ബീഹാർ തെരഞ്ഞെടുപ്പിൽ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കവേ ആർ.ജെ.ഡിയേയും പ്രതിപക്ഷ കക്ഷികളെയും രാഷ്ട്രീയമായി കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബീഹാറിലെ 15 വർഷത്തെ ലാലു പ്രസാദ് യാദവിന്റെയും റാബ്രി ദേവിയുടെയും ഭരണം ജംഗിൾ രാജാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ജംഗിൾ രാജിന്റെ ഉപജ്ഞാതാക്കളായവർക്ക് ഭാരത് മാതാ കീ ജയിയും, ജയ് ശ്രീറാമും ബീഹാറിലെ ജനങ്ങൾ വിളിക്കുന്നത് കേൾക്കാൻ താത്പര്യമില്ലെന്ന വർഗീയ പരാമർശമാണ് മോദി സഹസ്ര മണ്ഡലത്തിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് പറഞ്ഞത്.

'' ബീഹാറിലെ ജനങ്ങൾ ഭാരത് മാതാ കീ ജയിയും, ജയ് ശ്രീറാമും വിളിക്കുന്നത് ഇഷ്ടപ്പെടാത്ത ചിലരുണ്ട്. അവരെല്ലാം ഒത്തുചേർന്ന് ഇപ്പോൾ വോട്ട് ചോദിക്കുകയാണ്. ഇവർക്ക് അർഹിക്കുന്ന മറുപടി നൽകേണ്ടത് ആവശ്യമാണ്'', പ്രധാനമന്ത്രി പറഞ്ഞു. വാർത്താ ഏജൻസികളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡെയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.ബീഹാറിലെ നിതീഷ് കുമാർ-ബിജെപി ഭരണം ജനങ്ങളിൽ നിന്ന് അരക്ഷിതത്വവും, ഇരുട്ടും നീക്കിയെന്നും ബീഹാറിന്റെ ശോഭനമായ ഭാവിക്ക് വേണ്ടി എൻ.ഡി.എക്ക് വോട്ട് ചെയ്യണമെന്നും മോദി ആവശ്യപ്പെട്ടു.

ബീഹാറിൽ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് കൂടി ബാക്കി നിൽക്കെ ആത്മനിർഭർ ഭാരത് പദ്ധതി ഉയർത്തിക്കാട്ടിയും മോദി വോട്ടു ചോദിച്ചു. ദാരിദ്ര്യ നിർമ്മാർജനമെന്ന വാഗ്ദാനം കോൺഗ്രസ് വെറുതെ ആവർത്തിക്കുകയാണെന്നും തെറ്റായ വാഗ്ദാനങ്ങൾ നൽകിയതുകൊണ്ടാണ് പാർലമെന്റിൽ കോൺഗ്രസ് 100 സീറ്റുപോലും തികയ്ക്കാതെ ചുരുങ്ങിപ്പോയതെന്നും മോദി പറഞ്ഞു.


കോവിഡ് പശ്ചാത്തലത്തിലും ബീഹാറിൽ പോളിങ്ങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയ ജനങ്ങൾക്കും തെരഞ്ഞടുപ്പ് പ്രക്രിയയിൽ സജീവമായി മുമ്പിൽ നിൽക്കുന്നവർക്കും മോദി നന്ദി പറഞ്ഞു.മധ്യ ബീഹാറിലെ തിർഹട്ട്, മിഥിലാഞ്ചൽ കോസി മേഖലകൾ ഉൾപ്പെടുന്ന പ്രദേശങ്ങളിലും പട്‌ന, നളന്ദ ജില്ലകളിലെ ചില പ്രദേശങ്ങളിലുമാണ് ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്നത്.