ന്യൂഡൽഹി: നമുക്ക് വെറും വ്യവസ്ഥിതി മാത്രമല്ല ഇന്ത്യക്ക് ജനാധിപത്യമെന്നും അത് നമ്മുടെ പ്രകൃതത്തിലും ജീവിതത്തിന്റെ അംശവുമായി ഉൾച്ചേർന്നിരിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. 82-ാമത് ഓൾ ഇന്ത്യ പ്രിസൈഡിങ് ഓഫീസേഴ്സ് കോൺഫറൻസ് വീഡിയോ കോൺഫറൻസ് മുഖാന്തരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കണമെങ്കിൽ എല്ലാവരെയും ചേർത്ത് മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. വരും വർഷങ്ങളിൽ രാജ്യത്തെ നമുക്ക് പുതിയ ഉയരങ്ങളിലേക്ക് എത്തിക്കേണ്ടതുണ്ട്. അനന്യസാധാരണമായ ലക്ഷ്യങ്ങൾ കൈവരിക്കേണ്ടതുമുണ്ട്. എല്ലാവരുടെയും ശ്രമത്തോടെ മാത്രമേ അത് നമുക്ക് സാധ്യമാക്കാൻ കഴിയൂവെന്നും മോദി പറഞ്ഞു.

സഭകളിൽ നിലവാരമുള്ളതും ആരോഗ്യപരവുമായ ചർച്ചകൾക്കായി പ്രത്യേക സമയം വേണമെന്ന ആശയവും പ്രധാനമന്ത്രി മുന്നോട്ടുവെച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ പരസ്പരം ഉന്നയിക്കുന്നതിന് പകരം ഗൗരവതരവും മാന്യതയുള്ളതുമാകണം ഇത്തരം ചർച്ചകളെന്നും മോദി കൂട്ടിച്ചേർത്തു. ഇന്ത്യൻ മൂല്യങ്ങളിൽ അധിഷ്ഠിതമായിരിക്കണം സഭാസാമാജികരുടെ പെരുമാറ്റമെന്നും മോദി കൂട്ടിച്ചേർത്തു.