ന്യൂഡൽഹി: തമിഴ്‌നാട് ഊട്ടിക്ക് സമീപം കുനൂരിൽ ഹെലികോപ്ടർ അപകടത്തിൽ മരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെയും മറ്റു സൈനിക ഉദ്യോഗസ്ഥരുടേയും മൃതദേഹം ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റുവാങ്ങും. മൃതദേഹങ്ങൾ രാത്രിയിൽ ഡൽഹിയിലെത്തിക്കുമ്പോൾ വിമാനത്താവളത്തിൽ പ്രധാനമന്ത്രി എത്തും.പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടാകും. രാത്രി 9.15 ന് വിമാനത്താവളത്തിലെത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദും ജനറൽ ബിപിൻ റാവത്തിന് അന്ത്യാഞ്ജലി അർപ്പിക്കും.

ഡൽഹിയിലെ പാലം വ്യോമസേന വിമാനത്താവളത്തിൽ രാത്രി എട്ട് മണിയോടെ എത്തിക്കുന്ന മൃതദേഹങ്ങൾ ടെക്‌നിക്കൽ ഏരിയയിലേക്ക് മാറ്റും. ഇവിടെ വച്ച് പ്രധാനമന്ത്രി മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, പ്രതിരോധ സഹമന്ത്രി അജയ് ഭട്ട്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും മറ്റ് 11 ഉദ്യോഗസ്ഥരുടെയും ഭൗതികാവശിഷ്ടങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കും.

ബിപിൻ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റേയും സംസ്‌കാരം വെള്ളിയാഴ്ച ഡൽഹിയിൽ നടക്കും. നടപടിക്രമങ്ങൾ പൂർത്തിയാക്കി വ്യാഴാഴ്ച രാത്രി ഏഴരയോടെ വ്യോമസേനയുടെ വിമാനത്തിലാണ് മൃതദേഹം ഡൽഹിയിലെത്തുമെന്നാണ് റിപ്പോർട്ട്. വെള്ളിയാഴ്ച ഔദ്യോഗിക വസതിയിൽ രാവിലെ 11 മണി മുതൽ 2 മണി വരെ പൊതുദർശനത്തിന് വെക്കും. കാമരാജ് മാർഗിൽ നിന്നും വിലാപയാത്രയായി മൃതദേഹം ഡൽഹി കന്റോൺമെന്റിലെത്തിക്കും. ബ്രോർ സ്‌ക്വയറിൽ ഔദ്യോഗിക ബഹുമതികളോടെ ആയിരിക്കും സംസ്‌കാര ചടങ്ങുകൾ നടക്കുക.

അപകടത്തിൽ വീണ്ടെടുത്ത മൃതദേഹങ്ങൾ തിരിച്ചറിയാനാവാത്ത അവസ്ഥയിലെന്ന് റിപ്പോർട്ട്. ഹെലികോപ്റ്റർ അപകടത്തിന്റെ തീവ്രതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് വ്യോമസേനാവൃത്തങ്ങളെ ഉദ്ധരിച്ച് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്തു. ബിപിൻ റാവത്ത്, റാവത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽ.എസ്. ലിഡ്ഡർ എന്നിവർ ഉൾപ്പെടെ നാലുപേരുടെ മൃതദേഹങ്ങൾ മാത്രമാണ് തിരിച്ചറിയാൻ സാധിച്ചതെന്ന് അധികൃതർ അറിയിച്ചു. മറ്റുള്ളവരുടെ മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലായിരുന്നു.

അപകടത്തിന്റെ തീവ്രതയാണ് മൃതദേഹാവശിഷ്ടങ്ങൾ തിരിച്ചറിയുന്നത് ദുഷ്‌കരമാക്കുന്നതിലേക്ക് നയിച്ചത്. പ്രിയപ്പെട്ടവരെ നഷ്ടമായവരുടെ വികാരം മാനിച്ച്, മൃതദേഹാവശിഷ്ടങ്ങൾ തിരിച്ചറിയാൻ സാധ്യമായ എല്ലാ മാർഗങ്ങളും സ്വീകരിക്കും, സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

മരിച്ചവരുടെ അടുത്തബന്ധുക്കൾ ഡൽഹിയിലേക്ക് എത്തുന്നുണ്ട്. ഇവരാണ് മൃതദേഹാവശിഷ്ടങ്ങൾ തിരിച്ചറിയുക. ശാസ്ത്രീയമാർഗങ്ങൾക്കു പുറമേയാണ് അടുത്തബന്ധുക്കളുടെ സഹായം തേടുന്നത്. അപകടസ്ഥലത്തുനിന്ന് മൃതദേഹങ്ങൾ സൂലൂരിലേക്ക് മാറ്റിയിട്ടുണ്ട്. ഇത് വ്യോമസേനാ വിമാനത്തിലാണ് ഡൽഹിയിലേക്ക് എത്തിക്കുക.

ഖത്തർ സന്ദർശനത്തിന് പുറപ്പെട്ട കരസേന ഉപമേധാവി ലഫ്റ്റനന്റ് ജനറൽ സിപി മൊഹന്തി സന്ദർശനം വെട്ടിച്ചുരുക്കി ഡൽഹിയിലേക്ക് തിരിച്ചു. അതിനിടെ, അപകടത്തിൽപ്പെട്ട വ്യോമസേന ഹെലിക്കോപ്റ്ററിന്റെ ഫ്‌ളൈറ്റ് ഡാറ്റ റെക്കോർഡർ അന്വേഷണ സംഘത്തിന് ലഭിച്ചതായി റിപ്പോർട്ടുണ്ട്. അപകടസമയത്ത് എന്താണ് സംഭവിച്ചത് എന്നറിയാൻ ഫ്‌ളൈറ്റ് ഡാറ്റ റെക്കോർഡർ സഹായിക്കും.

അപകടസ്ഥലത്ത് വ്യോമസേന ഉദ്യോഗസ്ഥർ അടക്കമുള്ളവരുടെ പരിശോധന തുടരുകയാണ്. വിങ് കമാൻഡർ ഭരദ്വാജിന്റെ നേതൃത്വത്തിലാണ് പരിശോധന. 25 പേരാണ് പരിശോധനാ സംഘത്തിലുള്ളത്. വ്യോമസേനാ മേധാവി വിവേക് റാം ചൗധരിയും സ്ഥലത്തെത്തി പരിശോധന നടത്തി. ഫ്ലൈറ്റ് റെക്കോർഡർ പരിശോധനയിലൂടെ സുരക്ഷാസംവിധാനത്തിൽ ഏതെങ്കിലും വിധത്തിലുള്ള പാളിച്ച ഉണ്ടായോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധനയിൽ വ്യക്തമാകും.

ഊട്ടിക്കടുക്ക് കുനൂരിൽ ഇന്നലെ ഉച്ചയ്ക്കാണ് രാജ്യത്തെ നടുക്കിയ അപകടം ഉണ്ടായത്. സുലൂരുവിൽ നിന്നും വെല്ലിങ്ടണിൽ ഒരു സൈനിക പരിപാടിക്കായാണ് സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും ഭാര്യ മധുലികയും മറ്റ് 12 പേരും പോയത്. രാവിലെ വെല്ലിങ്ടണിലെ സൈനിക താവളത്തിൽ ബിപിൻ റാവത്തിന്റെയും സൈനികരുടേയും മൃതദേഹം പൊതുദർശനത്തിന് വെച്ചു.

തമിഴ്‌നാട് ഗവർണർ ആർ എൻ രവി, തെലങ്കാന ഗവർണർ തമിളിസൈ സൗന്ദർരാജൻ, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, സംസ്ഥാനമന്ത്രിമാർ, സൈനിക ഉദ്യോഗസ്ഥർ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിക്കാനായി എത്തി. അവിടെ നിന്നും റോഡുവഴി സുലൂർ സൈനികതാവളത്തിലെത്തിച്ച ശേഷമാണ് വിമാനമാർഗം ബിപിൻ റാവത്തിന്റേയും ഭാര്യയുടേയും മൃതദേഹം ഡൽഹിയിലേക്ക് എത്തിക്കുന്നത്.

വിലാപയാത്ര കടന്നുപോയ റോഡിന്റെ ഇരുവശത്തും നാട്ടുകാർ തടിച്ചുകൂടിയിരുന്നു. അന്തരിച്ച ധീരസൈനികർക്ക് ജനക്കൂട്ടം മുദ്രാവാക്യം മുഴക്കി അഭിവാദ്യം അർപ്പിക്കുകയും പുഷ്പാർച്ചന നടത്തുകയും ചെയ്തു. സുലൂരുവിലെ വ്യോമസേനാ താവളത്തിൽ എത്തിച്ച മൃതദേഹങ്ങളിൽ ഉദ്യോഗസ്ഥർ അന്തിമോപചാരം അർപ്പിച്ചു. നൂറുകണക്കിനാളുകളാണ് സൈനികർക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ റോഡിന് ഇരുവശത്തും ഒത്തുകൂടിയത്. പൂക്കൾ വിതറിയും വന്ദേമാതരം വിളിച്ചും സൈനികർക്ക് സല്യൂട്ട് നൽകിയും ജനം അവരെ യാത്രയാക്കി. വ്യോമസേനാ താവളത്തിലെ ഔദ്യോഗിക വിടവാങ്ങൽ ചടങ്ങിന് നാലരയോടെയാണ് പ്രത്യേക വിമാനത്തിൽ മൃതദേഹങ്ങൾ ഡൽഹിയിലേക്ക് കൊണ്ടു പോയത്.

വരുൺ സിങിനെ ബംഗലൂരുവിലേക്ക് മാറ്റി
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങിനെ വിദഗ്ധ ചികിത്സയ്ക്കായി ബംഗലൂരുവിലേക്ക് മാറ്റി. ഊട്ടി വെല്ലിങ്ടൺ സൈനിക ആശുപത്രിയിൽ നിന്നും റോഡുമാർഗം സുലൂർ വ്യോമതാവളത്തിൽ എത്തിച്ചശേഷം അവിടെ നിന്നും വിമാനമാർഗം ബംഗലൂരുവിലേക്ക് കൊണ്ടുപോകുകയായിരുന്നു. ബംഗലൂരുവിലെ കമാൻഡ് ഹോസ്പിറ്റലിലാണ് വരുൺ സിങിനെ പ്രവേശിപ്പിച്ചത്.

ഗുരുതരമായി പൊള്ളലേറ്റ വരുൺസിങിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു. വെന്റിലേറ്റർ സഹായത്തോടെയാണ് ചികിത്സ തുടരുന്നത്. ഏറ്റവും വിദഗ്ധ ചികിത്സ ഇദ്ദേഹത്തിന് ഉറപ്പാക്കുമെന്നും പ്രതിരോധമന്ത്രി വ്യക്തമാക്കിയിരുന്നു. ഹെലികോപ്ടർ ദുരന്തത്തിൽ രക്ഷപ്പെട്ട ഏക വ്യക്തി വരുൺ സിങാണ്. കോപ്ടറിലുണ്ടായിരുന്ന 14 പേരിൽ 13 പേരും അപകടത്തിൽ മരിച്ചു.