ന്യൂഡൽഹി: ഡൽഹിയിൽ കർഷക സമരം കടുക്കുന്നിനിടെ മുന്നറിയിപ്പുകളില്ലാതെ ഡൽഹിയിലെ രഖബ് ഗഞ്ച് സാഹിബ് ഗുരുദ്വാര സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുരു തേഖ് ബഹാദുറിന് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായിട്ടാണ് മുൻകൂർ അറിയിപ്പില്ലാതെ മോദി ഗുരുദ്വാരയിലെത്തിയത്. ശനിയാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ ചരമവാർഷികം.

പൊലീസ് ബന്തവസ്സില്ലാതെ, ഗതാഗത നിയന്ത്രണങ്ങളില്ലാതെ, സാധാരണക്കാരെ തടയാതെയായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനം. ഗുരുദ്വാരയിലെത്തിയ മോദി പ്രാർത്ഥനകൾ നടത്തി മടങ്ങി. ഒൻപതാം സിഖ് ഗുരുവായ ഗുരു തേഖ് ബഹാദുറിന്റെ ഭൗതികാവശിഷ്ടങ്ങൾ അടക്കം ചെയ്തിരിക്കുന്നത് രഖബ്ഗഞ്ചിലെ ഈ ഗുരുദ്വാരയിലാണ്. കാർഷിക നിയമങ്ങൾക്കെതിരായ സമരം ശക്തമാകുന്നതിനിടെയുള്ള മോദിയുടെ ഗുരുദ്വാര സന്ദർശനം കർഷകർക്കിടയിൽ മാറ്റം കൊണ്ടുവരുമെന്നാണു കണക്കാക്കപ്പെടുന്നത്.

ഗുരുദ്വര സന്ദർശിച്ച വിവരം പഞ്ചാബിയിലാണ് മോദി ട്വീറ്റു ചെയ്തു അറിയിച്ചത്. അതേസമയം, വിവാദ കാർഷിക നിയമങ്ങൾക്കെതിരായ കർഷക പ്രതിഷേധം ഡൽഹിയിൽ ശക്തിപ്പെടുകയാണ്. സമരം 25ാം ദിവസത്തിലേക്ക് കടന്നു. സർക്കാർ മുന്നോട്ട് വെക്കുന്ന അനുനയ നീക്കങ്ങളോട് കർഷകർ സഹകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചിരുന്നു.

വിവിധ പ്രാദേശിക ഭാഷകളിലായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറുമായി കൂടിക്കാഴ്ച നടത്തി. മൂന്നു ദിവസത്തിനകം കർഷകരുമായി വീണ്ടും കേന്ദ്ര സർക്കാർ ചർച്ച നടത്തുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മനോഹർ ലാൽ ഖട്ടർ പറഞ്ഞു. സുപ്രീംകോടതിയിലെ കേസിൽ സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ച് അഭിഭാഷകരുമായി കർഷക സംഘടനകളുടെ ചർച്ച തുടരുകയാണ്.

അതേസമയം കടുത്ത തീരുമാനവുമായി ആർ.എൽ.പി മുന്നോട്ട് പോകുന്നത് കേന്ദ്രത്തെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നുണ്ട്. പാർലമെന്ററി സമിതികളിൽ നിന്ന് ആർ.എൽ.പി അധ്യക്ഷനും എംപിയുമായ ഹനുമാൻ ബേനിവാൾ രാജിവെച്ചിരുന്നു. കേന്ദ്ര സർക്കാരിനെതിരായ പ്രക്ഷോഭത്തിനു വീര്യം കൂട്ടാൻ കൂടുതൽ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർ ഡൽഹിയിലേക്ക് തിരിച്ചു. മധ്യപ്രദേശിൽ നിന്നുള്ള ആയിരത്തോളം കർഷകർ കഴിഞ്ഞ ദിവസം പദയാത്ര ആരംഭിച്ചതിനു പിന്നാലെ മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്നുള്ളവരും ഡൽഹിയിലേക്കു പ്രകടനം നടത്തുമെന്നു പ്രഖ്യാപിച്ചു.

വിവാദ നിയമങ്ങൾ പിൻവലിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന കേന്ദ്രത്തിനെതിരെ പൊരുതാൻ കൂടുതൽ കർഷകരെ രംഗത്തിറക്കണമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മറ്റു സംസ്ഥാനങ്ങളിലെ കർഷക കൂട്ടായ്മകളെ പ്രക്ഷോഭകർ ബന്ധപ്പെട്ടത്. പഞ്ചാബ്, ഹരിയാന, യുപി എന്നിവയ്ക്കു പുറമേ മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നും കർഷകരെത്തുന്നതോടെ ഡൽഹിയിലേക്കുള്ള കൂടുതൽ പാതകൾ വരും ദിവസങ്ങളിൽ തടയുമെന്നു കർഷക സംഘടനകൾ മുന്നറിയിപ്പ് നൽകി.