ടോക്യോ: ഒളിംപിക്സ് പുരുഷ ഹോക്കിയിൽ ജർമനിയെ ഗോൾമഴയിൽ മുക്കി തോൽപ്പിച്ച ടീം ഇന്ത്യയ്ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നാലിനെതിരെ അഞ്ച് ഗോളുകൾക്കുള്ള ഇന്ത്യയുടെ വിജയത്തെ ചരിത്രമെന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. എല്ലാ ഇന്ത്യക്കാരുടെ മനസിലും ഈ ദിവസം കൊത്തിവയ്ക്കപ്പെട്ടതുപോലെ ഓർമ്മയിലുണ്ടാവുമെന്നാണ് പ്രധാനമന്ത്രി ട്വീറ്റിൽ കുറിച്ചത്.

വെങ്കല മെഡൽ ഇന്ത്യയിലേക്ക് എത്തിച്ച പുരുഷ ഹോക്കി ടീമിലെ ഓരോ അംഗങ്ങൾക്കും അഭിനന്ദനങ്ങൾ. രാജ്യത്തിന്റെ യുവതലമുറയ്ക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ് നേട്ടമെന്നും പ്രധാനമന്ത്രി വിശദമാക്കി.

41 വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ഹോക്കി ടീം ഇന്ത്യയിലേക്ക് ഒളിമ്പിക്‌സ് മെഡൽ കൊണ്ടുവന്നിരിക്കുന്നു. ജർമനിയെ 5-4 എന്ന സ്‌കോറിന് കീഴടക്കിയാണ് ഇന്ത്യ വിജയമാഘോഷിച്ചത്.

ഈ ചരിത്രവിജയത്തിന് പിന്നാലെ ഇന്ത്യൻ നായകൻ മൻപ്രീത് സിങ്ങിനെത്തേടി ഒരു ഫോൺ കോൾ വന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മൻപ്രീതിനെയും ഇന്ത്യൻ ടീമിനെയും അഭിനന്ദിച്ചുകൊണ്ടു വിളിച്ചത്.

'മൻപ്രീത്, നിങ്ങൾക്കും ഇന്ത്യൻ ടീമിനും ആശംസകൾ. നിങ്ങൾ വലിയൊരു നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. രാജ്യം മുഴുവൻ ഈ വിജയത്തിന്റെ സന്തോഷത്തിൽ നൃത്തം ചെയ്യുകയാണ്. എന്റെ ഹൃദയം നിറയുന്നു. എന്റെ ആശംസകൾ എല്ലാവരോടും പങ്കുവെയ്ക്കൂ. ഓഗസ്റ്റ് 15 ന് ഏവരെയും കാണാം'-മോദി പറഞ്ഞു.

സെമി ഫൈനലിൽ ബെൽജിയത്തോട് തോൽവി വഴങ്ങിയപ്പോഴും മോദി മൻപ്രീതിനെ വിളിച്ചിരുന്നു. മോദിയുടെ വാക്കുകൾ വിജയത്തിലേക്ക് നയിക്കാൻ ഊർജം പകർന്നുവെന്ന് മൻപ്രീത് പറഞ്ഞു. ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ ടോക്യോ ഒളിമ്പിക്‌സിൽ പങ്കെടുത്ത എല്ലാ കായികതാരങ്ങളെയും പ്രത്യേക അതിഥികളായി മോദി ചെങ്കോട്ടയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

1980ന് ശേഷം ഇതാദ്യമായാണ് ഹോക്കിയിൽ ഇന്ത്യ ഒളിംപിക് മെഡൽ നേടുന്നത്. ഒരുവേള 1-3ന് പിന്നിട്ടുനിന്ന ശേഷം അതിശക്തമായ തിരിച്ചുവരവിൽ ജയിച്ചുകയറുകയായിരുന്നു നീലപ്പട. മലയാളി ഗോളി പി ആർ ശ്രീജേഷിന്റെ പ്രകടനം ഇന്ത്യൻ ജയത്തിൽ നിർണായകമായിരുന്നു.ആദ്യ ക്വാർട്ടറിൽ തിമൂറിലൂടെ ജർമനി ലീഡെടുത്തിരുന്നു.

എന്നാൽ രണ്ടാം ക്വാർട്ടറിന്റെ തുടക്കത്തിൽ സിമ്രൻജീത് ഇന്ത്യയെ ഒപ്പമെത്തിച്ചു. വൈകാതെ വില്ലെൻ ജർമനിക്ക് വീണ്ടും മുൻതൂക്കം നൽകി. പിന്നാലെ ഫർക്കിലൂടെ ജർമനി 3-1ന്റെ വ്യക്തമായ ആധിപത്യം നേടുകയും ചെയ്തു. എന്നാൽ ഇതിന് ശേഷം ഇരട്ട ഗോളുമായി തിരിച്ചെത്തുന്ന ഇന്ത്യയെയാണ് ടോക്കിയോയിൽ കണ്ടത്.

റീബൗണ്ടിൽ നിന്ന് ഹർദിക് മത്സരത്തിൽ ഇന്ത്യയുടെ രണ്ടാം ഗോൾ നേടിയപ്പോൾ ഹർമൻപ്രീതാണ് മൂന്നാം ഗോളുമായി ഇന്ത്യയെ ഒപ്പമെത്തിച്ചു. ഇതോടെ സ്‌കോർ 3-3. ടൂർണമെന്റിൽ ഹർമൻപ്രീതിന്റെ ആറാം ഗോൾ കൂടിയാണിത്. മൂന്നാം ക്വാർട്ടറിലും ഇന്ത്യ അതിശക്തമായ തിരിച്ചുവരവ് തുടർന്നതോടെ ഗോൾമഴയായി. രൂപീന്ദറും സിമ്രൻജിതും ലക്ഷ്യം കണ്ടപ്പോൾ ഇന്ത്യ 5-3ന്റെ ലീഡ് കയ്യടക്കി.