ന്യൂഡൽഹി: കോവിഡ് പ്രതിരോധം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുഖ്യമന്ത്രിമാരുടെ യോഗം ചേരും. സംസ്ഥാനങ്ങളിലെ സ്ഥിതി പ്രധാനമന്ത്രി വിലയിരുത്തും. വൈകിട്ട് നാലരയ്ക്കാണ് യോഗം. ഞായറാഴ്ച ഉന്നതതല യോഗം ചേർന്ന് പ്രധാനമന്ത്രി സാഹചര്യം വിലയിരുത്തിയിരുന്നു.

അവലോകന യോഗത്തിൽ ഉയർന്ന നിർദേശങ്ങൾ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചർച്ച ചെയ്യും. രാജ്യവ്യാപക ലോക്ഡൗണിനു പകരം, സംസ്ഥാന തലത്തിൽ കൂടുതൽ നിയന്ത്രണങ്ങൾക്കാണു കേന്ദ്രം ആലോചിക്കുന്നത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിമാരുടെ അഭിപ്രായം തേടും. വരുംദിവസങ്ങളിൽ കോവിഡ് ഗണ്യമായി ഉയരുമെന്നു ദേശീയ സാങ്കേതിക ഉപദേശക സമിതിയുടെ മുന്നറിയിപ്പുണ്ട്.

അതേസമയം രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ടു ലക്ഷം കടന്നു. മഹാരാഷ്ട്രയിലും ഡൽഹിയിലും 24 മണിക്കൂറിനിടെ രോഗികളുടെ എണ്ണം കുത്തനെ ഉയർന്നു. മഹാരാഷ്ട്രയിൽ 46,723 പേരും ഡൽഹിയിൽ 27,561പേരും രോഗബാധിതരായി. ഡൽഹിയിൽ പോസിറ്റിവിറ്റി നിരക്ക് 26 ശതമാനമായി ഉയർന്നു.