ന്യൂഡൽഹി: കോവിഡിന്റെ രണ്ടാംതരംഗത്തിൽ വാക്‌സിനേഷനുള്ള പ്രാധാന്യം ഊന്നിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിരോധ കുത്തിവയ്പിന്റെ വേഗം കൂട്ടണമെന്ന് മോദി ആവശ്യപ്പെട്ടു. വാക്‌സിനേഷന്റെ വേഗത കുറയാതെ സംസ്ഥാനങ്ങൾ നോക്കണം. സംസ്ഥാനങ്ങളിലെ കോവിഡ് സാഹചര്യം വിലയിരുത്തുകയായിരുന്നു മോദി.

ലോക്ഡൗണിനിടയിലും പൗരന്മാർക്ക് വാക്‌സിൻ കുത്തിവെയ്‌പ്പിനുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നും വാക്‌സിനേഷന്റെ ഭാഗമായ ആരോഗ്യപ്രവർത്തകരെ മറ്റു ചുമതലകളിലേക്ക് മാറ്റരുതെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിങ്, നിർമലാ സീതാരാമൻ, ഹർഷ വർധൻ, പീയൂഷ് ഗോയൽ തുടങ്ങിയ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തിരുന്നു.

ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് സംസ്ഥാനങ്ങൾക്ക് സഹായവും മാർഗനിർദ്ദേശവും നൽകണമെന്ന് പ്രധാനമന്ത്രി മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും പറഞ്ഞു. മരുന്നുകളുടെ ലഭ്യതയും പ്രധാനമന്ത്രി അവലോകനം ചെയ്തു. റെംഡെസിവിർ ഉൾപ്പെടെയുള്ള മരുന്നുകളുടെ ഉത്പാദനം അതിവേഗം വർധിപ്പിക്കുന്നതിനെക്കുറിച്ചും മോദി യോഗത്തിൽ വിശദീകരിച്ചു.

മൂന്നാംഘട്ട കോവിഡ് വാക്‌സിനേഷന്റെ പുരോഗതിയും പ്രധാനമന്ത്രി വിലയിരുത്തി. ഏകദേശം 17.7 കോടി ഡോസ് വാക്‌സിൻ ഇതുവരെ സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്തു. 45 വയസിന് മുകളിലുള്ള 31 ശതമാനം ആളുകളെങ്കിലും ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്. രാജ്യത്തെ 12 സംസ്ഥാനങ്ങളിൽ ഒരുലക്ഷത്തിന് മുകളിൽ രോഗികൾ ചികിത്സയിലുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

അതേസമയം, രാജ്യത്ത് വിതരണം ചെയ്ത വാക്‌സിൻ ഡോസുകളുടെ ആകെ എണ്ണം 16.25 കോടി കടന്നു. ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താൽക്കാലിക കണക്കുപ്രകാരം, 29,34,844 സെഷനുകളിലായി 16,25,13,339 വാക്‌സിൻ ഡോസ് വിതരണം ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 19 ലക്ഷത്തിലധികം ഡോസുകളാണ് നൽകിയത്. വാക്‌സിനേഷൻ യജ്ഞത്തിന്റെ 110-ആം ദിവസം (മെയ് 5, 2021), 19,55,733 ഡോസ് വാക്‌സിൻ വിതരണം ചെയ്തു.

മൂന്നാം ഘട്ട വാക്സിനേഷൻ യജ്ഞം പുരോഗമിക്കുകയാണ്. 12 സംസ്ഥാനങ്ങളിലായി 18 മുതൽ 44 വയസ്സ് പ്രായമുള്ള 9,04,263 ഗുണഭോക്താകൾക്ക് ആദ്യ ഡോസ് വാക്‌സിൻ ലഭിച്ചു. രാജ്യത്ത് ഇതുവരെ 1,72,80,844 പേർ രോഗ മുക്തരായി. 81.99% ആണ് ദേശിയ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിൽ 3,29,113 പേർ രോഗ മുക്തരായി.

കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 4,12,262 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഡൽഹി, കർണാടക, കേരളം, ഹരിയാന, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, രാജസ്ഥാൻ എന്നീ 10 സംസ്ഥാനങ്ങളിലാണ് പുതിയ രോഗികളുടെ 72.19% ശതമാനവും. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ പ്രതിദിന കേസുകൾ - 57,640. 50,112 കേസുകളുമായി കർണാടക രണ്ടാമതും, 41,953 കേസുകളുമായി കേരളം മൂന്നാമതും ആണ്.

ഇന്ത്യയിലെ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 35,66,398 ആയി. ഇത് രാജ്യത്ത് ആകെ രോഗികളുടെ എണ്ണത്തിന്റെ 16.92% ആണ്.ദേശീയ മരണനിരക്ക് കുറയുകയാണ്. നിലവിൽ ഇത് 1.09% ആണ്. കഴിഞ്ഞ 24 മണിക്കൂറിൽ 3,980 മരണം റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ മരണം - 920. 353 മരണങ്ങളുമായി ഉത്തർ പ്രദേശ് രണ്ടാമതാണ്.